News

അസീസിയയിലെ ജൈവ കലവറ

എറണാകുളം  പാടിവട്ടത്ത്  കണ്ണായ സ്ഥലത്തെ വീടുകള്‍ ഒരു വര്‍ഷം മുന്‍പ് ഇടിച്ചു നിരത്തുന്നത് കണ്ടപ്പോള്‍ 'ഇവിടെയും ബഹുനില കോണ്‍ക്രീറ്റ് കെട്ടിടം ഉയരുമോ' ആശങ്കയോടെ നാട്ടുകാര്‍ ചോദിച്ചു. കാഴ്ചകാരുടെ ആശങ്ക പാടെ മാറ്റിക്കൊണ്ട് തൃശൂര്‍ കാരന്‍ പി. എം. അബ്ദുല്‍ അസീസ് എന്ന പ്രവാസി മലയാളി പാടിവട്ടത്തു ഒരു ജൈവ ഭക്ഷണ ശാല തുടങ്ങി. നിറയെ പച്ചപ്പില്‍ മുളയും ചൂരലുമായി ഒരു തനി ജൈവ കേന്ദ്രം. എന്നാല്‍ ഭക്ഷണ ശാല മാത്രമായി ഒതുങ്ങിയില്ല അവിടം. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ജൈവ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഒരു ഫാം ഔട് ലെറ്റും തുടങ്ങി. അതുവഴി കടന്നു പോകുന്ന ആര്‍ക്കും കാണാനാവും ആ ഫാം ഔട്ട് ലെറ്റില്‍ എന്നും നിറയെ ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നു. പലപ്പോഴും കരുതിയിട്ടുണ്ട്. വല്യ വില ആയിരിക്കും എന്ന്. എന്നാല്‍ അന്വേഷിച്ചപ്പോഴോ വിലയും മാര്‍ക്കറ്റ് വിലയേക്കാളും കുറവ്.

വിഷരഹിതമായ ജൈവ പച്ചക്കറി അതാണ് പി.എം. അബ്ദുല്‍ അസീസ് എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെ സ്വപ്‌നം. ആധുനിക ജൈവകൃഷി മുന്നേറ്റത്തിന്റെ പുതിയ മുഖമാകുന്നു ഈ എഴുപതുകാരന്‍. ഇന്നത്തെ  ശാപമായ വിഷമയമായ പച്ചക്കറി തുടച്ചു നീക്കി നാടിനെ  ജൈവ പച്ചക്കറി യുടെ തോട്ടമാക്കി  മാറ്റാനുള്ള ഒരു പരിശ്രമം ആണ് തന്റേതു എന്നാണ് അദ്ദേഹം പറയുന്നത്. അതിനായി നാട്ടിലെ കൃഷിയെ സ്‌നേഹിക്കുന്ന ആള്‍ക്കാരെ തേടി പിടിച്ചു, കൃഷി സ്ഥലത്തു വെയിലും മഴയും അവഗണിച്ചു പണിയെടുക്കുന്ന കൃഷിക്കാരെ ഒപ്പം കൂട്ടി തന്റെ സ്വപ്‌ന ലോകമായ തൃശൂ രെ  പഴുവില്‍ ഉള്ള  36 ഏക്കര്‍ സ്ഥലത്തു നെല്ലുപ്പെടെയുള്ള ഒട്ടുമിക്ക  വിളകളും കൃഷികയിറക്കി നാടിന്റെ പച്ചപ്പ് തിരികെ കൊണ്ടുവന്നു.
1947 ല്‍ ജനിച്ച അബ്ദുല്‍ അസീസ് സെന്റ് തോമസ് കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും എടുത്തു. പിന്നീട് കൊച്ചിയിലും മുംബൈയിലുമായി ജോലി ചെയ്തു. 1978 ല്‍ പ്രവാസലോകത്തേക്കു കുടിയേറി. സമ്പാദ്യം മുഴുവന്‍ ഭൂമി വാങ്ങി നിക്ഷേപിക്കുമ്പോഴാണ് തന്റെ ഉള്ളിലെ കൃഷിക്കാരനെ അദ്ദേഹം തേച്ചു മിനുക്കിയെടുക്കുന്നത്. കാലത്തു എഴുന്നേറ്റു പാടത്തു വെള്ളം തേകുവാന്‍ പോകുന്ന മുത്തച്ഛന്‍ മൊയ്തുവിനോപ്പം പോയ ബാല്യകാലത്തെ മറക്കാതിരിക്കാന്‍ തേവുചക്രം പഴുവില്‍ പുനസൃഷിച്ച ചരിത്രവും ഉണ്ട് അബ്ദുല്‍ അസീസ് എന്ന ഈ പ്രവാസി മലയാളിക്ക്. 

കൂടാതെ പാലാരിവട്ടത്തിനും കാക്കനാടിനും ഇടയ്ക്കുള്ള പാടിവട്ടത്തു, ഒരേക്കര്‍ സ്ഥലത്തു ജൈവ റെസ്റ്റോറന്റും ജൈവ പച്ചക്കറികള്‍ വില്പനയ്ക്ക് ഫാം ഔട്ട്‌ലെറ്റും. കൂടാതെ വിവിധ പച്ചക്കറികള്‍ ഗ്രോ ബാഗ് ലും അല്ലാതെയും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഫാം ഔട്ട് ലെറ്റ് ഇല്‍ ലഭിക്കുന്ന പച്ചക്കറികള്‍ മുഴുവനും അദ്ദേഹത്തിന്റെ തൃശൂര്‍ പഴുവിലുള്ള 36 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്യുന്ന ജൈവ പച്ചക്കറിയും കേരളത്തിലെ ജൈവ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങളും മാത്രമാണ്. റെസ്റ്റോറന്റില്‍ മികച്ച ഭക്ഷണം തന്നെ ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ കഴിയണം എന്നദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. അതിനായി അടുക്കള കസ്റ്റമറിനു കാണാനാവും വിധം റെസ്റ്റോറന്റിനോട് ചേര്‍ന്നാണ് ഉണ്ടാക്കിയിട്ടുള്ളത്. ഹോട്ടലിന്റെ അടുക്കള എന്നും ഒരു ഇടുങ്ങിയ വൃത്തിഹീനമായ ഇടമായിരിക്കും. അതില്‍ നിന്നും വ്യത്യസ്തമാണ് അസീസിയയില്‍. ഇപ്പോഴുള്ള റെസ്റ്റോറന്റിനൊപ്പം ഊട്ടുപുരയും റസ്റ്റോറന്റും ആരംഭിക്കാനായി പണികള്‍ നടക്കുന്നു. ഫൈന്‍ റെസ്റ്റോറന്റ് എന്നാല്‍ കൂടിയ വിലയില്‍ ലഭിക്കുന്ന ഭക്ഷണം ആയിരിക്കും. ഊട്ടുപുര എന്നാല്‍ എല്ലാത്തരം ആളുകളെയും ഉള്‍ക്കൊള്ളുന്നതും ആവും. പൂര്‍ണമായും ജൈവം എന്ന നിബന്ധനയില്‍ ഒരു വിട്ടുവീഴ്ചയും എവിടെയും ഉണ്ടാവില്ല.ഈ ജൈവ ഭക്ഷണ ശാല അസീസ് ഒരിക്കലും ഒരു ബിസിനസ്സ് ആയി കാണുന്നില്ല. തുടക്കം ഒറ്റയ്ക്കായിരുന്നെങ്കിലും ഇന്ന് കേരളത്തിലെ ജൈവകൃഷിയെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ ഇതിനൊപ്പമുണ്ട്. പ്രശസ്ത കൃഷി വിദഗ്ധന്‍ കെ.വി. ദയാല്‍ ഉള്‍പ്പെടെ ഉള്ളവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് അദ്ദേഹത്തെ ജൈവകൃഷി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്നു.

തൃശൂര്‍ പഴുവിലുള്ള 36 ഏക്കര്‍ കൃഷി സ്ഥലത്ത് പച്ചമുളക്, കത്തിരിക്ക, വെണ്ടയ്ക്ക, വഴുതിന, തക്കാളി, പീച്ചില്‍, പടവലം, പാവല്‍, വെള്ളരി, പയര്‍ തുടങ്ങി എല്ലാത്തരം പച്ചക്കറിയും കൊണ്ട് സമ്പന്നമാണ്. കൂടാതെ കോഴി ഫാം, പശു ഫാം മല്‍സ്യ കൃഷി തുടങ്ങിയവയും ഉണ്ട്. കോഴി പശു ഫാമുകള്‍ ഏറ്റവും ശുചിയായി പരിപാലിക്കുന്നു. തൊഴുത്തില്‍ 30 പശുക്കള്‍ക്കായി നല്ലത്തീറ്റയും ശുദ്ധിയുള്ള  അന്തരീക്ഷവും ഒപ്പം സംഗീതവും ഉള്‍പ്പെടെ ആധുനിക രീതിയാണ്.  മത്സ്യ കൃഷിയില്‍ നാടന്‍  മത്സ്യങ്ങളും സിലോപിയ തുടങ്ങിയ മീനുകളും വളര്‍ത്തുന്നുണ്ട്. അക്വാപോണിക്‌സ് രീതിയിലുള്ള മല്‍സ്യ കൃഷി ആണ് ഇവിടെ ചെയ്യുന്നത്. കോഴി ഫാമും മികവോടെ പരിപാലിക്കുന്നു. അവയ്ക്കു നല്‍കുന്നതില്‍ 40 ശതമാനവും പച്ചക്കറികള്‍ ആണ്. ഇവിടെനിന്നു ലഭിക്കുന്ന മുട്ടയും എറണാകുളത്തെ ഫാം ഔട്ട് ലെറ്റില്‍  ലഭിക്കും.ഫാമുകള്‍ ദുര്‍ഗന്ധം ഇല്ലാതെ പരിപാലിക്കാനായി ഉമിക്കരി ആണ് ഉപയോഗിക്കുന്നത്. അതിനൊപ്പം 1500 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ഒരു കണ്‍വെന്‍ന്‍ഷന്‍ സെന്റര്‍ ഉം ഉണ്ട് അവിടെ. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ക്ലാസ്സുകളും പരിശീലനങ്ങളും ഇവിടെയാണ് നടക്കുക. സര്‍ക്കാര്‍ സഹായമൊന്നും ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല.

ഔഷധ സസ്യങ്ങളുടെ വ്യാപനത്തിനായി എല്ലാത്തരം ഔഷധ സസ്യങ്ങളും പഴുവില്‍ വളര്‍ത്തുന്നുണ്ട്. ഇതിന്റെ വ്യാപനത്തിനായി ഔഷധിയുമായി കൂട്ട് ചേര്‍ന്ന് ചില പദ്ധതികള്‍ തുടങ്ങാന്‍ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് തൊടിയിലും പറമ്പിലും കണ്ടുവന്നിരുന്ന ഔഷധ സസ്യങ്ങളില്‍ പലതും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവയെ പരിരക്ഷിക്കേണ്ടത് നമ്മുടെ ജീവവ്യവസ്ഥയുടെ നിലനില്‍പിന് അത്യാവശ്യമാണ്. തവളകള്‍ പോലും നാട്ടില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.വൈകാതെ മനുഷ്യന്‍ പോലും ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും എന്ന സ്ഥിതി ഉണ്ടാവരുത്. 

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ജൈവ കൃഷിയെന്ന പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് തടയന്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ള നടപടികളും അസീസിയ മാര്‍ക്കറ്റിംഗ് വിഭാഗം തുടങ്ങി കഴിഞ്ഞു. ജൈവ കര്‍ഷക കൂട്ടായ്മകള്‍ സൃഷ്ടിക്കുകയും ഇന്‍ഡോസെര്‍ട്ടുമായി മായി ചേര്‍ന്ന് ജൈവ സെര്‍റ്റിഫിക്കേഷന്‍ നല്‍കാനുമാണ് അസീസിയ പദ്ധതി ഇടുന്നത്.  500 ഓളം കര്‍ഷക സ്‌നേഹികളെ എം ജി സര്‍വകലാശാലയുടെ കൃഷി ഡിപ്പാര്‍ട് മെന്റ് വഴി ലഭിച്ചിട്ടുണ്ട്. അവരാണ് അസീസിയ ഫാം ന്റെ മേല്‍നോട്ടം നടത്തുന്നത്.  സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ജൈവ ഉത്പന്നങ്ങളും അസീസിയയിലൂടെ വിറ്റഴിക്കാന്‍ എന്നത് ഒരു പ്രത്യേകത ആണ്. നിലവില്‍ 500 ലേറെ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തിക്കൊടുത്തു. സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ജൈവ ഉത്പന്നങ്ങള്‍ എത്തിക്കാനും ശ്രമം നടത്തുന്നു. ഉത്പന്നങ്ങളുടെ വില കര്‍ഷകര്‍ തന്നെ നിശ്ചയിക്കും. അത് 24 മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കും ജൈവ കൃഷി എവിടെ ഉണ്ടോ അത് അസീസിയയെ അറിയിക്കുക.എന്ന് മാത്രമേ പറയാനുള്ളൂ. കൃഷി ഇടങ്ങളില്‍ വന്നു അവ സംഭരിക്കുകയും ചെയ്യും. ഇതൊക്കെ അബ്ദുല്‍ അസീസ് എന്ന മനുഷ്യ സ്‌നേഹിയുടെ നിലവിലുള്ള പദ്ധതികളാണ്. ഭാര്യ നസീമ, മൂന്നു മക്കള്‍ നൗഷാദ്, ഐഷ, സിയാദ് എന്നിവരും അടങ്ങുന്നതാണ് അബ്ദുല്‍ അസീസിന്റെ കുടുംബം. അതില്‍ ഇളയ ആള്‍ സിയാദ് ആണ് ബാപ്പയുടെ നാട്ടിലെയും വിദേശത്തെയും ബിസിനെസ്സ് പാര്‍ട്ണര്‍. അസീസിയ എന്ന പേരിലും ഉണ്ട് ഈ പാര്‍ട്‌നെര്‍ ഷിപ്.

കൃഷിജാഗരണ്‍ ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്ററാണ് ലേഖിക
കെ.ബി. ബൈന്ദ

English Summary: Azeezia farm outlet

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine