1. News

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കണം, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ വികസനത്തിന് ഇതിൽ പ്രത്യേക ഊന്നൽ നൽകുകയും ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക തൊഴിൽ കമ്പോളത്തിലെ അതിവേഗ മാറ്റങ്ങൾ മനസിലാക്കി പുതിയ തലമുറയെ അറിവും കഴിവുംകൊണ്ടു സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Meera Sandeep
വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കണം, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം
വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കണം, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ വികസനത്തിന് ഇതിൽ പ്രത്യേക ഊന്നൽ നൽകുകയും ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക തൊഴിൽ കമ്പോളത്തിലെ അതിവേഗ മാറ്റങ്ങൾ മനസിലാക്കി പുതിയ തലമുറയെ അറിവും കഴിവുംകൊണ്ടു സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ വനിതകൾക്കായി നടപ്പാക്കുന്ന പ്രത്യേക വൈജ്ഞാനിക പദ്ധതിയായ 'തൊഴിലരങ്ങത്തേക്ക്'-ന്റെ ഭാഗമായി തൊഴിൽ ലഭിച്ചവർക്ക് ഓഫർ ലെറ്റർ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്ത് എവിടെയായാലും ഒരിടത്തും പിന്തള്ളപ്പെട്ടുപോകാത്ത തലമുറയെ രൂപപ്പെടുത്തിയെടുക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തൊഴിൽ കമ്പോളത്തിലേക്കു നമ്മുടെ തൊഴിൽ ശക്തി നല്ല രീതിയിൽ സംഭാവനചെയ്യാൻ കഴിയണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ അഴിച്ചുപണിക്കു സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണു കരുതുന്നത്.

തൊഴിലില്ലായ്മ ഗൗരവമായ പ്രശ്നമാണ്. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി 20 ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സാമൂഹിക കാഴ്ചപ്പാടിലധിഷ്ഠിതമായ സഹകരണത്തിലൂടെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാകൂ. തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തവും അതീവ ഗൗരവമായി കാണണം. സംസ്ഥാനത്തു വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ്. എന്നാൽ തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം കുറഞ്ഞുവരുന്നു. ഇത് അഭികാമ്യമല്ല. ഈ കുറവ് സംഭവിക്കുന്നതിനു പിന്നിൽ സാമൂഹിക, സാമ്പത്തിക കാരണങ്ങളുണ്ട്. അവ കണ്ടെത്തി തരണംചെയ്താൽ മാത്രമേ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനാകൂ. സർക്കാർ ഇതിനായി വിവിധ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇതിനൊപ്പം സമൂഹത്തിൽ ബോധവത്കരണവും ആവശ്യമാണ്. അതു കുടുംബത്തിൽനിന്നുതന്നെ ആരംഭിക്കണം. കുടുംബത്തിൽ സ്ത്രീകളോടുള്ള സമീപനം എങ്ങനെയെന്നതിനെ അടിസ്ഥാനമാക്കിയാണു സമൂഹത്തിന്റെ സ്ത്രീകളോടുള്ള സമീപനം രൂപപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കേരളം വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഡെപ്യൂട്ടി സ്പീക്കര്‍

'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 26,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കാനായിട്ടുണ്ട്. അടുത്ത ഘട്ടമായി 40 വയസിൽ താഴെ പ്രായമുള്ള തൊഴിലന്വേഷകരായ മുഴുവൻ സ്ത്രീകളേയും ഇതിന്റെ ഭാഗമാക്കും. അവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകും. സർക്കാർ, അർധസർക്കാർ ഏജൻസികളുടെ സേവനം ഇതിനു പ്രയോജനപ്പെടുത്തും. 16 ലക്ഷം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു രജിസ്റ്റർചെയ്തു തൊഴിലിനു കാത്തുനിൽക്കുകയാണ്. ഇവരുടെ സേവനം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയത്തിൽനിന്നാണു ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം രൂപപ്പെടുന്നത്. അവരുടെ വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, അതിനനുസരിച്ചുള്ള ജോലി തുടങ്ങിയവ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വകാര്യ മേഖലയുടേയും സർക്കാർ സംവിധാനങ്ങളുടേയും സഹായങ്ങൾ തൊഴിലന്വേഷകരിലേക്കു നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ എല്ലാ വകുപ്പുകളേയും യോജിപ്പിച്ചു തൊഴിൽ സഭകൾ രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൊഴിൽ ലഭ്യമാക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൃഷ്ടിക്കും. തൊഴിൽ തേടുന്നവർ, സ്വയംതൊഴിൽ സംരംഭകർ, തൊഴിൽ ദായക സംരംഭകർ, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ തുടങ്ങിയവരെയെല്ലാം തൊഴിൽ സഭകൾവഴി യോജിപ്പിക്കും. തൊഴിൽ സഭകൾ വഴി ഓരോ പ്രദേശത്തുമുള്ള തൊഴിലന്വേഷകരെ അതാതു പ്രദേശങ്ങളിലുള്ള തൊഴിൽ സംരംഭങ്ങളുമായി ബന്ധിപ്പിക്കും. കേരളത്തിലെ മറ്റു പ്രദേശങ്ങളിലും പുറത്തുമുള്ള തൊഴിൽദാതാക്കളുമായി അവരെ ബന്ധിപ്പിക്കും.

കോവിഡിനുശേഷം പുതിയ തൊഴിൽ സംസ്‌കാരം ലോകത്താകെ ഉയർന്നുവന്നിട്ടുണ്ട്. വർക്ക് ഫ്രം ഹോം പോലെയുള്ളവ അതിൽ പ്രധാനപ്പെട്ടതാണ്. വീട്ടിൽനിന്നു മാറി നിൽക്കാൻ കഴിയാത്തതുകൊണ്ടു ചിലർ ജോലിക്കു പോകാൻ മടിക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം പോലുള്ള തൊഴിൽ രീതികളിലൂടെ ഈ കടമ്പ മറികടക്കാനാകും. ഇതിന് ഉതകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാവർക്കും കുറഞ്ഞ ചിലവിലോ സൗജന്യമായ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോൺ പദ്ധതി നടപ്പാക്കുകയാണ്. വർക്ക് നിയർ ഹോം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വർക്ക് സീറ്റുകൾ സംസ്ഥാനത്തു സൃഷ്ടിക്കും. 1000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ഇതിനായി 50 കോടി രൂപ ഇതിനോടകം മാറ്റിവച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഉപാധിയായിക്കൂടി ഇതിനെ മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി. മധുസൂദനൻ, തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ മന്ത്രിമാർ വിതരണം ചെയ്തു.

English Summary: Education sector should be made vocational, emphasis should be on skill dev: CM

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds