1. News

റേഷൻ വിതരണത്തിനായി 51.56 കോടി രൂപ കേരളത്തിന് അനുവദിച്ച് കേന്ദ്രം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുകയിൽ നിന്നാണ് കേരളത്തിന് പണം നീക്കിവച്ചത്.

Darsana J

1. റേഷൻ വിതരണത്തിനായി 51.56 കോടി രൂപ കേരളത്തിന് അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുകയിൽ നിന്നാണ് കേരളത്തിന് പണം നീക്കിവച്ചത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും റേഷൻ എത്തിക്കുന്നതിന് പുറമെ റേഷൻ കടകൾക്കുള്ള മാർജിൻ, റേഷൻ സംഭരണം എന്നിവയ്‌ക്ക് വേണ്ടിയും തുക ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ കൊവിഡ് സമയത്തെ കിറ്റ് വിതരണത്തിന്റെ കുടിശിക വീട്ടാൻ ഈ പണം ഉപയോഗിക്കാൻ കേരളത്തിന് അനുവാദമില്ല. 1200 കോടി രൂപയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി മൃഗ സംരക്ഷണ വകുപ്പ്

2. സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായമെന്ന നേട്ടം ഇനിമുതൽ കുളത്തൂപ്പുഴയ്ക്ക് സ്വന്തം. ദ സിറ്റിസൺ ക്യാമ്പയിൻ പൂർത്തിയാക്കിയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് രാജ്യത്ത്‌ ഒന്നാമതായത്‌. കൊല്ലം ജില്ല സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്നതിന്റെ ഭാഗമായാണ് ദ സിറ്റിസൺ ക്യാമ്പയിൻ നടത്തുന്നത്. സമ്പൂർണ ആദിവാസി സാക്ഷരതാ പ്രഖ്യാപനത്തിനും കുളത്തൂപ്പുഴ വേദിയായിട്ടുണ്ട്.

പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും കിലയുടെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പയിൻ ആദിവാസി ഊരുകളിലടക്കം വ്യപിപ്പിക്കുന്നതിന് സെനറ്റർമാരും കുടുംബശ്രീ പ്രവർത്തകരും മികച്ച പ്രവർത്തനമാണ്‌ നടത്തിയത്‌. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്പൂർണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് കൈമാറി. പരിപാടിയിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.

3. മലപ്പുറം ജില്ലയിലെ ഓണചന്തയ്ക്ക് തുടക്കം കുറിച്ച് മന്ത്രി വി അബ്ദുറഹിമാൻ. സെപ്തംബര്‍ ഏഴ് വരെ മലപ്പുറം അല്‍ നെബൂദ ടവറിൽ ഓണം ഫെയർ നടക്കും. രാജ്യത്ത് തന്നെ വിപണിയില്‍ ഏറ്റവും നന്നായി ഇടപെടല്‍ നടത്തുന്നത് കേരളമാണെന്നും നിരന്തരമായ വിലക്കയറ്റത്തിനിടയിലും സാധാരണക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ പോലുള്ള സ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ ആവശ്യവസ്തുക്കളും ഗുണമേന്മയോടെ ന്യായവിലയ്ക്ക് ഒരു കുടക്കീഴില്‍ സപ്ലൈകോ ഔട്ട്‌ലെറ്റ്കള്‍ വഴി നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. ഓണത്തിന് പൂക്കളമൊരുക്കാന്‍ പെരുമണ്ണയില്‍ തൊഴിലുറപ്പുകാരുടെ പൂക്കൃഷി. ഓണക്കാലം ലക്ഷ്യമിട്ട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷി ചെയ്ത ചെത്തിയും വാടാമല്ലിയും വിളവെടുപ്പിനൊരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് ഒരേക്കറില്‍ പൂക്കൃഷിയൊരുക്കിയത്. 15 തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മെയ് മാസത്തിലാണ് കൃഷി ആരംഭിച്ചത്. ബാംഗ്ലൂരിൽ നിന്നെത്തിച്ച വിത്ത് മുളപ്പിച്ച് നാലായിരത്തോളം ചെടികളാണ് നട്ടത്. ജൈവവളങ്ങള്‍ മാത്രമാണ് കൃഷി ചെയ്യാൻ ഉപയോഗിച്ചതെന്ന് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ.എം പ്രതീഷ് പറഞ്ഞു.

5. പൊതുവിതരണ സംവിധാനത്തിൽ മുഴുവൻ റേഷൻ കാർഡുകളും ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച ആദ്യ ജില്ല എന്ന നേട്ടം സ്വന്തമാക്കി മലപ്പുറം. കേരളത്തിലെ ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും അംഗങ്ങളും ഉള്ള ജില്ല കൂടിയാണ് മലപ്പുറം. ജില്ലയിൽ 10,20,217 റേഷൻ കാർഡുകളിലായി 45,75,520 അംഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരുടെയും ആധാർ കാർഡുകൾ റേഷൻ കാർഡുകളുമായി ലിങ്ക് ചെയ്യാനായി എന്നതും മറ്റൊരു പ്രത്യേകതയാണ്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലായി 1,237 റേഷൻ കടകളാണുള്ളത്. ഇതോടെ ജില്ലയിലെ തെരഞ്ഞെടുത്ത അഞ്ച് റേഷൻ കടകളെ സ്മാർട്ട് റേഷൻ കടകളാക്കി മാറ്റുമെന്ന് ജില്ലാ പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു.

6. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി എളങ്കുന്നപ്പുഴ പഞ്ചായത്തിൽ പുഷ്‌പ-പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കുര്യാപ്പിള്ളി കെ.എം അംബ്രോസാണ് കൃഷി ചെയ്തത്. വിളവെടുപ്പ് - വിപണന ഉദ്ഘാടനം എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ കൃഷിഭവന്റെ പിന്തുണയോടെയും ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയുമാണ് ജൈവ രീതിയിൽ കൃഷി ചെയ്തത്. ഓണം വിപണി ലക്ഷ്യമിട്ട് ജമന്തി, വാടാമല്ലി, ചീര, പീച്ചിൽ, വെണ്ട, പാവൽ, പടവലം, സാലഡ് വെള്ളരി എന്നിവയാണ് അംബ്രോസ് കൃഷി ചെയ്‌തത്.

7. തിരുവനന്തപുരത്ത് ‘ഗിഫ്റ്റ് എ ട്രഡിഷന്‍' ഓണസമ്മാനപ്പെട്ടികള്‍ ഒരുക്കി കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ്. ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുള്ള മികച്ച അവസരമാണിത്. മനോഹരമായ കരകൗശല ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങി പ്രിയപ്പെട്ടവര്‍ക്ക് ലോകത്തിന്‍റെ ഏത് കോണിലേക്കും അയച്ചുകൊടുക്കാനുള്ള സംവിധാനമാണ് 'ഗിഫ്റ്റ് എ ട്രഡീഷന്‍'. ഒരു സമ്മാനം നല്‍കുക എന്നതിലുപരി കേരളത്തിന്‍റെ കരകൗശല മേഖലയെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്ക് പിന്നിലുണ്ട്.

8. ഓണത്തിന് സ്വന്തം ബന്തിപ്പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും തുടങ്ങിയ പൂകൃഷി വന്‍ വിജയം. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഒഴിഞ്ഞ പറമ്പുകളിലാണ് ഓരോ ഗ്രൂപ്പും കൃഷി തുടങ്ങിയത്. സ്ത്രീകള്‍ക്ക് അധിക വരുമാനവും പുതിയ തൊഴിലറിവും നല്‍കാന്‍ പദ്ധതി വഴി സാധിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാര്‍ പറഞ്ഞു.

9. ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇ- ഹെൽത്ത്‌ സംവിധാനം സംസ്ഥാനത്തെ 456 ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രികളിലെ ഒ.പി ബുക്കിംഗ് മുതൽ ലാബ് റിസൾട്ടുകൾ വരെ ഓൺലൈനായി ലഭ്യമാക്കുന്നത് രോഗികൾക്ക് വലിയ ആശ്വാസമായി മാറിയെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട്‌ ബ്ലോക്കുതല ആരോഗ്യമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗ നിർണയത്തിനായി ആരംഭിച്ച ‘ശൈലി’ ആപ്പിന്റ ഭാഗമായി 140 പഞ്ചായത്തുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്ത സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സയോജിത പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

10. ഖത്തറിലെ കൃഷി സ്നേഹികളെ ഒത്തൊരുമിപ്പിച്ച് അഗ്രി ഫെയർ 2022. പ്രവാസികൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, പ്രോത്സാഹിപ്പിക്കുക, കൃഷി സ്നേഹികളെ ഒത്തൊരുമിപ്പിക്കുക എന്നിവയായിരുന്നു മേളയുടെ ലക്ഷ്യം. ഖത്തർ സിഐസി റയാൻ സോണുമായി ചേർന്നാണ് പ്രദർശനവും വിപണനവും സംഘടിപ്പിച്ചത്.

11. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടാകുമെന്നും പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലിനും സാധ്യയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 1 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Center has allocated Rs 51.56 crore to Kerala for distribution of ration

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters