1. News

മഴക്കെടുതി: ഊര്‍ജിത നടപടികള്‍ക്ക് ജില്ല കളക്ടറുടെ നിര്‍ദേശം എറണാകുളം

കൊച്ചി: ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തുന്നത് ഉടന്‍ പൂര്‍ത്തിയാക്കും

KJ Staff

ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തുന്നത് ഉടന്‍ പൂര്‍ത്തിയാക്കും 

കൊച്ചി: അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാംപ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ ജിയോബാഗ് സ്ഥാപിക്കലും കാന ശുചീകരണവും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഫ്‌ളോട്ടിംഗ് ജെസിബി ഉപയോഗിച്ച് തോടുകളുടെ ശുചീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. അപകടകരമായ നിലയിലുളള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് കോര്‍പ്പറേഷനും പിഡബ്ല്യുഡിയും തഹസില്‍ദാര്‍മാരും ഉടന്‍ നടപടി സ്വീകരിക്കണം. 13 -ാം തീയതി വരെ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തല ക്യാംപുകള്‍ ഊര്‍ജിതാമാക്കാനും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന് നിര്‍ദേശം നല്‍കി. 

കടല്‍ക്ഷോഭ സാധ്യതയുളള ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ താത്കാലിക കടല്‍ ഭിത്തി നിര്‍മ്മാണവും കാന ശുചീകരണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കടല്‍ക്ഷോഭം രൂക്ഷമായ ബസാര്‍, കമ്പനിപ്പടി പ്രദേശങ്ങളില്‍ കടല്‍വെള്ളം വീടുകളില്‍ കയറുന്നത് തടയുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് കൊച്ചി തഹസില്‍ദാര്‍ ആംബ്രോസ് അറിയിച്ചു. ഇവിടെ സംരക്ഷിത ഭിത്തി കടന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ കിഴക്കു വശത്തുള്ള വീടുകളിലേക്ക് കയറുന്നത് തടയുന്നതിന് സ്വകാര്യ ഭൂമിയിലൂടെ ചാല് വെട്ടി ഉപ്പത്തക്കാട് തോടുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ചെല്ലാനം വടക്ക് ബസാറിനു പടിഞ്ഞാറ് ഭാഗത്ത് സംരക്ഷണ ഭിത്തി തകര്‍ന്നു പോയിട്ടുള്ളതിനാല്‍ കടല്‍ വെള്ളം കിഴക്കുഭാഗത്തേക്ക് ഒഴുകുന്നത് തടയുന്നതിന് തോട്, കാന എന്നിവ ആഴം കൂട്ടുന്ന പ്രവൃത്തി നേരത്തേ പൂര്‍ത്തീകരിച്ചിരുന്ു. ജിയോ ബാഗില്‍ മണ്ണു നിറച്ച് കടല്‍വെള്ളം അടിച്ചു കയറുന്നത് തടയുന്ന പ്രവൃത്തി പാതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും ഹിറ്റാച്ചി ഉപയോഗിച്ച് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. 

ചെല്ലാനത്ത് കടല്‍ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുള്ള വേളാങ്കണ്ണി ബസാര്‍ മേഖല, കമ്പനിപ്പടി, ആലുങ്കല്‍ കടപ്പുറം, വേളാങ്കണ്ണി പള്ളിയുടെ വടക്ക് വശം, ചെറിയ കടവ് എന്നീസ്ഥലങ്ങളില്‍ കടല്‍ ഭിത്തി ശക്തിപ്പെടുത്തുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ല കളക്ടറുടെ അടിയന്തിര ഫണ്ട് അനുവദിച്ചിട്ടുണ്ട്. തോട് ശുചീകരണവും കടല്‍ക്ഷോഭത്തില്‍ അടര്‍ന്നു വീണ കല്ലുകള്‍ അടുക്കിവെക്കുന്ന പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കല്ലുകള്‍ തിരികെ അടുക്കി വെച്ച് ചെറിയ കടല്‍ഭിത്തിയായി നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനു പിന്നിലായി മണല്‍വാട നിരത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ജിയോ ബാഗുകള്‍ അടുക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. വിജയന്‍ കനാല്‍, ഉപ്പത്തിക്കാട് തോട് എന്നിവ ശുചീകരിച്ച് വെള്ളം ഒഴുക്കി വിടുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുള്‍ ഷുക്കൂര്‍ അറിയിച്ചു. തോടുകളും കാനകളും കൈയേറുന്നത് കര്‍ശനമായി തടയണമെന്നും കൈയേറ്റം കണ്ടെത്തിയാല്‍ ഉടന്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ വൃന്ദാ ദേവി, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, അഡീഷണല്‍ ഡിഎംഒ ഡോ. എസ്. ശ്രീദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

English Summary: Eranakulam collector took immediate action to face rain related disaster

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds