1. News

ഇ-ശ്രം പോർട്ടൽ, തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം: കൂടുതൽ കാർഷിക വാർത്തകൾ

കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള, ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ (e- Shram portal registration) ചെയ്യാൻ സാധിക്കാത്ത തൊഴിലാളികൾക്കുള്ള രജിസ്ടേഷൻ സമയപരിധിയാണ് ഈ മാസം അവസാന തീയതിയിലേക്ക് മാറ്റിയത്.

Anju M U

  1. സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് ഇ-ശ്രം പോർട്ടലിൽ 31-ാം തീയതി വരെ രജിസ്റ്റർ ചെയ്യാം. കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, എന്നാൽ ഇ-ശ്രം പോർട്ടലിൽ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കുള്ള സമയപരിധിയാണ് ഈ മാസം അവസാനം വരെ നീട്ടിയത്. ഇവർ സ്വന്തമായി പോർട്ടലിൽ രജിസ്‌ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ/ CSC കേന്ദ്രങ്ങൾ വഴി നടപടി പൂർത്തിയാക്കുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2464240 എന്ന നമ്പരിൽ ബന്ധപ്പെടുക.
  1. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സി- ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്‌സൈറ്റുകൾ വികസിപ്പിച്ചത്. സർക്കാർ സംവിധാനങ്ങളും മന്ത്രിതലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും ഒപ്പം വേഗത്തിലുമെത്തിക്കാൻ കഴിയുന്ന വിധത്തിലാണ് സൈറ്റുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. സർക്കാർ സേവനങ്ങൾ, പദ്ധതികൾ, ആനൂകൂല്യങ്ങൾ, അവകാശങ്ങൾ തുടങ്ങിയവയുടെ അറിയിപ്പുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാമെന്നതാണ് നേട്ടം. എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്‌സൈറ്റ് നിലവിൽ വന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന പ്രത്യേകതയുമുണ്ട്.
  2. കാർഷിക കടാശ്വാസ കമ്മിഷന് മുന്നിലെ അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. നിയമസഭയിൽ ടി.സിദ്ദിഖിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയാരുന്നു അദ്ദേഹം. കാർഷിക സർവകലാശാലയ്ക്ക് പോലും ദ്രുതവാട്ടം സംഭവിച്ച കേരളത്തിൽ കർഷകർ ദുരിതത്തിലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കൂടാതെ, വിലത്തകർച്ച, വിളനാശം, രാസവള വിലക്കയറ്റം തുടങ്ങി കർഷകരുടെ പ്രശ്‌നങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.
  1. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് കുടുംബശ്രീ മുഖേന ദേശീയപതാക നിർമിക്കാൻ തീരുമാനം. ഖാദി, കൈത്തറി മേഖലകളെ പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യ ദിനത്തിൽ, സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേന പതാകകള്‍ വിതരണം ചെയ്യും. സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. കൂടാതെ, ഇത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. അതേ സമയം, പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. ആഗസ്റ്റ് 12 നുള്ളില്‍ പതാകകള്‍ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കാനാണ് അറിയിച്ചിട്ടുള്ളത്.
  1. കാർഷിക, വ്യാവസായിക, വ്യാപാരമേഖലകളിൽ സംരംഭക വികസനം ലക്ഷ്യമിട്ട് SBIയും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും. ഇരുവരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ഈ വർഷം 100 കോടി രൂപയുടെ വായ്‌പ നൽകും.  കോഴിക്കോട് എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ വച്ച് ഇതിനായി ധാരണപത്രം ഒപ്പിട്ടു. 2022–23 സാമ്പത്തിക വർഷത്തിൽ അധിക തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് വ്യക്തികൾ, സ്വയംസഹായ സംഘങ്ങൾ, സംരംഭക സ്ഥാപനങ്ങൾ എന്നിവർക്ക് സേവനം നൽകും. പദ്ധതികൾ വിലയിരുത്തി ബാങ്കബിൾ പ്രോജക്ട്‌ സെൽ നൽകുന്ന ശുപാർശകളിലാണ് വായ്പ നൽകുന്നത്. കൂടാതെ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാർഷിക, വ്യാവസായിക, വ്യാപാര മേഖലകളിൽ നടപ്പാക്കുന്ന സബ്സിഡികൾ സംരംഭകർക്ക് ലഭ്യമാകുന്നതിനും പദ്ധതി പ്രയോജനപ്പെടും.
  2. ചിങ്ങം 1- കർഷക ദിനത്തോടനുബന്ധിച്ച്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിവിധ വിഭാഗങ്ങളിൽ നിന്നും മികച്ച കർഷകർക്കുള്ള അപേക്ഷ ക്ഷണിച്ചു.നെൽകൃഷി, സമഗ്ര കൃഷി, പച്ചക്കറി കൃഷി, തെങ്ങ് കൃഷി, ക്ഷീര മേഖല, SC വിഭാഗം, വനിതാ കർഷക, മത്സ്യ കൃഷി, മട്ടുപ്പാവിൽ കൃഷി, കർഷക തൊഴിലാളി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 1 വൈകുന്നേരം 5:00 മണി. കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ അയക്കേണ്ടതില്ലെന്നും കൃഷി ഓഫീസർ അറിയിച്ചു.
  1. കാസർഗോഡ് ഉദുമയിലെ ചിത്താരിപ്പുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ പുതിയ റഗുലേറ്റർ നിർമിക്കാൻ തീരുമാനം. ഉപ്പുവെള്ള പ്രതിരോധ തടയണ നിർമിക്കാൻ 33 ദശാംശം 2 8 കോടിയുടെ എസ്റ്റിമേറ്റ് നബാഡിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഈ സാമ്പത്തിക വർഷം തന്നെ അനുമതി ലഭിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷനു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ റഗുലേറ്റർ പുതുക്കിപ്പണിയുക പ്രാവർത്തികമല്ല എന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് നിലവിലെ റഗുലേറ്ററിനു മുകളിലായി പുതിയതു നിർമിക്കാനുള്ള രൂപരേഖ തയാറാക്കുകയായിരുന്നു.
  2. ഒരുകാലത്ത് എറണാകുളം മുളവൂര്‍ മേഖലയില്‍ വ്യാപകമായിരുന്ന കൂർക്ക കൃഷിയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി കൃഷി വകുപ്പ്. മറ്റ് ജില്ലകളിലും പേരുകേട്ട മുളവൂര്‍ കൂർക്കയിൽ നിന്ന് കർഷകർ പിന്മാറിയതിനാലാണ് വീണ്ടും ഇതിന്റെ പെരുമ തിരിച്ചുപിടിക്കാനായി പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി പായിപ്ര ഗ്രാമപഞ്ചായത്തിൽ 1500 വേര് പിടിപ്പിച്ച കൂർക്കത്തണ്ടുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു. മൂവാറ്റുപുഴ ഇ.ഇ മാർക്കറ്റിൽ കൃഷി വകുപ്പ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗ്രോ സർവിസ് സെൻററിൽ കൂർക്കത്തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പായിപ്ര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തദ്ദേശീയ നടീൽ വസ്തുക്കളുടെ പ്രചാരണാർഥമാണ് പഞ്ചായത്തിലെ 22 വാർഡുകളിലും ഇവ വിതരണം ചെയ്യുന്നത്.
  1. രാജ്യത്തെ ഗോതമ്പിന്റെ കരുതൽ ശേഖരം ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടൺ ആയിരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാൾ  80 ശതമാനം ഇത് കൂടുതലാണെന്നും അദ്ദേഹം വിശദീകരിച്ചു. 2022-23 വിപണന വർഷത്തിൽ ഇതുവരെ  188 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചതായി  പിയൂഷ് ഗോയൽ വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന 80 കോടി ജനങ്ങൾക്ക് സർക്കാർ ഒരാൾക്ക് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ മെയിൽ കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി ഭവനുകളിലും നവകേരളം കർമപദ്ധതിയിലും ഇന്റേണ്‍ഷിപ്പിന് അവസരം

  1. ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. മങ്കിപോക്‌സ് അഥവാ വാനര വസൂരി വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം അറിയിച്ചു. യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കനുസരിച്ച് 15,400 മങ്കിപോക്‌സ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.  71 രാജ്യങ്ങളിലാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  1. കേരളത്തിൽ ഇന്ന് മുതൽ ഇരുപത്തിയേഴാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. നാളെയും മറ്റന്നാളും തെക്ക് ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന വടക്ക് തമിഴ്‌നാട് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം, കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
English Summary: e- Shram Portal New Deadline For Registration and More Agri News

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds