1. News

ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്‌സിഡി 25% വെട്ടിക്കുറച്ച് കേരള സർക്കാർ

ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്‌സിഡി 25 ശതമാനം വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി ലിറ്ററിന്‌ നാല് രൂപയില്‍നിന്ന്‌ മൂന്ന് രൂപയായാണ് വെട്ടിക്കുറച്ചത്. നാടന്‍ കാര്‍ഷികവിപണന കേന്ദ്രങ്ങള്‍ക്കും ഇക്കോഷോപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നൽകുന്ന വാടക 50 ശതമാനം കുറച്ചതിന് പിന്നാലെയാണിത്.

Darsana J

1. ചെറുകിട കര്‍ഷകര്‍ക്ക്‌ പ്രാദേശികമായി നാടന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള പ്രാദേശിക കാര്‍ഷികവിപണന കേന്ദ്രങ്ങളുടെയും ഇക്കോ ഷോപ്പുകള്‍ക്കും സര്‍ക്കാര്‍ നല്‍കിവന്നിരുന്ന വാടക വെട്ടിക്കുറച്ചതിനു പിന്നാലെ ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്‌സിഡിയും വെട്ടിക്കുറച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴി നാടന്‍ കാര്‍ഷികവിപണന കേന്ദ്രങ്ങള്‍ക്കും ഇക്കോഷോപ്പുകള്‍ക്കും വാടക ഇനത്തില്‍ നല്‍കിവന്നിരുന്ന 50 ശതമാനം കുറവാണ്‌ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്‌. അതതു സ്‌ഥലത്തെ ചെറുകിട കര്‍ഷകര്‍ക്ക്‌ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വിറ്റ്‌ സാമ്പത്തികനേട്ടം ഉണ്ടാക്കാനാണ്‌ നാടന്‍ കാര്‍ഷികവിപണന കേന്ദ്രങ്ങളും ഇക്കോഷോപ്പുകളും തുടങ്ങിയത്‌. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ടു വില്‍ക്കുന്നതിനാണ്‌ ഈ സംവിധാനം. ഇവയുടെ വാടക പൂര്‍ണമായും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളാണു നല്‍കിവന്നിരുന്നത്‌. എന്നാല്‍ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഈ വാടക 50 ശതമാനം വെട്ടിക്കുറച്ചു. മാത്രവുമല്ല, പുതിയ മാര്‍ഗരേഖപ്രകാരം വാടകയുടെ പകുതി കര്‍ഷകരോ കാര്‍ഷിക കൂട്ടായ്‌മകളോ കണ്ടെത്തണമെന്നാണു നിര്‍ദേശം. (കടപ്പാട്: മാധ്യമം)

2. പള്ളിപ്പുറം പാടശേഖരത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ കൂടുതൽ വില നൽകി ഏറ്റെടുക്കുമെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തിൽ സമ്പൂർണ്ണ നെൽകൃഷി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായ ഞാറ് നടീൽ മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി പരിപോഷിപ്പിക്കുകയെന്നത് സർക്കാർ നയമാണ്. സംസ്ഥാനത്ത് അരിയുടെ ഉത്പാദനം ഇരട്ടിയായി വർധിപ്പിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ പ്രതിസന്ധിയുണ്ടാകും. ഇതു മുന്നിൽ കണ്ടുകൊണ്ട് കൃഷി വ്യാപിപ്പിക്കാൻ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കും കുട്ടികൾക്കും കൂട്ടായി ‘സഖി വൺസ്റ്റോപ്പ് സെൻ്റർ’


3. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷിനാശം. 4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ജൂലൈ ആദ്യം മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. വാഴ കര്‍ഷകര്‍ക്കാണ് നാശനഷ്ടം കൂടുതലുണ്ടായത്. പെരുമ്പാവൂര്‍ കാര്‍ഷിക ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം. ഇവിടെ 30.36 ഹെക്ടര്‍ കൃഷി നശിച്ചു. അതുവഴി 54,25,000 രൂപയുടെ നാശനഷ്ടമാണ് വന്നത്. അങ്കമാലി, പുതൃക്ക മേഖലകളിലും മഴ കൂടുതല്‍ നാശ നഷ്ടമുണ്ടാക്കി.

4. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി എൻ. ചന്ദ്രൻ ചുമതലയേറ്റു. തൃശ്ശൂർ അയ്യന്തോളിലുള്ള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആസ്ഥാന ഓഫീസിലെത്തിയ അദ്ദേഹത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബോർഡ് അംഗം സി.ബി. ദേവദർശൻ, മുൻ ബോർഡ് മെമ്പർമാരായ എ. പത്മനാഭൻ, എൻ.ആർ. ബാലൻ എന്നിവർ ആശംസകൾ നേർന്നു. ശേഷം ചെയർമാൻ ജീവനക്കാരുമായി ചർച്ചനടത്തി.

5. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ പള്ളിപ്പുറം പാടശേഖരത്തിൽ സമ്പൂർണ്ണ നെൽകൃഷി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായ ഞാറ് നടീൽ മഹോത്സവം ഇന്ന് കല്ലുപാലം ലിങ്ക് റോഡിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. പള്ളിപ്പുറം പാടശേഖരത്തിൽ കൃഷിയോഗ്യമായ ഏകദേശം 110 ഏക്കർ നിലത്തിൽ 30 ഏക്കറോളം സ്ഥലം സ്ഥിരമായി തരിശായി കിടക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലത്ത് വർഷങ്ങളായി രണ്ട്പൂ കൃഷി ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി തരിശായി കിടക്കുന്ന 30 ഏക്കറോളം സ്ഥലത്താണ് ഇത്തവണ നെൽകൃഷി ആരംഭിക്കുന്നത്. ഇതിൽ 11 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടമായി ഞാറുനടിയിൽ ആരംഭിക്കുന്നത്. തുടർന്ന് ബാക്കി സ്ഥലത്ത് വരും ദിവസങ്ങളിൽ കൃഷി വ്യാപിപ്പിക്കും.


6. ജനസംഖ്യാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജനസംഖ്യാ പക്ഷാചരണ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ടുളള ബോധവത്ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനും ബോധവത്ക്കരിക്കുന്നതിനുമാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

7. അഞ്ച്‌ വർഷം കൊണ്ട്‌ അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സർവേയിലൂടെ സർക്കാർ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മതല സ്പര്‍ശിയായ മൈക്രോപ്ലാൻ ആഗസ്റ്റ്‌ 31നകം തയ്യാറാക്കും. ഭക്ഷണമോ വീടോ ചികിത്സയോ വരുമാനമോ തുടങ്ങി, സർവ്വെയിലൂടെ കണ്ടെത്തിയ ഓരോ കുടുംബത്തിന്റെയും പ്രശ്നമെന്തെന്ന് പഠിച്ച്‌ സമഗ്രമായ പരിഹാരമാർഗം നിർദേശിക്കുന്നതാകും ഈ മൈക്രോപ്ലാൻ. ഉടൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ അങ്ങനെയും ഹ്രസ്വ ദീർഘകാലം കൊണ്ട്‌ പരിഹരിക്കേണ്ടവ അത്തരത്തിലും ചെയ്തുകൊണ്ട്‌, അടുത്ത നാല്‌ വർഷം കൊണ്ട്‌ ഈ കുടുംബങ്ങളെ പടിപടിയായി വിഷമതകളിൽ നിന്ന് കരകയറ്റും.

8. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടിൽ ബാറ്റ്മിന്റണ്‍, കബഡി, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള "യുവതയ്ക്ക് ഒപ്പം" പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു. മണ്ഡലത്തിലെ ജനപ്രതിനിധികൾ, യുവജന സംഘടനാ ഭാരവാഹികൾ, കായിക മേഖലയിലെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ നടക്കുന്ന മത്സത്തിലൂടെ ഓരോ ഗെയിംസ് ഇനത്തിലും മണ്ഡലാടിസ്ഥാനത്തിലുള്ള ടീം രൂപീകരിക്കും. തുടർന്ന് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കി മികച്ച ടീമിനെ വാർത്തെടുക്കുകയുമാണ് ലക്ഷ്യം. പരിപാടിയുടെ ലോഗോയും ചടങ്ങിൽ പ്രകാശിപ്പിച്ചു.
കളിക്കളം സജീവമാകുമ്പോൾ സമൂഹത്തിൽ ഭിന്നതകൾക്കതീതമായ കൂട്ടായ്മ ശക്തിപ്പെടുകയും യുവാക്കൾ ക്രിയാത്മകമാകുകയും ചെയ്യും. അത് നാടിന്റെ വികസനത്തിന് ഉപകാരപ്പെടുകയും നമ്മുടെ നാട് മുന്നോട്ടുകുതിക്കുകയും ചെയ്യും. കളിക്കളങ്ങൾ കൂടുതൽ സജീവമാകട്ടെ, യുവത കൂടുതൽ ക്രിയാത്മകമാകട്ടെ.

9. കുടുംബശ്രീ കിബ്‌സ് ലോഗോ മത്സരം: എൻട്രി ക്ഷണിച്ചു. സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ കിബ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എൻട്രിക്ക് 5,000 രൂപ സമ്മാനം നൽകും. ഇന്നു(12 ജൂലൈ) മുതൽ എൻട്രികൾ അയക്കാം. അവസാന തീയതി ജൂലൈ 27. പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്. കവറിന്റെ പുറത്ത് 'കിബ്‌സ് ലോഗോ മത്സരം' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. kudumbashreeprcontest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കും എൻട്രികൾ അയച്ചു നൽകാം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബസൈറ്റ് www.kudumbashree.org/kibs.

10. കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരമൈത്രിപദ്ധതി റിയൽഫിഷ് ആക്റ്റിവിറ്റി ഗ്രൂപ്പ് "ഹൈജീനിക്ക് ഫിഷ് ഡ്രയർ " ചേമഞ്ചേരി കൊളക്കാട് അഞ്ചാം വാർഡിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ലതിക അധ്യക്ഷയായി കെവിദ്യാധരൻ, കെ രാജൻ, ഷിനോജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു സതി കിഴക്കയിൽ ആദ്യ വില്പന നടത്തി എ എം മോളി സ്വാഗതവും ഷാഹിന കെ വി നന്ദിയും പ്രകടിപ്പിച്ചു.

11. മിഡില്‍ ഈസ്റ്റിലും കേരളത്തിലും തിളങ്ങുന്ന ലുലു ഗ്രൂപ്പിന്റെ ആദ്യ ഉത്തരേന്ത്യന്‍ ഷോപ്പിങ് മാള്‍ ഉത്തര്‍പ്രദേശില്‍.ലഖ്‌നൗവില്‍ 2000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. നിയമസഭ സ്പീക്കര്‍ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ പങ്കെടുത്തു.ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ കയറി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ മാളിന്റെ സവിശേഷതകള്‍ ചുറ്റിക്കണ്ടു. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍ നിലനില്‍ക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ സവിശേഷത. (കടപ്പാട്: തേജസ്)

12. അഗ്രോ കെമിക്കൽ ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ. കല്യാൺ ഗോസ്വാമി കൃഷി ജാഗരൺ മീഡിയ ഹൌസ് സന്ദർശിച്ചു. ജീവിതത്തിൽ പ്രാധാന്യം നൽകേണ്ടത് ഭക്ഷണത്തിനാണെന്നും അതുകൊണ്ട് ഭക്ഷണം ഉൽപാദിപ്പിക്കുന്നവർ എന്ന നിലയിൽ കർഷകർ ദൈവത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിൽ പ്രാധാന്യം വളവും വളക്കൂറുള്ള മണ്ണുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർക്ക് ആവശ്യം നിഷ്പക്ഷതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ എം.സി ഡൊമിനിക്കും ഡയറക്ടർ ശ്രീമതി ഷൈനി ഡൊമിനിക്കും പരിപാടിയിൽ സന്നിഹിതരായിരുന്നു.

13. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം. അടുത്ത ദിവസം മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. മധ്യ, തെക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാൻ ഇടയുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

English Summary: Kerala Government cuts subsidy to dairy farmers by 25%

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds