1. News

കാർഷിക മേഖലയിൽ സർക്കാർ നടത്തിയത് കാര്യക്ഷമമായ ഇടപെടലുകൾ: മുഖ്യമന്ത്രി

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കി.

Meera Sandeep
കാർഷിക മേഖലയിൽ സർക്കാർ നടത്തിയത് കാര്യക്ഷമമായ ഇടപെടലുകൾ: മുഖ്യമന്ത്രി
കാർഷിക മേഖലയിൽ സർക്കാർ നടത്തിയത് കാര്യക്ഷമമായ ഇടപെടലുകൾ: മുഖ്യമന്ത്രി

തൃശ്ശൂർ: കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ്  സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കി. കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നല്ല  മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.      

പരിമിതികളെ അതിജീവിച്ച് കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വർഷമായി സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു അതിന്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കർഷകക്ഷേമം ഉറപ്പു വരുത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്. ഉല്പാദനം, വിപണനം, സംസ്‌കരണം, വായ്പാ പിന്തുണ, ഇൻഷുറൻസ് തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളിലും കർഷകർക്ക് സഹായം വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ  പരമാവധി സേവനം ഏറ്റവും വേഗത്തിൽ  ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’' പരിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെൽകൃഷിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 - 22 സാമ്പത്തിക വർഷത്തിൽ 83,333.33 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചു. 2022 - 23 വർഷത്തിൽ 93509.94 ഹെക്ടർ പാടശേഖരങ്ങൾക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്.

നെൽവയലുകൾ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി  ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയൽറ്റി വർധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31 കോടി രൂപ ചെലവഴിച്ചു. മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വർധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷൻ മോഡിലുളള പദ്ധതിയാണ് ജൈവ കാർഷിക മിഷൻ. ഈ പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ 10,000 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ കാർഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയിൽ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.​

2016 ൽ 1.7 ലക്ഷം ഹെക്ടറിലാണ് നെൽകൃഷി നടന്നിരുന്നതെങ്കിൽ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വർധിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴുവർഷം കൊണ്ട് നെല്ലിൻറെ ഉത്പാദന ക്ഷമത ഹെക്ടറിന് 2.54 ടണ്ണിൽ നിന്ന് 4.56 ടൺ ആയി വർധിപ്പിച്ചു. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെൽവയൽ ഉടമകൾക്ക് ഓരോ ഹെക്ടറിനും 3,000 രൂപ വീതം നൽകുന്ന റോയൽറ്റി  14,498 ഹെക്ടർ വയലുകൾക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ  ലഭ്യമാക്കിയത്. 2022-23 സംഭരണ വർഷത്തിൽ 3,06,533 കർഷകരിൽ നിന്നായി 7,31,183 മെടിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 2061.9 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 1,75,610 നെൽകർഷകർക്കാണ് ഇത് പ്രയോജനപ്പെട്ടത്.

നെല്ലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്. എന്നാൽ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ ഏഴ് രൂപ 80 പൈസ, കേരളം സ്വന്തം നിലയ്ക്കാണ് നൽകുന്നത്. കേന്ദ്രത്തിൽ നിന്നുള്ള തുകയ്ക്ക് കാത്തുനിൽക്കാതെ തന്നെ കർഷകൻറെ അക്കൗണ്ടിൽ മുഴുവൻ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകൾ വഴി പി ആർ എസ്സിലൂടെ അഡ്വാൻസായി നൽകുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്.

നെല്ല് സംഭരണത്തിൻറെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന്  ലഭിക്കാനുണ്ട്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചെലവാകുന്ന തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

കൃഷിയെ കയ്യൊഴിയുകയും നെൽപ്പാടങ്ങൾ റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട് കടന്നു പോന്നിരിക്കുന്നു.  അനുഭവത്തിൽ നിന്ന് അത് മനസ്സിലാക്കിയാണ് കർഷകർ ഈ സർക്കാരിന് അടിയുറച്ച പിന്തുണ നൽകുന്നത്. നവകേരള സദസ്സിൽ  കാർഷിക മേഖലകളിൽ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരള സദസ്സിന്റെ ആദ്യദിനം തൃശൂർ ജില്ലയിൽ നിന്ന് 17,323 നിവേദനങ്ങൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചേലക്കര - 4525, വടക്കാഞ്ചേരി - 4102, കുന്ദംകുളം - 4228, ഗുരുവായൂർ -4468 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Govt has made effective interventions in agriculture sector: Chief Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds