1. News

കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് അനുകൂല സാഹചര്യം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ പൂർണമായി ഇല്ലാതാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി.

Darsana J
കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് അനുകൂല സാഹചര്യം: മുഖ്യമന്ത്രി
കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് അനുകൂല സാഹചര്യം: മുഖ്യമന്ത്രി

കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: ഗൃഹനാഥരായ വനിതകളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

പൊതുമേഖല സംരക്ഷിക്കുക, സ്വകാര്യ നിക്ഷേപം ആകർഷിക്കുക

ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ച് മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാൻ കേരളത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ പ്രവർത്തിക്കേണ്ട മേഖലയല്ല. അതിൽ നിന്ന് പിൻവലിയണം. ആസ്തികൾ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി വലിയ തോതിൽ രാജ്യത്ത് വളരുകയാണ്. ഇക്കാര്യത്തിൽ കേരളം ബദലാകുകയാണ്. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്യുകയെന്നതാണ് കേരളത്തിന്റെ നിലപാട്.

വൻകിട വ്യവസായങ്ങളും ബഹുരാഷ്ട്ര കമ്പനികളിൽ പലതും കേരളത്തിലേക്ക് വരാൻ തയാറായിട്ടുണ്ട്. വന്നുകഴിഞ്ഞവരെ ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിന്റെ സമ്പന്നമായ പ്രവാസി സമൂഹത്തിൽ പലരും വ്യവസായ മേഖലയിൽ വലിയ പ്രവർത്തനം നടത്തുന്നവരാണ്. വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കേരളത്തിലേക്ക് വ്യവസായങ്ങൾ വരണമെന്ന് സംരംഭകരോട് പറയാൻ കഴിയും. ഈ രണ്ട് സാധ്യതയും ഉപയോഗിക്കാൻ കഴിയണം. വൻകിട വ്യവസായങ്ങൾക്കൊപ്പം ചെറുകിട വ്യവസായങ്ങളും വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെടണം. ചെറുകിട വ്യവസായ മേഖലയ്ക്ക് കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന ലക്ഷ്യം മുന്നോട്ടുവന്നത്.

സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അവർ നാടിന് പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. വ്യവസായങ്ങൾ ആരംഭിക്കുമ്പോൾ സ്ഥാപനത്തിന്റെ നിർമാണഘട്ടത്തിൽ തങ്ങളുടെ ആളുകൾക്ക് ജോലി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതും പൂർണമായി ഇല്ലാതായി. നോക്കുകൂലിയുടെ കാര്യത്തിലും നല്ല രീതിയിലുള്ള മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.

8,184 കോടിയുടെ നിക്ഷേപം

കഴിഞ്ഞ സർക്കാരിന്റെ സമയത്ത് സംസ്ഥാനത്ത് 69,138 ഇടത്തരം ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 6,448 കോടിയുടെ നിക്ഷേപം അതുവഴി ലഭിച്ചു. 2,45,369 തൊഴിലുകൾ ഇതുവഴി നൽകാൻ കഴിഞ്ഞു. ഈ സർക്കാർ ഒരു വർഷംകൊണ്ട് 17,855 സംരംഭങ്ങൾ ആരംഭിച്ചു. 1,736 കോടിയുടെ നിക്ഷേപം ഉണ്ടായി. 64,541 തൊഴിലുകൾ സൃഷ്ടിച്ചു. ഇത്തരത്തിൽ കഴിഞ്ഞ ആറ് വർഷംകൊണ്ട് 86,993 സംരംഭങ്ങൾ, 8,184 കോടിയുടെ നിക്ഷേപം, 3,09,910 തൊഴിലുകൾ എന്നിവ സംസ്ഥാനത്ത് കൊണ്ടുവരാൻ കഴിഞ്ഞു.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ആകർഷിക്കുന്നതിന് നിയമസഭാ സാമാജികർ മുൻകൈയെടുക്കണം. ഇക്കാര്യത്തിൽ ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് പുതിയതായി 36,969 വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്ന് മാസം കൊണ്ടാണ് ഈ ലക്ഷ്യപ്രാപ്തി നേടാൻ കഴിഞ്ഞത്. കേരളത്തിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പൊതുമേഖലയെ ഒപ്പം നിർത്തുന്ന നിലപാട് സ്വീകരിച്ച് കേരളം ബദൽ മാതൃക സൃഷ്ടിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിനുമായി വ്യവസായ വകുപ്പ് തയാറാക്കിയ കൈപുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. തൃത്താല മണ്ഡലത്തിന്റെ കൈപുസ്തകം മുഖ്യമന്ത്രിയിൽ നിന്ന് നിയമസഭാ സ്പീക്കർ ഏറ്റുവാങ്ങി. ധർമടം മണ്ഡലത്തിന്റെ കൈപുസ്തകം വ്യവസായ മന്ത്രിയിൽ നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.

English Summary: Favorable situation for starting industries in Kerala: Pinarayi vijayan

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds