വിരിപ്പായ (പീക്കിങ് മാറ്റ് )നിലത്തു വിരിച്ച ശേഷം വിളവെടുപ്പ് നടത്തുന്നത് വഴി പെറുക്ക് കാപ്പിയുടെ അളവ് കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി കാപ്പികായ് തുരപ്പൻ ആക്രമണത്തെ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും. കാപ്പിസംസ്കരണം രണ്ടു രീതിയിലുണ്ടെകിലും ചെറുകിട കർഷകർ കൂടുതൽ ഉള്ള വയനാട്ടിൽ ഉണ്ടാക്കാപ്പി രൂപത്തിലാണ് കാപ്പി സംസ്കരിക്കപ്പെടുന്നത്. പറിച്ചെടുത്ത കാപ്പി സിമൻറ് അഥവാ ഓടുപാകിയ കളങ്ങളിൽ 8 സെ.മി കനത്തിൽ നിരത്തിയിടണം. ഓരോ മണിക്കൂർ ഇടവിട്ട് ഇത് ഇളക്കിക്കൊണ്ടിരിക്കണം .വൈകുന്നേരങ്ങളിൽ കൂട്ടിയിട്ട് മൂടിയിടുകയും വേണം. നല്ല സൂര്യപ്രകാശം ലഭിച്ചാൽ 12 തൊട്ടു 15 ദിവസത്തിനുള്ളിൽ കാപ്പി ഉണങ്ങുന്നതാണ് . ഉണങ്ങിയ ഒരു പിടി കാപ്പി കയ്യിലെടുത്തു കുലുക്കി നോക്കിയാൽ കുലുങ്ങുന്ന ശബ്‌ദം കേട്ടാൽ പാകത്തിനുണങ്ങി എന്നനുമാനിക്കാം.
മോയ്‌സ്റ്റർ മീറ്റർ ഉപയോഗിച്ചും ജലാംശ നിലവാരം അളക്കാം. റോബസ്റ്റ ചെറിയുടെ ശരാശരി ജലാംശ നിരക്ക് 11 ശതമാനം ആണ്.സംസ്കരണത്തിന് ശേഷം സംഭരണത്തിനായി കാപ്പി വൃത്തിയുള്ള ചാക്കുകളിലാണ് ശേഖരിക്കേണ്ടത്. ഗുണമേന്മയും , തൂക്കവും അനുസരിച്ചു ഒരോ ലോട്ടും പ്രത്യേകം ,പ്രത്യേകം അടുക്കണം.കാപ്പി ചാക്കുകൾ മരത്തട്ടുകൾക്ക് മുകളായിലാണ് അട്ടിയിടേണ്ടത് .കാപ്പി ചാക്ക് അട്ടികൾ സംഭരണ മുറിയുടെ ചുമരിൽ ചാഞ്ഞിരിക്കാൻ അനുവദിക്കരുത്. ഇതര വസ്തുക്കളുടെ ഗന്ധം ആഗീരണം ചെയ്യാനുള്ള കഴിവുകാപ്പിക്കുള്ളതിനാൽ രൂക്ഷ ഗന്ധമുള്ള വസ്തുക്കളുടെ കൂടെയോ,രാസവളം,കീടനാശിനി,മുതലായവയ്ക്കൊപ്പമോ കാപ്പി സൂക്ഷിക്കുന്നത് അഭികാമ്യമല്ല .
Share your comments