ഒരുപാട് പ്രതിസന്ധികളെ നേരിട്ട സംരംഭ സാധ്യതയായിരുന്നു ഒരുകാലത്ത് മുയൽകൃഷി. എന്നാൽ ഇന്ന് കേരളത്തിൽ നിരവധി പേർ മുയൽ കൃഷി ചെയ്തു മികച്ച ആദായം നേടുന്നുണ്ട്. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന സംരംഭം ആയതുകൊണ്ടുതന്നെ മുയൽ കൃഷിയുടെ സ്വീകാര്യത ഇക്കാലയളവിൽ വർധിച്ചുവരികയാണ്. പരിമിതമായ തീറ്റച്ചെലവ്, ഉയർന്ന പ്രജനന നിരക്ക്, കുറഞ്ഞ ഗർഭകാലം തുടങ്ങിയ അനുകൂലഘടകങ്ങൾ മുയൽ സംരംഭത്തിൽ ഏറെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ലോക് ഡൗൺകാലത്തെ ഒരു മുയൽകൃഷി വിജയകഥ
മുയലിറച്ചിക്ക് ആവശ്യക്കാർ ഏറെ ആയതുകൊണ്ട് വിജയസാധ്യത ഈ കൃഷിയിൽ ഉറപ്പിക്കാവുന്ന ഒന്നാണ്. മറ്റു ഇറച്ചി ഇനങ്ങൾ വെച്ച് മുയലിറച്ചി താരതമ്യപ്പെടുത്തുമ്പോൾ പോഷക ഗുണങ്ങൾ ഏറെയാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഏറെ സാധ്യതകളും കൂടുതലാണ്. ആരോഗ്യ മേന്മയേറിയ ഭക്ഷ്യവിഭവം എന്ന രീതിയിൽ ഈ രംഗത്ത് ഒരു മാർക്കറ്റിംഗ് കൂടെ നടത്തിയാൽ ഇരട്ടി ലാഭം നേടാം.
മുയൽ വളർത്തുമ്പോൾ(Rabbit Farming)
മുയൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും മനസ്സിൽ സൂക്ഷിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. പ്രധാനമായും മൂന്ന് രീതിയിലാണ് മുയൽ ഫാം നടത്തുന്നവർക്ക് ലാഭം വരുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് മുയലിറച്ചി വിൽപ്പനയാണ്. സീസൺ നോക്കി മുയലുകളെ വിപണിയിലേക്ക് എത്തിച്ചാൽ നല്ല വില തന്നെ ലഭ്യമാകും. നല്ല രീതിയിൽ വളർച്ചനിരക്ക് ഉള്ള ഇനങ്ങളെ വേണം ഇത്തരം ആവശ്യക്കാർ വളർത്തേണ്ടത്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ മുയലിറച്ചി ആവശ്യങ്ങൾക്ക് വേണ്ടി വിൽപ്പന നടത്തുന്നത് സോവിയറ്റ് ചിഞ്ചില, വൈറ്റ് ജെയ്ന്റ്,ന്യൂസിലാൻഡ് വൈറ്റ്, ഗ്രേ ജെയ്ന്റ് തുടങ്ങിയവയാണ്. ഇനി ഈ രംഗത്ത് ലാഭം നേടി തരാൻ മറ്റൊരു വഴി ബ്രീഡിങ് യൂണിറ്റുകൾ എന്ന രീതിയിൽ വിൽപ്പന നടത്തുന്നതാണ്. ബ്രീഡിങ് യൂണിറ്റുകൾ എന്ന രീതിയിൽ വിൽപ്പന നടത്തുമ്പോൾ പെൺ മുയലുകളും ആൺ മുയലുകളും ചേർന്ന യൂണിറ്റുകളാണ് നൽകുന്നത്. ഉദാഹരണത്തിന് 10 എണ്ണം വീതം ഉൾപ്പെടുന്ന ബ്രീഡിങ് യൂണിറ്റുകളാണ് നൽകുന്നതെങ്കിൽ പരമാവധി 10000 രൂപ വരെ ലാഭം നേടാം.
ബന്ധപ്പെട്ട വാർത്തകൾ: മുയൽ പരിപാലനം
മുകളിൽ പറഞ്ഞ ഇനങ്ങൾ തന്നെയാണ് ബ്രീഡിങ് യൂണിറ്റ് സംരംഭ സാധ്യതകൾക്കും മികച്ചത്. മുയൽ വാങ്ങുന്നവർ നല്ല ബ്രീഡർമാരെ കണ്ടെത്തി വാങ്ങണം എന്നതാണ് ഈ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടാതെ മറ്റൊരു സംരംഭ സാധ്യത പെറ്റ്സ് ഷോപ്പുകൾക്ക് മുയൽ കുഞ്ഞുങ്ങൾക്ക് നൽകലാണ്. ഈ രംഗത്ത് കൂടുതൽ ആവശ്യക്കാർ അലങ്കാര ഇനങ്ങൾക്ക് ആണ്. അലങ്കാര ഇനങ്ങൾ ചെറുപ്രായത്തിൽ തന്നെ വാങ്ങി ഏകദേശം നാലോ അഞ്ചോ മാസം പ്രായമാകുമ്പോൾ വില്പനയ്ക്ക് എത്തിക്കുമ്പോൾ നല്ല വില ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച മുയൽ ശേഖരമുണ്ടാകാൻ ബ്രീഡർമാർ ശ്രദ്ധിക്കേണ്ടത്