News

മാലിന്യ നിര്‍മ്മാര്‍ജനം: സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

പൊതു സമൂഹം നേരിടുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായും സമയബന്ധിതമായും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍, ജനപ്രതിനിധികള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ-സാസ്‌ക്കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുന്നു.

ബോധവത്ക്കരണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെയും മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോട്ടയം കളക്‌ട്രേറ്റില്‍ വനം-മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നവകേരള മിഷന്റെ ജില്ലാതല മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വാര്‍ഡ്തല ശുചിത്വ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15 - ന് മാലിന്യത്തിനെതിരെയുളള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തും.

ഇതോടനുബന്ധിച്ചുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന സാങ്കേതിക സമിതിയുടെ യോഗം ആഗസ്റ്റ് 20 നു മുന്‍പ് ചേരാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശുചിത്വമാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പദ്ധതികള്‍ സെപ്റ്റംബര്‍ 10-നകം തയ്യാറാക്കിയിരിക്കണം. ഈ പദ്ധതികള്‍ക്ക് സെപ്തംബര്‍ 30 - നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ജില്ലാ ശുചിത്വ മിഷനും ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശുചിത്വ-മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നവംബര്‍ 1 - ന് നടത്താന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ ഹരിത കേരള മിഷനും നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 31- നോടു കൂടി പുതുതായി ആവിഷ്‌ക്കരിച്ച ശുചിത്വ-മാലിന്യ സംസ്‌ക്കരണ പദ്ധതികളില്‍ പകുതി എങ്കിലും പൂര്‍ത്തികരിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. ശുചിത്വ മേഖലയിലെ വന്‍കിട പദ്ധതികളും ജനുവരി 31- നകം ആവിഷ്‌ക്കരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ശുചിത്വമിഷനും ശ്രദ്ധിക്കണം.

ശുചിത്വ-മാലിന്യ സംസ്‌ക്കരണത്തിനായി ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം തന്നെ മാര്‍ച്ച് 20-നകം പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ബോധവത്ക്കരണവും വിവരശേഖരണവും നടത്തുന്നതിന് ഗൃഹസന്ദര്‍ശന പരിപാടികളും സംഘടിപ്പിക്കും. ഇതിനായി ഓരോ വര്‍ഷവും 40-50 വീടുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ പ്രത്യേക ടീമുകള്‍ക്കും രൂപം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ടീമില്‍ അംഗങ്ങളായിരിക്കും. ആഗസ്റ്റ് 6 മുതല്‍ 18 വരെയുളള തീയതികളിലായിരിക്കും ഗൃഹ സന്ദര്‍ശനം നടത്തുക. ഇതിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികളുടെയും സെക്രട്ടറിമാരുടെയും യോഗം ജൂലൈ 24ന് ജില്ലാതലത്തില്‍ വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇതിനെ തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും തലങ്ങളിലുളള യോഗങ്ങളും നടക്കും. ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് നഗരസഭാ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്കുളള പരിശീലന പരിപാടികളും ജൂണ്‍ 30 - ന് മുന്‍പ് പൂര്‍ത്തികരിക്കും. എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, എ.ഡി.എം കെ. രാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ്. ലതി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


Share your comments