News

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ചൂര്‍ണിക്കര കാര്‍ഷിക പാക്കേജ്

choornikara

 

കൊച്ചി: വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളിലെ കർഷകർക്ക് കൈത്താങ്ങാകാൻ, പ്രളയക്കെടുതിയില്‍ നിന്നും കര്‍ഷകരെ കൈ പിടിച്ചുയര്‍ത്താൻ, ചൂര്‍ണിക്കര കാര്‍ഷിക പാക്കേജിന് തുടക്കമായി. ചൂര്‍ണിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന നൂതന കാര്‍ഷിക പദ്ധതിയാണിത്.

പഞ്ചായത്തിലെ 18 ല്‍ 16 വാര്‍ഡുകളും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളാണ്. ചില വാര്‍ഡുകളില്‍ ധാരാളം എക്കല്‍ അടിഞ്ഞുകൂടുകയും മറ്റു ഭാഗങ്ങളില്‍ മണ്ണിലെ വായുസഞ്ചാരം പൂര്‍ണമായും തടസമാകുന്ന വിധം മണല്‍ തരികള്‍ വന്നു മൂടുകയും ചെയ്ത അവസ്ഥയിലുമായിരുന്നു. ഇത് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. മണ്ണിലെ വായു സഞ്ചാരം പൂര്‍ണ്ണമായി നിലയ്ക്കുകയും സൂക്ഷ്മ ജീവികളുടെ അളവ് ഗണ്യമായി കുറയുകയും മണ്ണിലെ പുളിരസം കൂടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സര്‍വകലാശാല വൈറ്റില നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ പ്രളയബാധയേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ശാസ്ത്രീയമായ പഠനം നടത്തി. അടിഞ്ഞുകൂടിയ എക്കലും സാധാരണ മണ്ണും ശാസ്ത്രീയ പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്.

പാക്കേജിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉദയകുമാര്‍ നിര്‍വഹിച്ചു. തെങ്ങു കൃഷിയുടെ പുനരുദ്ധാരണം, നെല്‍കൃഷിയുടെ വ്യാപനം, എക്കല്‍ അടിഞ്ഞു കൂടിയ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കളുടെ വിതരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

തെങ്ങുകൃഷി പുനരുദ്ധാരണത്തിലൂടെ പഞ്ചായത്തിലെ 5000 തെങ്ങുകള്‍ക്ക് മണ്ണിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിനാവശ്യമായ തടം സൗജന്യമായി എടുത്തു കൊടുക്കുന്നു. കൂടാതെ സൂക്ഷ്മ ജീവികളുടെ വര്‍ധനയ്ക്കായി കമ്പോസ്റ്റ് വളം, പുളിരസം മാറ്റുന്നതിനായി ഡോളോമേറ്റ്, മഞ്ഞളിപ്പ് മാറ്റാന്‍ മഗ്‌നീഷ്യം സള്‍ഫേറ്റ്, കായ പിടുത്തതിന് ബോറാക്‌സ് എന്നിവയും സൗജന്യമായി നല്‍കുന്നു. കൂടാതെ കൂമ്പു ചീയല്‍ രോഗം തടയുന്നതിന് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം കണ്ടുപിടിച്ച ട്രൈക്കോഡെര്‍മ്മ കയര്‍ പിത്ത് കേക്ക് ഒരു തെങ്ങിന് മൂന്ന് എണ്ണം എന്ന കണക്കില്‍ സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കും. തെങ്ങിന് തടമെടുക്കല്‍, വളം നല്‍കല്‍ മുതലായവ പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേന വഴിയും നാളികേര ഉത്പാദക സമിതി വഴിയും നല്‍കുമെന്ന് കൃഷി ഓഫിസര്‍ എ.എ. ജോണ്‍ ഷെറി പറഞ്ഞു.

നെല്‍കൃഷിയുടെ വ്യാപനത്തിന് കഴിഞ്ഞ 22 വര്‍ഷം തരിശുകിടന്ന കട്ടേപ്പാടം പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കിയിരിക്കുകയാണ്. നെല്‍കൃഷിക്ക് മാത്രം വരുന്ന മൊത്തം ചെലവിന്റെ 90 ശതമാനം സബ്‌സിഡി നല്‍കും. പ്രളയ ബാധയില്‍ പ്രധാനമായും വാഴ, ജാതി, കുരുമുളക് എന്നീ വിളകള്‍ക്ക് സംഭവിച്ചിട്ടുള്ള നാശ നഷ്ടത്തിന്റെ എണ്ണത്തിന് ആനുപാതികമായി തൈകള്‍ സൗജന്യമായി നല്‍കും. പള്ളിക്കേരി പാടത്ത് എക്കല്‍ അടിഞ്ഞുകൂടിയ അഞ്ച് ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കും. പള്ളിക്കേരി പാടം പച്ചക്കറി കര്‍ഷക സംഘം മുഖേനയാണ് നടപ്പിലാക്കുന്നത്. സൗജന്യമായി വിത്തും വളവും നല്‍കും. മാത്രമല്ല, പഞ്ചായത്തിലെ മുന്‍കാലങ്ങളില്‍ ഗ്രോ ബാഗ് ലഭിക്കാത്ത 100 കുടുംബങ്ങള്‍ക്ക് കൃഷിയിറക്കുന്നതിന് 25 ഗ്രോ ബാഗ് മണ്ണ് നിറച്ച് തൈ നട്ടു പരിപാലിക്കാനാവശ്യമായ വളങ്ങള്‍ ഉള്‍പ്പെടെ നല്‍കും. ഇതിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ അടച്ചാല്‍ മതി. ജലസേചനത്തിന് കാര്‍ഷിക കണക്ഷന്‍ ലഭിച്ചിരുന്ന 15 കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ട മോട്ടോര്‍ പമ്പ് സെറ്റുകള്‍ക്ക് പകരം പുതിയവ 75 ശതമാനം സബ്സിഡി നിരക്കില്‍ നല്‍കും.

പ്രളയം നട്ടൊല്ലൊടിച്ച പഞ്ചായത്തിലെ കാര്‍ഷിക മേഖലക്ക് പാക്കേജിലൂടെ പുതുജീവന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചടങ്ങില്‍ ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


English Summary: agricultural package

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine