1. News

അട്ടപ്പാടിയിൽ കിഴങ്ങുവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി CTCRI റെയിൻബോ ഡയറ്റ് ക്യാമ്പയിൻ ആരംഭിച്ചു

കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുളള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് അട്ടപ്പാടിയിലെ അഗളിയിൽ ' റെയിൻബോ ഡയറ്റ് ക്യാമ്പയിൻ' ആരംഭിച്ചു.

Meera Sandeep
CTCRI launched Rainbow Diet campaign to promote bio-rich tubers in Attapadi
CTCRI launched Rainbow Diet campaign to promote bio-rich tubers in Attapadi

കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുളള  തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ),  പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് അട്ടപ്പാടിയിലെ അഗളിയിൽ ' റെയിൻബോ ഡയറ്റ് ക്യാമ്പയിൻ' ആരംഭിച്ചു.  സിടിസിആർഐ വികസിപ്പിച്ചെടുത്ത ജൈവ-സമ്പുഷ്ടമായ കിഴങ്ങുവിളകളുടെ ഉൽപാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പ്രചാരണം.

'ജൈവ-സമ്പുഷ്ടമായ കിഴങ്ങുകൾ പ്രകൃതിദത്തമായ രീതിയിൽ, താങ്ങാനാവുന്ന ചിലവിൽ  ഉൽപ്പാദിപ്പിക്കുന്നത് ആദിവാസികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണെന്ന്, കില കാമ്പസിൽ നടന്ന ചടങ്ങിൽ  പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്, ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു അഭിപ്രായപ്പെട്ടു. ആദിവാസി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടാമ്പി ആർഎആർഎസിൽ പുതിയ സാറ്റലൈറ്റ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുമെന്ന്  അദ്ദേഹം അറിയിച്ചു.

ഈ പരിപാടിയുടെ കീഴിൽ, അട്ടപ്പാടിയിലെ ഷോളയൂർ, പുളിമല പ്രദേശങ്ങളിലെ ആദിവാസി മേഖലകളിൽ പോഷക സമൃദ്ധമായ കിഴങ്ങുവിളകളായ ഓറഞ്ച്, പർപ്പിൾ മാംസമുള്ള മധുരക്കിഴങ്ങ് (വിറ്റാമിൻ എ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമായത്), പർപ്പിൾ മാംസളമായ ചേന (ആന്തോസയാനിൻ ധാരാളമായുള്ളത്) എന്നിവ അവതരിപ്പിച്ചു.

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സമീകൃത പോഷണം നൽകുന്ന ബയോഫോർട്ടിഫൈഡ് മധുരക്കിഴങ്ങ്, മരച്ചീനി, തിന എന്നിവയിൽ നിന്ന് വികസിപ്പിച്ചെടുത്ത 'കിഴങ്ങുവിളകളിൽ നിന്നുള്ള റെയിൻബോ ഡയറ്റ് പ്ലേറ്റും  - തദവസരത്തിൽ അവതരിപ്പിച്ചു. നിലവിൽ, ന്യൂട്രിസീഡ് വില്ലേജ്, സ്‌കൂൾ കണക്റ്റ് പ്രോഗ്രാം, കപ്പാസിറ്റി പ്ലസ് എന്നിങ്ങനെ മൂന്ന് പ്രത്യേക പരിപാടികളിലൂടെയാണ് റെയിൻബോ ഡയറ്റ് കാമ്പെയ്‌ൻ പദ്ധതി നടപ്പിലാക്കുന്നത്. ന്യൂട്രിസീഡ് ഗ്രാമം പദ്ധതി പ്രകാരം വയലൂർ, ചിറ്റൂർ വില്ലേജുകളിൽ നിന്നുള്ള 24 ആദിവാസി കർഷകർ ബയോഫോർട്ടിഫൈഡ് മധുരക്കിഴങ്ങ് ഇനങ്ങളായ ഭൂ സോന, ഭൂ ജ, ഭൂ കാന്തി (ഓറഞ്ച്-മാംസമുള്ളത്), ഭൂ കൃഷ്ണ (പർപ്പിൾ മാംസം) എന്നിവയുടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇനി കിഴങ്ങു വർഗ്ഗങ്ങൾ കൃഷി ചെയ്യാനുള്ള കാലം

പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ  ഡോ.പി.പി. മൂസ  അധ്യക്ഷനായിരുന്നു.

 പട്ടാമ്പിയിലെ കെ.വി.കെ., കെ.എ.യു., പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. സുമിയ കെ.വി., അഗളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ലത ആർ., പ്രിൻസിപ്പൽ സയന്റിസ്റ്റും റെയിൻബോ ഡയറ്റ് കാമ്പെയ്‌നിന്റെ പ്രോജക്ട് ലീഡറുമായ ഡോ. പി.സേതുരാമൻ ശിവകുമാർ, ഐസിഎആർ-സിടിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ശരവണൻ രാജു, പട്ടാമ്പി ആർഎആർഎസ് പ്രൊഫസറും, അട്ടപ്പാടി കാമ്പയിൻ കോ-ഓർഡിനേറ്ററുമായ ഡോ. ബി ഷൺമുഖസുന്ദരം എന്നിവർക്കൊപ്പം അട്ടപ്പാടി ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി സുജ കെ.കെ.യും കർഷകരുമായി സംവദിച്ചു. ജൈവഫോർട്ടിഫൈഡ് മധുരക്കിഴങ്ങിന്റെ നടീൽ വസ്തുക്കൾ കർഷകർക്ക് വിതരണം ചെയ്തു. നൂറ്റി എഴുപതോളം കർഷകരും  യോഗത്തിൽ പങ്കെടുത്തു.

പിന്നീട്, സ്‌കൂൾ കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി നെല്ലിപ്പതിയിലെ മല്ലേശ്വര വിദ്യാനികേതനിൽ ജൈവ-സമ്പുഷ്ടമായ കിഴങ്ങുവിളകളെക്കുറിച്ചുള്ള പോഷകാഹാര ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു ഉദ്‌ഘാടനം ചെയ്തു.  സ്കൂൾ കണക്റ്റ് പ്രോഗ്രാമിന് അദ്ദേഹം തുടക്കമിടുകയും 'ത്രീ മസ്കറ്റിയേഴ്സ് മധുരക്കിഴങ്ങ് (3 എം-എസ്പി) പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. അതിൽ 100 വിദ്യാർത്ഥികൾക്ക് ഓറഞ്ച് മാംസമുള്ള മധുരക്കിഴങ്ങിന്റെ (OFSP) മൂന്ന് വള്ളിച്ചെടികൾ വീതം വിതരണം ചെയ്യുകയും അവരുടെ വീട്ടിൽ വളർത്താനും മൂപ്പെത്തിയതിനു ശേഷം നൂറാം  ദിവസം കിഴങ്ങുകളും, വള്ളികളും കൊണ്ടുവരാനും ചുമതലപ്പെടുത്തി. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മൂന്ന് പേർക്ക് സമ്മാനം നൽകും .

പരിപാടിയുടെ ഭാഗമായി  വിദ്യാർത്ഥികൾ സ്‌കൂൾ പൂന്തോട്ടത്തിൽ ബയോഫോർട്ടിഫൈഡ് മധുരക്കിഴങ്ങ് ഇനങ്ങൾ നട്ടു. നൂറോളം വിദ്യാർഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary: CTCRI launched Rainbow Diet campaign to promote bio-rich tubers in Attapadi

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds