1. News

നാടിനെ ഹരിതാഭമാക്കാന്‍ വനം വകുപ്പിന്റെ വൃക്ഷതൈകള്‍ തയ്യാർ

65 ഇനം തൈകളാണ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ ലഭ്യതയനുസരിച്ച് വിതരണം ചെയ്യുന്നത്. വിതരണത്തിന് ഇതിനോടകം ആകെ 20,91,200 തൈകള്‍ തയാറായിട്ടുണ്ട്.വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ വിതരണം ചെയ്യും.

Saranya Sasidharan
Forest department saplings are ready to make the green society
Forest department saplings are ready to make the green society

നാടിനെ ഹരിതാഭമാക്കാന്‍ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷതൈകള്‍ തയാറായി.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം മേധാവി ഇ.പ്രദീപ്കുമാര്‍ ഐഎഫ്എസ് അറിയിച്ചു.

65 ഇനം തൈകളാണ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ ലഭ്യതയനുസരിച്ച് വിതരണം ചെയ്യുന്നത്. വിതരണത്തിന് ഇതിനോടകം ആകെ 20,91,200 തൈകള്‍ തയാറായിട്ടുണ്ട്.വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ വിതരണം ചെയ്യും. വരുന്ന മൂന്നു വര്‍ഷങ്ങളില്‍ വൃക്ഷതൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സര്‍ക്കാരേതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും.ഇത്തരത്തില്‍ തൈകള്‍ അതത് വനം വകുപ്പ് നഴ്‌സറികളില്‍ നിന്നും ജൂണ്‍ അഞ്ചു മുതല്‍ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം. വൃക്ഷതൈ വിതരണത്തിനായി ഓരോ ജില്ലകളിലും രണ്ടോ മൂന്നോ സബ് ഔട്ട്‌ലെറ്റുകളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.സൗജന്യ വൃക്ഷതൈകള്‍ക്കായി ഇവിടങ്ങളിലും ബന്ധപ്പെടാം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്‍എസ്എസ്,എന്‍ജിഓകള്‍ മുതലായവയുമായി സഹകരിച്ച് സ്ഥാപന വനവത്ക്കരണപ്രവര്‍ത്തനങ്ങളും വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

നശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹ്യവനവത്ക്കരണ വിഭാഗം നാട്ടുമാവും തണലും എന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചു. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസുകള്‍ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥല ലഭ്യതയുള്ള പാതയോരങ്ങളില്‍ നട്ടു വളര്‍ത്തുന്നതാണ് പദ്ധതി.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം അഞ്ചിന് രാവിലെ 10 മണിക്ക് കാക്കൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.

റോഡ് വികസനവുമായി ബന്ധപ്പെട്ട് മാവുകള്‍ മാറ്റപ്പെട്ടയിടങ്ങളില്‍ സഞ്ചാരികള്‍ക്ക് തണലേകുന്ന വിധത്തില്‍ പകരമായി മാവിന്‍ തൈകള്‍ നട്ടുവളര്‍ത്താനും പദ്ധതി വഴി ഉദ്ദേശിക്കുന്നു.ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ 14 സാമൂഹ്യവനവത്ക്കരണ ഡിവിഷനുകളിലും മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീഗാര്‍ഡുകളും ഇതിനായി സ്ഥാപിക്കും. ജനപ്രതിനിധികള്‍,തദ്ദേശ സ്വയംഭരണ വകുപ്പ്,ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കി നാട്ടുമാവും തണലും പദ്ധതി മുന്നോട്ട് കൊണ്ടു പോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യ വനവത്ക്കരണ വിഭാഗം മേധാവി വ്യക്തമാക്കി. പദ്ധതിക്കായി സംസ്ഥാനത്താകമാനം ഇതിനോടകം ആകെ 17,070 മാവിന്‍തൈകള്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം തയാറാക്കി കഴിഞ്ഞു.

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ ഒന്‍പതരയ്ക്ക് ഓണ്‍ലൈനായി കേന്ദ്ര സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര പദ്ധതിയായ മിഷ്ടി (മാന്‍ഗ്രോവ് ഇനീഷ്യേറ്റീവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്‌സ് ആന്റ് ടാന്‍ജിബിള്‍ ഇന്‍കംസ്) കണ്ടല്‍വന സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗം ഇതിനോടകം 16,350 കണ്ടല്‍ തൈകള്‍ നടുന്നതിനായി തയാറാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്.ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ ചടങ്ങിനോടനുബന്ധിച്ച് രാവിലെ പത്തര മുതല്‍ പതിനൊന്നുമണി വരെ വൃക്ഷതൈ നടീല്‍ , പരിസ്ഥിതി അവബോധ ബോധവത്ക്കരണം മുതലായ പരിപാടികള്‍ നടക്കും.ജില്ലയിലെ മന്ത്രിമാര്‍ , എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പ്രാതിനിത്യം ഉറപ്പാക്കും.കേരളത്തില്‍ എല്ലാവര്‍ഷവും സാമൂഹ്യവനവത്ക്കരണ വിഭാഗം എന്‍ജിഓകള്‍,സ്വയം സഹായ സംഘങ്ങള്‍,കുടുംബശ്രീ,എല്‍എസ്ജിഡി തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കി നടപ്പാക്കി വരുന്ന കണ്ടല്‍വന സംരക്ഷണ പദ്ധതിക്ക് ഇക്കുറിയും വിപുലമായ തയാറെടുപ്പുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇ.പ്രദീപ്കുമാര്‍ ഐഎഫ്എസ് വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനായി: മന്ത്രി വി.എൻ. വാസവൻ

English Summary: Forest department saplings are ready to make the green society

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds