News

മികച്ച ജൈവകൃഷിക്ക് കാലിവളര്‍ത്തല്‍ അനിവാര്യം

s
മികച്ച ജൈവകൃഷിക്ക് കാലിവളര്‍ത്തല്‍ അനിവാര്യമെന്നു പറയുന്നത് മറ്റാരുമല്ല, ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ യുവ കര്‍ഷകന്‍ പുരസ്‌ക്കാരം നേടിയ പാലക്കാട് മീനാക്ഷിപുരം രാമപ്പെണ്ണയില്‍ കര്‍ഷകനായ ജഗദീശന്റെ മകന്‍ ജ്ഞാന ശരവണനാണ്. ചെന്നൈയില്‍ നിന്നും എംഎ ബിരുദം നേടി ആറു വര്‍ഷം ജോലി ചെയ്ത ശേഷമാണ് ജ്ഞാനശേഖരന്‍ ഒരു മുഴുവന്‍ സമയ കര്‍ഷകനായത്. തന്റെ കുടുംബത്തിന് സ്വന്തമായുള്ള 36 ഏക്കറില്‍ ഡീശന്‍ ഫാം എന്ന പേരില്‍ സംയോജിത കൃഷി നടത്തുകയാണ് അദ്ദേഹം. പൂര്‍ണ്ണമായും ജൈവകൃഷിയാണ് നടത്തുന്നത്. സുസ്ഥിര കൃഷിക്ക് സമ്മിശ്ര കൃഷി എന്നതാണ് ശരവണന്റെ നിലപാട്. പാല്‍ കിട്ടുന്നു എന്നതിലുപരി ജൈവകൃഷിക്കാവശ്യമായ വളം ലക്ഷ്യമാക്കി 35 കാലികളെയും അദ്ദേഹം വളര്‍ത്തുന്നുണ്ട്. പച്ചക്കറിയും ഏത്തവാഴയുമാണ് പ്രധാന കൃഷികള്‍.
 
തവിടും പിണ്ണാക്കും മാത്രം നല്‍കിയാല്‍ കാലികള്‍ക്ക് വേണ്ടത്ര പോഷണവും പാലിന് ഗുണവും കിട്ടില്ല എന്ന് ശരവണന്‍ പറയുന്നു. അതുകൊണ്ടാണ് വിപുലമായ രീതിയില്‍ തീറ്റപ്പുല്‍ കൃഷി ആരംഭിച്ചത്. തമിഴ്‌നാട് കാങ്കയത്തെ സ്വകാര്യ ഫാമില്‍ നിന്നും കൊണ്ടുവന്ന റെഡ് നേപ്പിയര്‍ ഗ്രാസാണ് കൃഷി ചെയ്യുന്നത്.അരയേക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ ചുവന്ന പുല്ലിന്റെ കൃഷി വലിയ വിജയമായി. മറ്റ് പുല്ലുകളേക്കാള്‍ വേഗം വളരുന്ന ചുവന്ന പുല്ല് കൂടുതല്‍ വിളവെടുപ്പിന് സഹായിക്കുന്നു. ഒരു തണ്ടില്‍ നിന്നുതന്നെ എട്ടിലധികം പുല്ലുണ്ടാവും എന്നതും ഇതിന്റെ പ്രത്യേകതയാണ്. മധുരമുള്ള ഈ പുല്ല് പത്തടിയോളം ഉയരത്തില്‍ വളരും. രണ്ട് മാസം കഴിയുമ്പോള്‍ കൊയ്‌തെടുക്കുകയും ചെയ്യാം. തുടര്‍ന്ന് ഓരോ മാസവും വിളവെടുക്കാവുന്ന പുല്ലിന് മൂന്ന് വര്‍ഷം ആയുസുമുണ്ട്. ഏത് കാലവസ്ഥയിലും വളരുകയും കുറച്ചു വെളളം മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന ഈ പുല്ല് വേനല്‍ക്കാലത്തും ഉണങ്ങില്ലെന്ന് ശരവണന്‍ പറയുന്നു. ഇതിന്റെ ഡ്രൈ മാറ്റര്‍ കണ്ടന്റ് കൂടുതലായതിനാല്‍ പാലിലെ പ്രോട്ടീനും കൊഴുപ്പും വര്‍ദ്ധിക്കാനും ഇത് ഉപകരിക്കുന്നു. ഇതിന് പുറമെ ചോളത്തണ്ടും കാലികള്‍ക്ക് കൊടുക്കുന്നുണ്ട്.
 
നാളീകേരകൃഷിയും സജീവമാണ്. നാളീകേരം വില്‍ക്കുന്നതിന് പകരം ചക്കിലാട്ടി വെളിച്ചെണ്ണയാണ് വില്‍ക്കുന്നത്. പിണ്ണാക്ക് പശുക്കള്‍ക്ക് നല്‍കുന്നു. ഒരു ദിവസം ശരാശരി 200 ലിറ്റര്‍ വെളിച്ചെണ്ണ വില്‍ക്കുന്നുണ്ട് ഡീശന്‍ ഫാമില്‍. ഒരു ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്നചടങ്ങില്‍ ഏറ്റുവാങ്ങി.

English Summary: best young farmer njanashekaran

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine