ആലങ്ങാട് ബ്ലോക്കില്‍ സ്ത്രീകള്‍ക്ക് സൗജന്യ തെങ്ങുകയറ്റ പരിശീലനം

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ തെങ്ങുകയറ്റ പരിശീലനം നല്‍കി. ബ്ലോക്ക് വളപ്പില്‍ നല്‍കിയ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കായികാധ്വാനം ആവശ്യമായ മേഖലയില്‍ തൊഴിലാളികളുടെ അഭാവം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് തലത്തില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞവര്‍ഷവും അതിനും മുന്‍പത്തെ വര്‍ഷവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത കായിക ശേഷിയുള്ള 50 വയസ്സിന് താഴെയുള്ള വനിതകളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ദിവസമാണ് പരിശീലനം.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വരാപ്പുഴ, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, ആലങ്ങാട് എന്നീ നാല് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നാനൂറിലധികം അപേക്ഷകളാണ് പഞ്ചായത്തുകളില്‍ നിന്നും പരിശീലനത്തിനായി ബ്ലോക്കില്‍ ലഭിച്ചത്.
ഗ്രീന്‍ ആര്‍മി വടക്കാഞ്ചേരിയില്‍ നിന്നും 20 തെങ്ങുകയറ്റ യന്ത്രങ്ങളാണ് പരിശീലനത്തിനായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയിരിക്കുന്നത്. ഗ്രീന്‍ ആര്‍മിയിലെ പരിശീലകരായ ഉദയ, പ്രേമ എന്നിവരാണ് പരിശീലനം നല്‍കുന്നത്. അഞ്ചുദിവസം നീളുന്ന പരിശീലനത്തില്‍ നാലുദിവസം തെങ്ങുകയറ്റ പരിശീലനവും ഒരു ദിവസം കിണര്‍ റീചാര്‍ജിംഗ് പരിശീലനവുമാണ് നല്‍കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാല് വരെയാണ് പരിശീലനം.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണവും നല്‍കുന്നുണ്ട്. ഒരാള്‍ക്ക് 80 രൂപയാണ് ഈയിനത്തില്‍ അനുവദിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി എടുത്തതിനു ശേഷമാണ് പരിശീലനം ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി ജോണി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. ഷാജഹാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭദ്രാദേവി, സെക്രട്ടറി കെ. കെ. ഷീബ, ബ്ലോക്ക് മെമ്പര്‍മാരായ എ. എന്‍. അശോകന്‍, സാജിത ഹബീബ്, കെ. വി. കുഞ്ഞുമോന്‍, കെ. എം. ഹമീദ് ഷാ, ജയശ്രീ ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
English Summary: free training for coconut climbing for women
Share your comments