.വിള ഇൻഷുറൻസ് - കർഷകനെന്നും കൈത്താങ്ങ്
- വിഷ്ണു .എസ്.പി
അഗ്രിക്കൾച്ചറൽ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യൂറോ
9744444279
കാലാവസ്ഥ വ്യതിയാനങ്ങൾ പ്രവചനാതീതമായിക്കൊണ്ടിരിക്കുന്ന കാലമാണിത് . പ്രകൃതിയോടും കാലാവസ്ഥയോടും മല്ലിട്ട് കൊണ്ടുള്ള ജീവിതമാണ് കർഷകർ എന്നും നയിച്ചു പോരുന്നത് . വെള്ളപ്പൊക്കം, വന്യജീവികളുടെ ആക്രമണം തുടങ്ങി പ്രതികൂല ഘടകങ്ങൾ അനവധിയുണ്ട് . ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ കൃഷിക്കും കർഷകനും മാത്രമല്ല, നാടിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കു തന്നെ വലിയ നഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്.
കഴിഞ്ഞ കുറെ വർഷങ്ങളായി വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങി പല രൂപത്തിൽ പ്രകൃതിക്ഷോഭങ്ങൾ കാർഷിക മേഖലയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോടുള്ള വിവേചനരഹിതമായ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ആഗോള താപനത്തിനും ഇടയാക്കുകയും തന്മൂലം സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുകയുമാണ് . എന്നാലും ചിരസ്ഥായിയായ നമ്മുടെ കാർഷിക വിളകളെയും ഭക്ഷ്യസുരക്ഷയുടെ പ്രതീകങ്ങളായ ധാന്യവിളകൾ , പഴം-പച്ചക്കറി വിളകൾ എന്നിവയെയും നമുക്ക് സംരക്ഷിച്ചേ മതിയാകൂ . വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുകയാണ് ഏകമാർഗ്ഗം.
Kerala State Government is implementing Crop Insurance to farmers who suffer any kind of loss due to natural disaster. Crop Insurance is being held in the district from July 1 to 15 to get more farmers directly involved in the agricultural crop insurance scheme. Kalpetta Agriculture Assistant Director said that 27 varieties of crops can be insured through the respective Krishi Bhavan, subject to conditions.
വിള ഇൻഷുറൻസ് പദ്ധതികൾ മൂന്നുതരം
1. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി
2. പ്രധാനമന്ത്രി ഫസൽ ബീമാ യോജന
3. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി
കേരള സർക്കാർ 1995 -ൽ നിലവിൽ കൊണ്ടുവന്ന വിള ഇൻഷുറൻസ് പദ്ധതിയാണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി . പദ്ധതി ആരംഭിച്ച് 21 വർഷം വരെ നഷ്ടപരിഹാരത്തുക യിൽ വർദ്ധനവ് ഒന്നുമില്ലാതെ ഒരേ നിരക്കിലായിരുന്നു നഷ്ടപരിഹാരം നൽകി വന്നിരുന്നത്. എന്നാൽ 2017 മാർച്ച് മാസം പദ്ധതി പരിഷ്കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നിലവിലുണ്ടായിരുന്ന നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ ആസ്പദമാക്കി കൃഷിച്ചെലവിന് ആനുപാതികമായ നിലയിലേക്ക് ഉയർത്തിക്കൊണ്ട് പദ്ധതി പുനരാവിഷ്കരിക്കപ്പെട്ടു .ഇതു പ്രകാരം നഷ്ടപരിഹാരത്തുക യിൽ ഇരട്ടി മുതൽ 12 ഇരട്ടി വരെ പല വിളകൾക്കും വർദ്ധനവുണ്ടായിട്ടുണ്ട് .അതേസമയം പ്രീമിയം നിരക്കാകട്ടെ, തുച്ഛമായ വർദ്ധനവു മാത്രമാണ് ഉണ്ടായിട്ടുള്ളത്.
പ്രത്യേകതകൾ എന്തെല്ലാം?
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം കാർഷികവിളകൾക്ക് വിവിധ പ്രകൃതിദുരന്തങ്ങൾ നിമിത്തമുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. വരൾച്ച, വെള്ളപ്പൊക്കം ,ഉരുൾ പൊട്ടൽ ,മണ്ണിടിച്ചിൽ ,ഭൂമികുലുക്കം ,കടലാക്രമണം ,ചുഴലിക്കാറ്റ് ,കൊടുങ്കാറ്റ്, ഇടിമിന്നൽ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ നിമിത്തമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും .
എങ്ങനെ പദ്ധതിയിൽ അംഗമാകാം?
സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം. പദ്ധതിയിൽ അംഗമാകാൻ ഉദ്ദേശിക്കുന്ന കർഷകർ ഇതിനായി നിശ്ചയിച്ചിട്ടുള്ള അപേക്ഷ ഫോറം ,പൂരിപ്പിച്ച രേഖകൾ സഹിതം അതാത് കൃഷിഭവനുകളിൽ നൽകുകയാണ് വേണ്ടത്. ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകുന്നതിനും അവസരമുണ്ട് .
http://www.aims.kerala.gov.in/home
എന്ന വെബ് പോർട്ടൽ മുഖാന്തിരം കർഷകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് .
AlMS മൊബൈൽ ആപ്പും ഇതിനായി സജ്ജമായി വരുന്നുണ്ട്. പ്രീമിയം തുക അപേക്ഷ സമർപ്പിച്ചശേഷം നേരിട്ടോ , ഇതിനായി നിയോഗിച്ച ഏജൻറ്മാർ മുഖേനയോ ജില്ലാ സഹകരണ ബാങ്ക്, ഗ്രാമീണ ബാങ്ക് ശാഖകളിൽ അടയ്ക്കണം.
ഇതിൻറെ അടിസ്ഥാനത്തിൽ പോളിസി കർഷകന് ലഭിക്കും . വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്പ് വഴിയും ഓൺലൈനായി പോളിസി കൈപ്പറ്റുന്നതിനും അവസരമുണ്ട് . പ്രീമിയം തുക അടച്ച ദിവസം മുതൽ 7 ദിവസങ്ങൾക്കു ശേഷമാണ് നഷ്ടപരിഹാരത്തിന് അർഹത ലഭിക്കുന്നത്. വിളകൾക്ക് ഉണ്ടാകുന്ന പൂർണ്ണ നാശത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ഭാഗികമായ നഷ്ടം കണക്കാക്കുന്നതല്ല .
എന്നാൽ നെൽക്കൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിലധികം നഷ്ടമുണ്ടായാൽ അത് പൂർണ്ണ നഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതാണ് . ഇൻഷുർ ചെയ്യുമ്പോൾ കർഷകർ കൃഷിഭൂമിയിലെ വിളകൾ പൂർണ്ണമായും ഇൻഷ്വർ ചെയ്തിരിക്കേണ്ടതാണ്.
വിള നാശം സംഭവിച്ചാൽ കർഷകർ എന്തു ചെയ്യണം?
വിള നാശം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോറത്തിൽ അതത് കൃഷിഭവനുകളിൽ കർഷകർ അപേക്ഷ നൽകണം . ഓൺലൈനായും കർഷകർക്ക് അധികാരികളെ അറിയിക്കാവുന്നതാണ് .പരിശോധന കഴിയും വരെ നാശനഷ്ടം സംഭവിച്ച വിളകൾ അതേ പടി നിലനിർത്തേണ്ടതാണ് . പരിശോധനക്കു ശേഷം നഷ്ടപരിഹാരത്തുക ഓരോ കർഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുന്നത് .
I. പ്രധാനമന്ത്രി ഫസൽ ബീമ യോജന ( PMFBY)
ഈ പദ്ധതിയിൽ ആലപ്പുഴ, കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലെയും വാഴ ,മരച്ചീനി എന്നീ വിളകളുമാണ് വിജ്ഞാപനം ചെയ്തു വരുന്നത് . ഈ പദ്ധതി പ്രകാരം പ്രധാനമായും നാലു തരത്തിലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്.
1. പരീക്ഷണ വിളവെടുപ്പിനെ അടിസ്ഥാനപ്പെടുത്തി സീസൺ ആവസാനം ലഭ്യമാകുന്ന നഷ്ടപരിഹാരം .
പരീക്ഷണ വിളവെടുപ്പ് മുഖേന പഞ്ചായത്ത് /ബ്ലോക്ക് അടിസ്ഥാനത്തിൽ അവിടെ കിട്ടേണ്ടിയിരുന്ന വിളവിനെ യഥാർത്ഥ വിളവുമായി താരതമ്യപ്പെടുത്തി പദ്ധതി മാനദണ്ഡങ്ങൾക്ക് വിധേയമായി നഷ്ടപരിഹാരം നൽകുന്നതാണ് ആദ്യത്തെ രീതി. വിജ്ഞാപിത പ്രദേശത്ത് പ്രസ്തുത സീസണിൽ യഥാർത്ഥത്തിൽ ലഭിച്ച വിളവ് ( Actual Yield) , കിട്ടേണ്ടിയിരുന്ന വിളവിനെ ( Threshold yield ) അപേക്ഷിച്ച് കുറവാണെങ്കിൽ ആ വിജ്ഞാപിത പ്രദേശത്ത് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ് .
2 . നടീൽ /വിത്ത് വിതയ്ക്കൽ തടസ്സപ്പെടൽ കാരണം ലഭ്യമാകുന്ന നഷ്ടപരിഹാരം
ഇതു പ്രകാരം പ്രദേശത്ത് വിളയുടെ വിസ്തീർണ്ണത്തിൻ്റെ 75 ശതമാനത്തിൽ കൂടുതൽ സ്ഥലത്ത് നാശനഷ്ടം ഉണ്ടാവുകയാണെങ്കിൽ പ്രതികൂല സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന പൂർണ്ണ നഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം നൽകും. നെൽകൃഷിയിൽ മാത്രമായിരിക്കും ഇത് ബാധകം.
3 . ഇടക്കാല നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം
വിതയ്ക്കൽ/ നടീൽ കഴിഞ്ഞ് 30 ദിവസത്തിനു ശേഷവും , കൊയ്ത്തിന് 15 ദിവസത്തിന് മുമ്പും വരെയുള്ള കാലയളവിൽ വെള്ളപ്പൊക്കം, വരൾച്ച, തുടർച്ചയായ വരണ്ട കാലാവസ്ഥ തുടങ്ങിയവ മൂലം നഷ്ടം ഉണ്ടാവുകയും തന്മൂലം ഒരു പ്രദേശത്തെ പ്രതീക്ഷിത വിളവ് , സാധാരണ ലഭ്യമാകേണ്ട വിളവിനേക്കാൾ 50 ശതമാനത്തിൽ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പദ്ധതി മാനദണ്ഡങ്ങൾക്ക് വിധേയമായി നഷ്ടപരിഹാരം ലഭിക്കും .
4 . വ്യക്തിഗത നഷ്ടങ്ങൾ ക്കുള്ള നഷ്ടപരിഹാരം
ഇൻഷുറൻസ് കാലയളവിൽ വെള്ളപ്പൊക്കം ( നെല്ല് ഒഴികെയുള്ള വിളകൾക്ക്) ആലിപ്പഴ മഴ ,ഇടിമിന്നൽ മൂലം ഉണ്ടാകുന്ന തീപിടുത്തം , മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മൂലമുണ്ടാകുന്ന വ്യക്തിഗതവിള നാശ ങ്ങൾക്കു പരിരക്ഷ ലഭിക്കും.
II . പുനരാവിഷ്കൃത കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ( RWBCIS )
ഇതിൽ മറ്റ് ജില്ലകളിലെ നെല്ല് ,കുരുമുളക് ,ഇഞ്ചി ,മഞ്ഞൾ ,ഏലം , ജാതി ,പൈനാപ്പിൾ, കരിമ്പ് ,കവുങ്ങ് ,വാഴ ,കശുമാവ് ,പാവൽ ,പടവലം തക്കാളി ,മാവ്, പയർ ,കുമ്പളം ,മത്തൻ, വെള്ളരി ,വെണ്ട, പച്ചമുളക് ,മുളക് ,ചെറു ധാന്യങ്ങൾ എന്നിവ രണ്ടു സീസണിലും ബീൻസ് ,ക്യാരറ്റ് ,കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവ റാബി സീസണിലും വിജ്ഞാപനം ചെയ്തു വരുന്നു. വെള്ളപ്പൊക്കം മൂലം എല്ലാ വിളകൾക്കും വാഴ ,ജാതി ,കുരുമുളക്, കവുങ്ങ് ,കൊക്കോ ,ഏലം എന്നീ വിളകൾക്ക് കാറ്റ് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്കും ആലപ്പുഴ, കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും എല്ലാ വിളകൾക്കും ഉരുൾപൊട്ടലിനും വ്യക്തിഗത ഇൻഷുറൻസ് ആയി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കുന്നതാണ് .
വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന കർഷകരുടെ എണ്ണം കുറവായിരുന്നെങ്കിലും പദ്ധതിയിലെ ആകർഷകത്വം കാരണം കൂടുതൽ കർഷകർ ഇപ്പോൾ അംഗങ്ങളാകുന്നുണ്ട്. പലരും ഇത് സങ്കീർണത നിറഞ്ഞ ഒരു ചടങ്ങ് ആണെന്ന് കരുതിയാണ് ഒഴിവാകുന്നത്. എന്നാൽ തീർത്തും വളരെ ലളിതമായി കർഷകർക്കു ചേരാവുന്ന ഒരു പദ്ധതിയാണിത് . പ്രകൃതി ദുരന്തങ്ങൾ നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തിരിച്ചറിവ് നടത്തേണ്ട സമയം കൂടിയാണിത്. കർഷകൻ്റയും അവൻ്റെ കുടുംബത്തിൻ്റെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഒരു കൈത്താങ്ങായി തന്നെ വിള ഇൻഷുറൻസ് പദ്ധതികളെ കാണാം.
തെങ്ങ്
അടയ്‌ക്കേണ്ട പ്രീമിയം - തെങ്ങൊന്നിന് 2 രൂപ ഒരു വർഷത്തേക്ക്, (3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ തെങ്ങൊന്നിന് 5 രൂപ)
നഷ്ടപരിഹാര തോത് - തെങ്ങൊന്നിന് 2000 രൂപ)
കമുക്
അടയ്‌ക്കേണ്ട പ്രീമിയം - ഒരു മരത്തിന് ഒരു വർഷത്തേക്ക് 1.50 രൂപ , 3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് 3 രൂപ
നഷ്ടപരിഹാര തോത് - 1 മരത്തിന് 200 രൂപ
റബ്ബർ
അടയ്‌ക്കേണ്ട പ്രീമിയം - ഒരു മരത്തിന് ഒരു വർഷത്തേയ്ക്ക് 3 രൂപ , 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 7.50 രൂപ
നഷ്ടപരിഹാര തോത് -1 മരത്തിന് 1000 രൂപ
കശുമാവ്
അടയ്‌ക്കേണ്ട പ്രീമിയം - ഒരു മരത്തിന് ഒരു വർഷത്തേയ്ക്ക് 3 രൂപ , 3 വർഷത്തേയ്ക്ക് 7.50 രൂപ.
നഷ്ടപരിഹാര തോത് - 1 മരത്തിന് 750 രൂപ
വാഴ
(എ) ഏത്തൻ, കപ്പ
(ബി) ഞാലിപ്പൂവൻ
(സി) മറ്റിനങ്ങൾ
അടയ്‌ക്കേണ്ട പ്രീമിയം - ഒരു വാഴയ്ക്ക് 3 രൂപ
നഷ്ടപരിഹാര തോത് - (എ) കുലയ്ക്കാത്തതിന് 150 രൂപ,(ബി) കുലയ്ക്കാത്തതിന് 100 രൂപ, (സി) കുലയ്ക്കാത്തതിന് 50 രൂപ.
(എ) കുലച്ചതിന് 300 രൂപ, (ബി)കുലച്ചതിന് 200 രൂപ (സി) കുലച്ചതിന് 75 രൂപ
മരച്ചീനി
അടയ്‌ക്കേണ്ട പ്രീമിയം - 0.02 ഹെക്ടറിന് 3 രൂപ
നഷ്ടപരിഹാര തോത് - ഹെക്ടറൊന്നിന് 10000 രൂപ
കൈതച്ചക്ക
അടയ്‌ക്കേണ്ട പ്രീമിയം - 0.02 ഹെക്ടറിന് 37.50 രൂപ
നഷ്ടപരിഹാര തോത് -ഹെക്ടറൊന്നിന് 50000 രൂപ
കുരുമുളക്
അടയ്‌ക്കേണ്ട പ്രീമിയം - ഒരു താങ്ങു മരത്തിലുള്ളതിന് ഒരു വർഷത്തേക്ക് 1.50 രൂപ. മൂന്നു വർഷത്തേയ്ക്കു ഒന്നിച്ചടച്ചാൽ 3 രൂപ.
നഷ്ടപരിഹാര തോത് - ഓരോ താങ്ങു മരത്തിലും ഉള്ളതിന് 200 രൂപ വീതം
ഏലം
അടയ്‌ക്കേണ്ട പ്രീമിയം - ഒരു വർഷത്തേയ്ക്ക് ഹെക്ടറിന് 1500 രൂപ
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ 3750 രൂപ
നഷ്ടപരിഹാര തോത് - ഹെക്ടർ ഒന്നിന് 60000 രൂപ
ഇഞ്ചി
അടയ്‌ക്കേണ്ട പ്രീമിയം - 0.02 ഹെക്ടറിന് 15 രൂപ
നഷ്ടപരിഹാര തോത് - ഹെക്ടറൊന്നിന് ` 80000 രൂപ
മഞ്ഞൾ
അടയ്‌ക്കേണ്ട പ്രീമിയം - 0.02 ഹെക്ടറിന് 15 രൂപ.
നഷ്ടപരിഹാര തോത് - ഹെക്ടറൊന്നിന് 60000 രൂപ.
കാപ്പി
അടയ്‌ക്കേണ്ട പ്രീമിയം - ഒരു ചെടിക്ക് ഒരു വർഷത്തേയ്ക്ക് 1.50 രൂപ
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ 3 രൂപ
നഷ്ടപരിഹാര തോത് - ഒരു മരത്തിന് 350 രൂപ
തേയില
അടയ്‌ക്കേണ്ട പ്രീമിയം - ഹെക്ടറൊന്നിന് ഒരു വർഷത്തേയ്ക്ക് 1500 രൂപ
3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ 3750 രൂപ
നഷ്ടപരിഹാര തോത് - ഹെക്ടറൊന്നിന് 70000 രൂപ. ഇൻഷ്വർ ചെയ്തതിന്റെ 10% മോ, 2 ഹെക്ടറോ ഏതാണോ കുറവ് അതിന് നഷ്ടപരിഹാരം നൽകാവുന്നതാണ്
കൊക്കോ
അടയ്‌ക്കേണ്ട പ്രീമിയം - ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് 1.50 രൂപ.
മൂന്നുവർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ 3 രൂപ.
നഷ്ടപരിഹാര തോത് - ഒരു മരത്തിന് 300 രൂപ.
നിലക്കടല
അടയ്‌ക്കേണ്ട പ്രീമിയം - 0.1 ഹെക്ടറിന് 37.50 രൂപ
നഷ്ടപരിഹാര തോത് - ഹെക്ടറൊന്നിന് ` 12000 രൂപ
എള്ള്
അടയ്‌ക്കേണ്ട പ്രീമിയം - 0.1 ഹെക്ടറിന് ` 37.50
നഷ്ടപരിഹാര തോത് - ഹെക്ടർ ഒന്നിന് ` 12500
പച്ചക്കറി
അടയ്‌ക്കേണ്ട പ്രീമിയം - (പന്തലുള്ളവയും, പന്തലില്ലാത്തവയും) 10 സെന്റിന് 10 രൂപ
നഷ്ടപരിഹാര തോത് - പന്തലില്ലാത്തവയ്ക്ക് ഹെക്ടറൊന്നിന് 25000 രൂപ, പന്തലുള്ളവയ്ക്ക് ഹെക്ടറൊന്നിന് 40000 രൂപ
ജാതി
അടയ്‌ക്കേണ്ട പ്രീമിയം - ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് 3 രൂപ , 3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ 7.50 രൂപ
നഷ്ടപരിഹാര തോത് - 3000 ഒരു മരത്തിന്
ഗ്രാമ്പു
അടയ്‌ക്കേണ്ട പ്രീമിയം - ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് 3 രൂപ, 3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ 7.50 രൂപ
നഷ്ടപരിഹാര തോത് - ` 1000 ഒരു മരത്തിന്
വെറ്റില
അടയ്‌ക്കേണ്ട പ്രീമിയം - ഒരു വർഷത്തേയ്ക്ക് സെന്റൊന്നിന് 7.50 രൂപ, നഷ്ടപരിഹാര തോത് - സെന്റൊന്നിന് ` 1000
പയർ വർഗ്ഗങ്ങൾ
അടയ്‌ക്കേണ്ട പ്രീമിയം - 0.10 ഹെക്ടറിന് 19 രൂപ, നഷ്ടപരിഹാര തോത് - ഹെക്ടറിന് 10000 രൂപ
കിഴങ്ങു വർഗ്ഗങ്ങൾ (ചേന, മധുരകിഴങ്ങ് )
അടയ്‌ക്കേണ്ട പ്രീമിയം -
(എ) ചേനകൃഷിക്ക് 7.50/-രൂപ,
(ബി) മധുരക്കിഴങ്ങ് കൃഷിക്ക് 4.50/-രൂപ,
നഷ്ടപരിഹാര തോത് - ചേന ഹെക്ടറിന് 35000 രൂപ,
മധുരകിഴങ്ങ് ഹെക്ടറൊന്നിന് ` 15,000 രൂപ
കരിമ്പ്
അടയ്‌ക്കേണ്ട പ്രീമിയം - 0.10 ഹെക്ടറിന് 90/-
നഷ്ടപരിഹാര തോത് - ഹെക്ടറൊന്ന് ` 50000
പുകയില
അടയ്‌ക്കേണ്ട പ്രീമിയം - പുകയില 0.02 ഹെക്ടറിന് 3/- രൂപ
നഷ്ടപരിഹാര തോത് - ഹെക്ടറൊന്നിന് 20000 രൂപ
നെല്ല്
അടയ്‌ക്കേണ്ട പ്രീമിയം - 0.10 ഹെക്ടറിന് 25/- രൂപ
നഷ്ടപരിഹാര തോത് -45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് 15000 രൂപ
45 ദിവസത്തിനുശേഷമുള്ള വിളകൾക്ക് ഹെക്ടറിന് 35000 രൂപ
(കീടരോഗബാധ കൃഷി ഭവനിൽ അറിയിച്ച് വേണ്ട നടപടികൾ എടുത്തതിനു ശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ).
മാവ്
അടയ്‌ക്കേണ്ട പ്രീമിയം - ഒരു മരത്തിന്ഒരു വർഷത്തേക്ക് 10 രൂപ
നഷ്ടപരിഹാര തോത് - 3 വർഷ ത്തേക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് 25 രൂപ
10 വർഷം വരെ പ്രായമുള്ള മരങ്ങൾക്ക് 1 മരത്തിന് 1000 രൂപ
10 വർഷത്തിനുമേൽ പ്രായമുള്ള മരങ്ങൾക്ക് 1 മരത്തിന് 2000 രൂപ
ചെറുധാന്യങ്ങള്‍
അടയ്‌ക്കേണ്ട പ്രീമിയം - 0.1 ഹെക്ടറിന് 25 രൂപ (സെന്റിന് 1 രൂപ നിരക്കിൽ)
നഷ്ടപരിഹാര തോത് - വിതച്ച് 45 ദിവസത്തിനകം ഉള്ള വിളകൾക്ക് ഹെക്ടറൊന്നിന് 10000 രൂപ.
45 ദിവസത്തിനു മുകളിലുള്ള വിളകള്‍ക്ക് ഹെക്ടറൊന്നിന് 25000/- രൂപ
നെല്ല്, ചെറുധാന്യങ്ങൾ എന്നിവ വിതച്ച് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനകം ഇൻഷ്വർ ചെയ്യാവുന്നതാണ്.
ദീർഘകാല വിളകൾ കായ്ച്ചു തുടങ്ങുന്നതുവരെയുള്ള കാലയളവിലേക്കായി പ്രത്യേക വിള ഇൻഷുറൻസ് പദ്ധതിയുണ്ട്.