Features

ഈ കർഷക പ്രതിഭ കേരളക്കരയുടെ അഭിമാനതാരം

കർഷക പ്രതിഭ അഞ്ജു മാത്യു.

കൃഷിചെയ്യാൻ മനസ്സാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി കട്ടപ്പനക്കാരി അഞ്ജു മാത്യു. ഈ ചെറിയ പ്രായത്തിൽ കേരളക്കരയുടെ കയ്യടി ഏറ്റുവാങ്ങിയ ഈ മിടുക്കിയാണ് ഈ വർഷത്തെ സംസ്ഥാന സർക്കാരിൻറെ ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച കർഷക പ്രതിഭ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. സ്വയംപര്യാപ്തതയുടെ മുഖമുദ്രയാണ് അഞ്ജു. ലോക്ഡോൺ കാലത്ത് ഒരു മുയൽ ഫാം തുടങ്ങുകയും, അതിൽ നിന്ന് ഇന്ന് മികച്ച ആദായം നേടുകയും ചെയ്യുന്നുണ്ട് അഞ്ജു മാത്യു . 

കർഷക കുടുംബമാണ് അഞ്ജുവിന്റേത്. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബം. കൃഷിയുടെ ബാലപാഠങ്ങൾ അഞ്ജു പഠിച്ചത് തന്റെ അച്ഛനമ്മമാരിൽ നിന്നാണ്. തനിക്ക് അച്ഛനും അമ്മയും പകർന്നു തന്ന ആത്മവിശ്വാസവും, കരുത്തുമാണ് കാർഷികമേഖലയിലെ ഈ വിജയ തിളക്കത്തിന് കാരണമെന്ന് അഞ്ചു പറയുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ പുരസ്കാരം തൻറെ മുന്നോട്ടുള്ള കാർഷിക മേഖലയിലെ യാത്രയ്ക്ക് കൂടുതൽ പ്രചോദനം നൽകുന്നുവെന്ന് അഞ്ജു കൂടി ചേർക്കുന്നു.

ഇപ്പോൾ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ലോക്ഡോൺ കാലത്ത് ഓൺലൈൻ പഠനത്തിനുശേഷം ഒഴിവു കിട്ടുന്ന സമയത്ത് എന്തെങ്കിലും ആദായം ലഭ്യമാകുന്ന ഒരു കൊച്ചു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുകയും, അങ്ങനെ അഞ്ജുവിന് ഏറെ പ്രിയപ്പെട്ട മുയൽ കൃഷിയിലേക്ക് തിരിയുകയുമാണ് ഉണ്ടായത്. തുടക്കം രണ്ടു മുയൽ കുഞ്ഞുങ്ങളെ വെച്ചാണ് തുടങ്ങിയത്.

പക്ഷേ അതൊരു പരാജയമായിരുന്നു. എന്നാൽ തളരാതെ മുയൽ വളർത്തലിൽ മുന്നോട്ട് പോവുകയും, മുയൽ കൃഷി ലാഭകരമാക്കി മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയുമാണ് ചെയ്തത് ഈ മിടുക്കി. ഇതിനോടൊപ്പം തന്നെ എല്ലാത്തരം കൃഷികളും അഞ്ജു ചെയ്യുന്നുണ്ട്. വെണ്ട, ആപ്പിൾ തക്കാളി, കാബേജ്, വഴുതനങ്ങ, പച്ചമുളക്, വള്ളിപ്പയർ, റെഡ് ലേഡി പപ്പായ അങ്ങനെ എല്ലാ തരത്തിലുള്ള പച്ചക്കറികളുടെയും കലവറയാണ് അഞ്ജുവിന്റെ തോട്ടം.

ഈ പച്ചക്കറികളുടെ പ്രാദേശിക വിപണനവും, പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന ടെൻഡർ അനുസരിച്ച് പച്ചക്കറി തൈകളുടെ ഉല്പാദനവും അഞ്ജുവിന്റെ അച്ഛനമ്മമാരുടെ ഉടമസ്ഥതയിൽ നടക്കുന്നു. പച്ചക്കറിയ്ക്ക് വേണ്ട വളങ്ങളും അഞ്ജുവിന്റെ വീട്ടിൽ ഉൽപാദിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് വെർമി കമ്പോസ്റ്റ്. മുയൽ വളർത്തലിൽ നിന്ന് ലഭിക്കുന്ന വിസർജ്യവസ്തുക്കൾ ഉപയോഗപ്പെടുത്തി കമ്പോസ്റ്റ് നിർമാണം നടത്തുകയും, അത് പച്ചക്കറികൾക്ക് അടിവളമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കമ്പോസ്റ്റ് നിർമാണവും, അതിൻറെ പ്രാദേശിക വിപണനവും നടത്തുന്നത് അഞ്ജുവിന്റെ ചേട്ടനാണ്.

അഞ്ചുവും ചേട്ടനും മാത്രമല്ല കൃഷിയിൽ നിന്ന് വരുമാനം നേടുന്നത്, അനിയനും മത്സ്യകൃഷി ചെയ്യുന്നു. ഇതിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട ഒരു പാഠമുണ്ട്. ഈ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ കുട്ടികളെ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പണം കണ്ടെത്താൻ മാതാപിതാക്കൾ അവർക്ക് ആവുന്ന വിധത്തിലുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുന്നു. ഇത് മറ്റെല്ലാ മാതാപിതാക്കളും അനുവർത്തിക്കേണ്ട കാര്യമാണ്.

മാതാപിതാക്കൾ കുട്ടികളെ ചെറിയതരം സംരംഭങ്ങൾ തുടങ്ങുവാൻ സഹായിക്കുന്നതും, കൃഷി സംബന്ധമായ മേഖലകളിലേക്ക് കടന്നുവരുവാൻ പ്രോത്സാഹിപ്പിക്കുന്നതും കാർഷികമേഖലയിലെ നവ മുന്നേറ്റങ്ങൾക്ക് കാരണമാകും. യുവതലമുറയുടെ കൃഷിയിലേക്കുള്ള കടന്നുവരവ് കാർഷികമേഖലയിൽ ന്യൂതന മാറ്റങ്ങൾക്ക് കാരണമാവുമെന്നത് നിസ്സംശയം പറയാം. അഞ്ജുവിനെ പോലുള്ള കൃഷിയെ സ്നേഹിക്കുന്ന പ്രതിഭകളാണ് നാടിനാവശ്യം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും, വിഷമുക്തമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും മനസ്സുള്ള ഒരു തലമുറ ഇവിടെ ഉണ്ടാവട്ടെ..

അഞ്ജു തൻറെ കൃഷി വിശേഷങ്ങൾ പങ്കുവെക്കുവാൻ ഇന്ന് നാലുമണിക്ക് ഞങ്ങളുടെ കൃഷി ജാഗരൺ ഫേസ്ബുക്ക് ഓഫീഷ്യൽ പേജിൽ എത്തുന്നു. കാണുക.


English Summary: Idukki Anju Mathew has proved that mind is important to cultivate This farmer genius is the proud star of Kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine