കേരങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് തെങ്ങുകൾ വളരെ കുറവ്. ചെല്ലികൾ കാരണം തെങ്ങൊന്നും വളർച്ചയെത്തി നല്ല കായ് ഫലം തരുന്നില്ല. നൂറു കണക്കിന് വർഷങ്ങളോളം തെങ്ങുകളുടെ നാടായിരുന്ന കേരളത്തിൽ എന്തുകൊണ്ട് പെട്ടെന്നിങ്ങനെ ഒരു മാറ്റം വന്നു ?
തെങ്ങിന്റെ നാശത്തെക്കുറിച്ചറിയണമെങ്കിൽ നമുക്ക് 25 വർഷങ്ങൾക്കു മുൻപിലേക്കൊരു യാത്ര നടത്താം. സ്ഥലം വീടിന്റെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽ അമ്മയോടൊപ്പം നിൽക്കുന്ന ഏഴാം ക്ലാസുകാരന്റെ കണ്ണ് മുഴുവൻ അവിടെയുള്ള കാക്കകളിൽ ആയിരുന്നു. സ്റ്റേഷനിൽ നൂറു കണക്കിന് കാക്കകൾ. യാത്രക്കാർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും വേസ്റ്റും ഒക്കെ തിന്നാൽ മത്സരിച്ചു പറക്കുന്നു. ഒരിത്തിരി പേടിയോടെയും കൗതുകത്തോടെയും ആ ഏഴാം ക്ലാസ്സുകാരൻ കാക്കക്കൂട്ടത്തെ കൗതുകത്തോടെ നോക്കി നിന്നിരുന്നു.
അന്നൊക്കെ വീട്ടിൽ മീന്റെ വേസ്റ്റ് പറമ്പിലേക്ക് കളയുമ്പോൾ അത് തിന്നാൻ ഒരു പൂച്ചയും ഒരു ഡസൻ കാക്കകളും കാണുമായിരുന്നു. അന്ന് രാവിലെ എഴുന്നേൽക്കുന്നത് പലപ്പോഴും കാക്കകളുടെ അസഹനീയമായ ബഹളം കെട്ടായിരുന്നു.
കാലം മാറി. കീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം കാക്കകളുടെ വംശനാശ ഭീഷണിക്ക് കാരണമായി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും പറമ്പിലും കാക്കകളില്ല. കീടനാശിനി കലർന്ന വെള്ളം കുടിച്ചും വിഷം തിന്നു ചത്ത പുഴുക്കളെ തിന്നും കാക്കകളും ഇല്ലാതായി.
പണ്ടൊക്കെ എവിടെയെങ്കിലും ചാണകം ഇട്ടാൽ ചുറ്റും ഡസൻ കണക്കിന് കാക്കകൾ വന്നു പറക്കുമായിരുന്നു. തെങ്ങിനെ കൊല്ലുന്ന കൊമ്പന്‍ ചെല്ലിയുടെ പുഴുക്കളെ തിന്നാൻ ആയിരുന്നു കാക്കകൾ വട്ടമിട്ടു പറന്നിരുന്നത്. ഇന്ന് കാക്കകൾ ഇല്ലാതായതോടെ കൊമ്പന്‍ ചെല്ലിയുടെ പുഴുക്കൾ ചാണകത്തിൽ പെറ്റുപെരുകി. ഇവയെല്ലാം പറന്നു ചെന്ന് തെങ്ങിന്റെ ഇലകൾ തുരന്നു തിന്നു. കുണ്ടളപ്പുഴുവിനെപ്പോലെ മറ്റു പുഴുക്കളും മുട്ടയിട്ടു യഥേഷ്ട്ടം പെരുകി.
അങ്ങനെ കീടനാശിനയും കളനാശിനിയും അടിച്ചു നമ്മൾ നാട്ടിലെ തെങ്ങിന് വംശ നാശ ഭീഷണി വരുത്തി. ഇനി ബാക്കിയുള്ള പക്ഷികളെയും കൂടി കൊന്നു നമ്മുടെ പരിസ്ഥിതി പൂർണമായും തകർക്കാനായി നാട്ടുകാർ കളനാശിനികളും കീടനാശിനികളും മത്സരിച്ചു പറമ്പിൽ തളിക്കുന്നു.
പേടിക്കേണ്ട, തെങ്ങിന്റെ പുഴുക്കളെ കൊല്ലാൻ തെങ്ങിൽ കുത്തി വെക്കാൻ വേണ്ടി ഇതിലും വലിയ കൊടും വിഷങ്ങളുമായി അമേരിക്കയിലെ കീടനാശിനി കമ്പനികൾ വന്നോളും. കാക്കയുടെ പണി അമേരിക്കൻ കമ്പനിയുടെ കീടനാശിനികൾ ഏറ്റെടുക്കുന്നതോടെ എല്ലാം ശുഭം.
കാക്കകൾ ഇല്ലാതായെങ്കിലെന്താ , കീടനാശിനി കമ്പനിക്കാരുടെ കാശു വീർക്കില്ലേ, ഓരോ പഞ്ചായത്തിലും ഓരോ ക്യാൻസർ ആശുപത്രികൾ പൊങ്ങി വരുകയുമില്ലേ.
ശ്രീജേഷ്