മിക്ക വീടുകളിലും കുട്ടികളുടെയും മുതിർന്നവരുടെയും പ്രധാന വിനോദം അലങ്കാര മത്സ്യങ്ങളുടെ പരിപാലനമാണ്. അക്വേറിയം പരിപാലിക്കുന്നത് വളരെ സിമ്പിളാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. എയ്റേറ്ററുകളുടെ പ്രവർത്തനം, തീറ്റയുടെ അളവ്, മീനിന്റെ പ്രത്യേകത, ടാങ്കിന്റെ വലുപ്പം തുടങ്ങി എല്ലാ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ മാത്രമെ മീനുകളെ സംരക്ഷിക്കാൻ സാധിക്കൂ.
കൂടുതൽ വാർത്തകൾ: ആദായം കൊയ്യാൻ മികച്ച വഴി; വീട്ടിൽ തുടങ്ങാം കാടക്കൃഷി
വെള്ളം എപ്പോഴൊക്കെ മാറ്റണം
എന്നാൽ ഭൂരിഭാഗം പേർക്കും അക്വേറിയത്തിലെ വെള്ളം എപ്പോഴൊക്കെയാണ് മാറ്റേണ്ടത് എന്ന് സംശമുണ്ടായിരിക്കും. ഫിൽറ്ററുകളും എയ്റേറ്ററുകളും ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളിൽ വെള്ളം മാറ്റേണ്ട കാര്യമില്ല. എന്നാൽ കൃത്യമായ അളവിൽ തീറ്റയും നൽകാൻ ശ്രദ്ധിക്കണം. ബാഷ്പീകരണം മൂലം വെള്ളം കുറഞ്ഞാൽ ടാങ്കിൽ വെള്ളം ഒഴിക്കേണ്ടി വരും. സാധാരണ ടാങ്കിൽ ആഴ്ചയിലൊരിക്കൽ നിർബന്ധമായും വെള്ളവും മാലിന്യങ്ങളും മാറ്റണം. മൊത്തം ജലത്തിന്റെ നാലിൽ ഒരു ഭാഗം മാറ്റിയാൽ മതിയാകും. മാലിന്യങ്ങൾ നീക്കം ചെയ്ത് പുതിയ വെള്ളം ചേർക്കാം. ക്ലോറിൻ കലർന്ന വെള്ളം അക്വേറിയത്തിൽ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ ശുദ്ധീകരിച്ച ശേഷം ഉപയോഗിക്കാം.
ടാങ്കുകളിൽ തവിട്ടുനിറത്തിലാണ് ആൽഗകൾ പറ്റിയിരിക്കുക. കറിയുപ്പ് ഉപയോഗിച്ച് ഇവ നന്നായി കഴുകി വൃത്തിയാക്കാം. സക്കർ മത്സ്യങ്ങളെ വളർത്തുന്നതും ആൽഗകൾ വളരാതിരിക്കാൻ സഹായിക്കും. വെള്ളത്തിന് മീതെ എണ്ണമയം കണ്ടാൽ ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് ഇത് നീക്ക് ചെയ്യുക.
വെള്ളത്തിന്റെ നിറം മാറ്റം ശ്രദ്ധിക്കണം
മീനുകൾക്ക് കൊടുക്കുന്ന ആഹാരം കൂടുതലായാൽ വെള്ളം തവിട്ടുനിറമായി മാറും. കൂടാതെ വെള്ളത്തിന്റെ അടിത്തട്ടിലെ മണ്ണ് കറുത്ത നിറമായി മാറും. ഓക്സിജന്റെ അളവ് വളരെയധികം കുറഞ്ഞാൽ അക്വേറിയത്തിലെ വെള്ളം വെളുത്ത നിറത്തിലാകും. ഇതിന് പരിഹാരമായി ടാങ്കിനുള്ളിൽ സസ്യങ്ങൾ വളർത്തുകയും, മീനുകളെ കൂടുതൽ വീതിയുള്ള ടാങ്കുകളിലേക്ക് മാറ്റുകയും ചെയ്യുക. ഈ സന്ദർഭങ്ങളിൽ വെള്ളം പകുതി മാറ്റിയിട്ട് പുതിയ വെള്ളം ചേർക്കാം. ടാങ്കിലെ മീനുകളുടെ എണ്ണം കുറയ്ക്കുന്നതും ചെടികളുടെ എണ്ണം കൂട്ടുന്നതും വെള്ളത്തിലെ ഓക്സിജന്റെ ലഭ്യത കൂട്ടും.
സൂര്യപ്രകാശം കൂടുതൽ ലഭിച്ചാൽ ടാങ്കിനുള്ളിൽ ആൽഗകൾ പെരുകും. ആൽഗകൾ കൂടിയാൽ വെള്ളം പച്ച നിറത്തിലാകും. ടാങ്കുകളിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത വിധത്തിൽ സെറ്റ് ചെയ്യണം. ടാങ്ക് ഇരിക്കുന്ന സ്ഥലങ്ങളിൽ അധികനേരം ലൈറ്റിടരുത്. ടാങ്കിന് പുറകിൽ സീനറി പേപ്പർ ഒട്ടിച്ചാൽ സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിക്കാനും ആൽഗകളെ പ്രതിരോധിക്കാനും സാധിക്കും. ആൽഗകൾ കൂടുതൽ വളരാതിരിക്കാൻ കാർപ്പ, പൂമീൻ തുടങ്ങിയ ഇനം മീനുകളെ വളർത്തുന്നതും നല്ലതാണ്.
Share your comments