News

ശബ്ദമില്ലാത്ത ലോകത്ത് പ്രകൃതിയുടെ താളമറിഞ്ഞ് മാര്‍തോമ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൃഷി ചെയ്യാനോ... എവിടെ നേരം..എന്ന് പരിതപിക്കുന്നവര്‍ കാസര്‍കോട് ചെര്‍ക്കളയിലെ മാര്‍തോമ ബധിരവിദ്യാലയത്തിലെ കുട്ടികളെയും അധ്യാപകരെയും കാണണം. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമെന്നത് ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ല. ക്ലാസ് മുറികളിലെ പഠനത്തിനിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അവര്‍ പ്രകൃതിയിലേക്കിറങ്ങും. പിന്നീടങ്ങോട്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരും പ്രകൃതി ശിഷ്യനുമാകും. ശബ്ദത്തിനപ്പുറമുള്ള തങ്ങളുടേത് മാത്രമായ ഭാഷയില്‍ അവര്‍ പരസ്പരം ആശയ വിനിമയം നടത്തും.
ഭക്ഷ്യമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്‌കൂള്‍ അധികൃതര്‍ സ്‌കൂളിനൊരു പച്ചക്കറിത്തോട്ടം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളുടെ പിന്തുണയും സഹായസഹകരണങ്ങളും കൂടിയായപ്പോള്‍ സ്‌കൂളിനോടുചേര്‍ന്നുള്ള അമ്പത് സെന്റില്‍ വിരിഞ്ഞതാവട്ടെ പച്ചപ്പിന്റെ പുതുലോകവും. വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ജീവനക്കാരും തന്നെയാണ് പച്ചക്കറി കൃഷിക്കാവശ്യമായ നിലമൊരുക്കിയത്. കൃഷിയിടത്തിലെ വാഴകളില്‍ തേനുണ്ണാനെത്തുന്ന കിളികളുടെ നാദമോ വര്‍ഷക്കാലത്തെ മഴയുടെ താളമോ ഒട്ടുമിക്ക വിദ്യാര്‍ത്ഥികള്‍ക്കുമറിയില്ല. എങ്കിലും ആ കുരുന്നു കൈകളിലെ സ്‌നേഹസ്പര്‍ശങ്ങള്‍ കൃഷിതോട്ടത്തിലെ വഴുതന, പയര്‍ അടക്കമുള്ള പച്ചക്കറികള്‍ക്ക് പുതുജീവനേകും. പഠനത്തിലും കലയിലുമെന്ന പോലെ ഈ മിടുക്കര്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കിക്കൊണ്ട് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. എ ജി മാത്യു, ഹെഡ്മാസ്റ്റര്‍ സഖറിയാ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്ദു ടീച്ചര്‍, ആശ അഗസ്റ്റിന്‍, മറ്റു അധ്യാപക അനധ്യാപകര്‍ എന്നിവരും കൂടെയുണ്ടാകും.  തോട്ടത്തിന്റെ പരിപാലനത്തിനായി എല്ലാവരും ബേബിച്ചന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ബേബിക്കുട്ടിയും ഉണ്ടാകും. ചെങ്കള കൃഷി ഭവന്റെയും ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരുടെയും പിന്തുണയും കൂടിയായപ്പോള്‍ ചുരുങ്ങിയ നാളുകള്‍ക്കൊണ്ടുതന്നെ ഈ ഉദ്യമം ഒരു മഹാ വിജയമായിത്തീരുകയും ചെയ്തു
ശ്രവണവൈകല്യമുള്ള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് മാര്‍തോമ ബധിരവിദ്യാലയം. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുരുന്നുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ വിദ്യാലയം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും നൂറ് മേനി വിജയമാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റയും അധികൃതരുടെയും ശ്രമഫലമായി വിദ്യാര്‍ത്ഥികള്‍ നേടുന്നത്. ഇതിന്റെ ഭാഗമായി തന്നെയാണ് കാര്‍ഷികമേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കുന്നതിനായി സ്്കൂളില്‍ പച്ചക്കറി തോട്ടം ആരംഭിക്കുന്നത്. പയര്‍, വഴുതന, കക്കരി,മുരിങ്ങ, കാബേജ്, കോളിഫല്‍ര്‍, വെണ്ട, തക്കാളി, വാഴ, ചേമ്പ്, ചേന എന്നിവയെല്ലാം വിദ്യാലയത്തിലെ ഈ കൃഷിതോട്ടത്തിലുണ്ട്. ഇവിടുത്തെ പച്ചക്കറികള്‍ ഉപയോഗിച്ചാണ് വിദ്യാലയത്തിലെന്നും ഉച്ചഭക്ഷണമൊരുക്കുന്നത്.. 
കറന്തക്കാട് സീഡ് ഭവനില്‍ നിന്ന് ശേഖരിച്ച വിത്തുകള്‍ സ്യൂഡോമോണസ്  കഞ്ഞിവെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ലായനിയില്‍ മുക്കി വയ്ക്കും. പച്ചക്കറി കൃഷിക്കായി ഒരുക്കിയ ഭൂമിയില്‍ അടി വളമായി കാലിവളവും കുമ്മായവും ചേര്‍ത്തുകൊടുത്തതിനുശേഷം ലായനിയില്‍ മുക്കി വച്ച വിത്തുകള്‍ നടും. പൂര്‍ണമായും ജൈവരീതി അവലംബിക്കണമെന്ന് നിര്‍ബന്ധമുള്ള അധികൃതര്‍ ഗോമൂത്രം, ചാണകം, കടലപ്പിണ്ണാക്ക് എന്നിവയും പച്ചക്കറികള്‍ക്ക് വളമായി നല്‍കും്. ചെടികളില്‍ പെരുകുന്ന കീടങ്ങളുടെ നിയന്ത്രണത്തിനായി വേപ്പെണ്ണയും വെളത്തുള്ളി പേസ്റ്റും തളിച്ചുകൊടുക്കും.  കാലിവളം, ചാണകം എന്നിവ ലഭിക്കുന്നതിനാായി സ്‌കൂളില്‍ രണ്ട് പശുക്കളെയും വളര്‍ത്തുന്നുണ്ട. കൃത്യസമയത്തത് ലഭിക്കുന്ന കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളാണ് നൂറുമേനി വിളവെടുക്കാന്‍ സ്‌കൂളിനെ സഹായിക്കുന്നതെന്ന് നന്ദിയോടെ സ്മരിക്കുന്നു അധികൃതര്‍.
പച്ചക്കറി കൃഷിക്കുപുറമേ സ്വന്തമായൊരു ഔഷധത്തോട്ടവും സ്‌കൂളിലുണ്ട്. വിവിധവര്‍ഗങ്ങളില്‍പ്പൈട്ട നിരവധി ഔഷധചെടികള്‍ ആദ്യഘട്ടത്തില്‍ ഔഷധത്തോട്ടത്തെ അലങ്കരിച്ചിരുന്നുവെങ്കിലും കാലാവസ്ഥയിലെ പെട്ടെന്നുണ്ടാകുന്ന വ്യതിയാനവും ജലദൗര്‍ലഭ്യവും ഭൂരിഭാഗം ചെടികളും നശിച്ചുപോകാന്‍ കാരണമായിത്തീര്‍ന്നതായി വേദനയോടെ പറയുന്നു അധികൃതര്‍. ആത്മാര്‍ത്ഥ സ്‌നേഹവും പരിചരണവും നല്‍കിയാല്‍ പച്ചക്കറി  കൃഷിയെന്ന പോലെ ഈ വിദ്യാര്‍ത്ഥികളും നാളെയുടെ പ്രതീക്ഷകളാകുമെന്ന തിരിച്ചറിവ് തന്നെയാണ് എല്ലാ മേഖലയിലെയും വിദ്യാലയത്തിന്റെ വളര്‍ച്ചയിലെ പ്രധാനഘടകം. സംസ്ഥാനത്തിന്റെ കാര്‍ഷികഭൂപടത്തില്‍ മാര്‍തോമ വിദ്യാലയം തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുന്ന കാലം അതിവിദൂരമല്ല.

English Summary: ശബ്ദമില്ലാത്ത ലോകത്ത് പ്രകൃതിയുടെ താളമറിഞ്ഞ് മാര്‍തോമ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine