Livestock & Aqua

തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ വേണ്ടത് സുസ്ഥിര നഗര വികസന പദ്ധതി: റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്

കോട്ടയംകേരളത്തിന്റെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സുസ്ഥിര നഗരവികസന പദ്ധതികൾ ആവശ്യമെന്ന് തണ്ണീര്‍ത്തട-സുസ്ഥിര നഗരവികസന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നഗരവികസനമാണ് ആവശ്യം. കോട്ടയം പട്ടണം ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ മാലിന്യങ്ങള്‍ പേറേണ്ട ഇടമായി തണ്ണീര്‍ത്തടങ്ങള്‍ മാറുന്നു. വിവിധ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ എന്ന ചിന്തയ്ക്കു പകരം മലയാളിക്ക് തണ്ണീര്‍ത്തടമെന്നാല്‍ വെറും ചതുപ്പാണ് എന്ന അവസ്ഥയ്ക്ക് മാറ്റം വരണം.
 
നഗരവത്കരണവും മാലിന്യനിക്ഷേപവും തണ്ണീര്‍ത്തടങ്ങളെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ഐസിസിഎസ് ഡറക്ടര്‍ ഡോ. ജോര്‍ജ്ജ് ചാക്കച്ചേരി വിഷയാവതരണത്തിലൂടെ വ്യക്തമാക്കി. പ്രകൃതിദത്ത നീരുറവകളെ നഷ്ടപ്പെടുത്താതെ നഗര വികസന പ്ലാനില്‍ അവയെ കൂടി ഉള്‍ക്കൊളളിച്ചുകൊണ്ട് വേണം നഗരവത്കരണം നടപ്പാക്കേണ്ടത്. കൃത്യമായി തണ്ണീര്‍ത്തടങ്ങള്‍ രേഖപ്പെടുത്തണം. നഗരത്തിന്റെ നിലനില്‍പ് തണ്ണീര്‍ത്തടങ്ങളിലൂടെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ.എസ്.സി.റ്റി. ഇ വെറ്റാലാന്റ് ടെക്‌നിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. പി. ഹരിനാരായണന്‍ പറഞ്ഞു. പാരിസ്ഥിതിക വ്യതിയാനങ്ങളെ കുറിച്ച് നിരീക്ഷിക്കുന്നതിന് തണ്ണീര്‍ത്തട സംരക്ഷണം അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങളും പരിസ്ഥിതി സംഘടനകളും റസിഡന്റ് അസോസിയേഷനുകളും പൊതുസമൂഹവും ഒരുപോലെ ഇക്കാര്യത്തില്‍ ബോധവാന്‍മാരാകുകയും ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. തണ്ണീര്‍ത്തട നിയമത്തിലെ അപാകങ്ങള്‍ ഒഴിവാക്കുകയും പഴുതുകളില്ലാതെ നിയമം നടപ്പാക്കുകയുമാണ് വേണ്ടതെന്ന് പമ്പ പരിരക്ഷണ സമിതി സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. 

മാലിന്യനിക്ഷേപം കൂടുതലാകുന്നത് തണ്ണീര്‍ത്തടങ്ങള്‍ക്ക് ഭീഷണിയാകുന്നുവെന്ന് ചര്‍ച്ചയില്‍ ഏകാഭിപ്രായം ഉയര്‍ന്നു. വേമ്പനാട്ടു കായലിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവിനെ കുറിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്മെന്റ് നടത്തി വരുന്ന പഠനത്തെ കുറിച്ച് വകുപ്പു മേധാവി ഡോ. ഇ. വി. രാമസ്വാമി വിശദീകരിച്ചു. കായലിലെ ജലജീവികള്‍ ഇവ ഭക്ഷണമാക്കുന്നതായും സൂക്ഷജീവികളുടെ നാശത്തിനും ജൈവഘടനയ്ക്കുള്‍പ്പെടെയുള്ള മാറ്റത്തിനും ഇത് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പേസ്റ്റ്, ഫേസ് ക്രീം തുടങ്ങിയ വസ്തുക്കളിലും മറ്റും അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് ഇന്ത്യയില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ ഒന്നും തന്നെയില്ല. 

തണ്ണീര്‍ത്തടവും കാലാവസ്ഥാ വ്യതിയവനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച ഇന്ററാക്ടീവ് വെബ് പോര്‍ട്ടലും ക്ലൈമറ്റ് ഡിക്ഷണറിയും പുറത്തിറക്കും.  ഈ വിഷയത്തില്‍ ഗവേഷകര്‍ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ ലളിതമായ ഭാഷയില്‍ മലയാളത്തില്‍ പുറത്തിറക്കി പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രചരണം നല്‍കാനും ആലോചനയുണ്ട്.  തണ്ണീര്‍ത്തടങ്ങളെ വികസിപ്പിച്ച് ക്ലൈമറ്റ് വില്ലേജ് ടൂറിസം പ്രോത്സിപ്പിക്കണമെന്നും ഇവയെ ഉപജീവിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ഇവ സംരക്ഷിക്കുന്നതിന് പ്രോത്സാഹനം നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്നും കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തത്തോടെയുള്ള തണ്ണീര്‍ത്തട സംരക്ഷണത്തിന് മികച്ച ഉദാഹരണമായി മീനച്ചിലാര്‍-കൊടൂരാര്‍-മീനന്തലയാര്‍ നദീ പുനര്‍സംയോജന പദ്ധതി ചൂണ്ടിക്കാണിക്കപ്പെട്ടു. സ്‌കൂള്‍ സിലബസില്‍ പാഠ്യഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തണ്ണീര്‍ത്തടസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  കുട്ടികളിലൂടെ ബോധവത്കരണം നടത്തണം.  വികസനപ്രക്രിയ തണ്ണീര്‍ത്തടങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് പഠിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനാവശ്യമാണെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജിസ്  ആന്‍ഡ് എന്‍വയണ്‍മെന്റ് (കെഎസ്.സി.എസ്.റ്റി.ഇ) ന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഫറന്‍സ് കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. പി. രഘുനാഥ മേനോന്‍  ഉദ്ഘാടനം ചെയ്തു. സംസ്ഥാന എന്‍വയണ്‍മെന്റ് ഇംപാക്ട് അസ്സസ്സ്‌മെന്റ് അഥോറിറ്റി ചെയര്‍മാന്‍ ഡോ. കെ.പി ജോയ് അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി ഡോ. പി.എസ് ഹരികുമാര്‍ മോഡറേറ്ററായി. ഡോ. വി. കെ കൃപ, മനോരമ സബ്എഡിറ്റര്‍ വര്‍ഗീസ് സി. തോമസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ജോര്‍ജ്ജ് ചാക്കച്ചേരി സ്വാഗതവും ബിന്ദു സി തോമസ് നന്ദിയും പറഞ്ഞു. 

Photo - തണ്ണീര്‍ത്തട- സുസ്ഥിര നഗര വികസന സെമിനാര്‍ കഞ്ഞിക്കുഴി ഓറസ്റ്റ് ഭവന്‍ ഹാളില്‍  കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. പി. രഘുനാഥ മേനോന്‍  സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

CN Remya Chittettu Kottayam
9447780702


English Summary: water body conservation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine