News

മഴക്കെടുതി: മന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു;  ജില്ലയില്‍ രക്ഷാപ്രവര്‍ത്തനവുമായി എന്‍ഡിആര്‍എഫ്  

കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിന്  കോട്ടയം ജില്ലയുടെ ചുമതലയുള്ള വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ മന്ത്രി അഡ്വ. കെ.രാജു ജില്ലയില്‍ സന്ദര്‍ശനം നടത്തി. കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി മന്ത്രി സ്ഥിതിഗതികള്‍  ചര്‍ച്ച ചെയ്തു. വീടുള്‍പ്പെടെ ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ക്ക് അതിവേഗം നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ തുറന്ന 104 ക്യാമ്പുകളായി 2300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള 8577 പേരാണ് ക്യാമ്പുകളില്‍ ഉളളത്. ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറോടൊപ്പം ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരോടും സ്ഥിതിഗതികള്‍ സൂക്ഷമമായി വിലയിരുത്താനും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാറമ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ രോഗികളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 20 അംഗങ്ങള്‍ വീതമുളള രണ്ട് സംഘങ്ങള്‍ ജില്ലയില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ അറിയിപ്പനുസരിച്ച് 3-4 ദിവസം കൂടി നല്ല മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാവരും ക്യാമ്പില്‍ തന്നെ കഴിയണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 148 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഷ്ട പരിഹാരം വേഗത്തില്‍ കൊടുത്തു തീര്‍ക്കും. പരമാവധി സഹായം സര്‍ക്കാര്‍ നല്‍കുമെന്നും വീടു നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനും സഹായം നല്‍കുമെന്നും ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. എസ്.സി./എസ്.ടി വികസന ഫണ്ടുപയോഗിച്ച് വീടുകള്‍ പുന:രുദ്ധരിക്കുന്നതിനും നടപടിയെടുക്കും. കഴിഞ്ഞ മാസം ഉണ്ടായ മഴക്കെടുതിയില്‍ ഇതേ ക്യാമ്പില്‍ താമസിക്കവേ വെള്ളക്കെട്ടില്‍ വീണു മരിച്ച പ്രസാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ജില്ലാ കളക്ടര്‍ മുഖേന നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.

വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ ക്യാമ്പിലേക്ക് മാറ്റുന്നതിന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൂവത്തുംമൂട് പ്രദേശങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. കോട്ടയം അമയന്നൂര്‍ മഹാത്മ കോളനിയിലെ 37 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുള്ള അയര്‍ക്കുന്നം ഗവ. എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാമ്പും തിരുവഞ്ചൂര്‍ ഗവ.എല്‍.പി.എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി, അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍,ഡെപ്യൂട്ടി കളക്ടര്‍ അലകസ് ജോസഫ്, തഹസില്‍ദാര്‍ ഗീതാകുമാരി, വില്ലേജ് ഓഫീസര്‍ എന്‍.ആര്‍ രാജേഷ് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 


English Summary: adv.raju visited flood area

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine