1. News

റേഷൻ വാങ്ങാൻ വൻ തിരക്ക്; പാകിസ്ഥാനിൽ 11 മരണം..കൂടുതൽ വാർത്തകൾ

സൗജന്യ റേഷൻ വാങ്ങാനുള്ള തിരക്കിൽപ്പെട്ട് പാകിസ്ഥാനിൽ 11 പേർ മരിച്ചു

Darsana J

1. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ ഗ്യാസ് ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 19 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 92 രൂപയാണ് കുറഞ്ഞത്. മാർച്ചിൽ മാത്രം 350 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്. നിലവിൽ 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് കൊച്ചിയിൽ 2034 രൂപ, ഡൽഹിയിൽ 2028 രൂപ, കൊൽക്കത്തയിൽ 2132 രൂപ, മുംബൈയിൽ 1980 രൂപ, ചെന്നൈയിൽ 2192 രൂപ 50 പൈസ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ മാറ്റമൊന്നുമില്ല. 1110 രൂപയാണ് ഗാർഹിക സിലിണ്ടറിന് ഈടാക്കുന്നത്.

കൂടുതൽ വാർത്തകൾ: LPG സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ നിരക്ക് ഇങ്ങനെ..

2. പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മെന്‍സ്ട്രല്‍ കപ്പിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികളില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് സാനിറ്ററികളുടെ ബദലായാണ് കണക്കാക്കുന്നതെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

3. 'ഞങ്ങളും കൃഷിയിലേക്ക്‌' പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ വനിതകൾക്ക്‌ ഇടവിളക്കിറ്റുകൾ വിതരണം ചെയ്തു. 19 വാർഡുകളിലെ അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 1,044 കർഷകർക്കാണ്‌ സൗജന്യമായി ഇടവിളക്കിറ്റുകൾ വിതരണം ചെയ്തത്‌. ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേന എന്നിവയാണ് ഇടവിളക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

4. 2024ഓടെ കേരളത്തെ സീറോവേസ്റ്റ് പദവിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പെരുമാതുറയിൽ സംഘടിപ്പിച്ച, ബീച്ച് ക്ലീൻ അപ് ഡ്രൈവ് പരിപാടി, മന്ത്രി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2023 മുതൽ എല്ലാ വർഷവും മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗവും, ഉപഭോഗം കുറയ്ക്കലും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

5. മലപ്പുറം ജില്ലാ വിത്തുകൃഷിത്തോട്ടത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പും വിൽപ്പനയും ആരംഭിച്ചു. കൃഷി വകുപ്പിന്റെയും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് മത്സ്യകൃഷി നടത്തിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനവും ഫാമിൽ ഉത്പാദിപ്പിച്ച തേനിന്റെ ആദ്യ വിൽപ്പനയും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു. ഉയർന്ന ഗുണനിലവാരമുള്ള 3000 മത്സ്യക്കുഞ്ഞുങ്ങളെ, കഴിഞ്ഞ വർഷം നവംബറിലാണ് ഫാമിലെ രണ്ട് കുളങ്ങളിൽ നിക്ഷേപിച്ചത്.

6. കോഴിക്കോട് പനങ്ങാട് ഗ്രാമപഞ്ചായത്തിൽ അനീമിയ നിർമാർജനം ലക്ഷ്യമിട്ട് പോഷൻ പക് വാഡ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അങ്കണവാടി കുട്ടികൾ, സ്ത്രീകൾ, കൗമാരപ്രായക്കാർ എന്നിവർക്കിടയിലെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്ത. പരിപാടിയുടെ ഭാഗമായി ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനവും വിതരണവും നടന്നു.

7. പാലക്കാട് ജില്ലയിൽ 46 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. മാലിന്യ സംസ്‌കരണ നിയമലംഘനങ്ങള്‍ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് പ്ലാസ്റ്റിക് പിടികൂടിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ പരിശോധനയില്‍ മാത്രം, 42 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. ഇവര്‍ക്കെതിരെ 50,000 രൂപയാണ് പിഴ ചുമത്തിയത്.

8. കൂടുമത്സ്യകൃഷിയിൽ മികച്ച വരുമാനം നേടുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിൽ. തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ കേരളത്തിലെ കർഷകർ 8 മാസം കൊണ്ട് നേടിയത് 3 ലക്ഷം രൂപ. അതേസമയം കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ആന്ധ്രാപ്രദേശിലെ കർഷകരാണ് മുന്നിൽ. മാരികൾച്ചർ സംരംഭങ്ങൾക്ക് മികച്ച അവസരമാണ് കൂടുമത്സ്യകൃഷി, കടൽ പായൽ കൃഷി തുടങ്ങിയവ നൽകുന്നത്. മീൻ, കടൽപായൽ, കക്ക, എന്നിവ സംയോജിതമായി കൃഷി ചെയ്യുന്നതിലൂടെ മികച്ച വരുമാനം നേടാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

9. സൗജന്യ റേഷൻ വാങ്ങാനുള്ള തിരക്കിൽപ്പെട്ട് പാകിസ്ഥാനിൽ 11 പേർ മരിച്ചു. കറാച്ചിയിൽ നടന്ന സംഭവത്തിൽ എട്ട് സ്ത്രീകളും 3 കുട്ടികളുമാണ് മരിച്ചത്. വിതരണത്തിനിടെ നിരവധി പേർ കുഴഞ്ഞു വീഴുകയും, പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

10. കേരളത്തിൽ വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: free ration in Pakistan 11 dead due to Huge rush to buy

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds