1. News

ലൈഫ് മിഷനിൽ പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്ന പരാതി വിചിത്രം: മുഖ്യമന്ത്രി

ലൈഫ് മിഷന്റെ ഭാഗമായി പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന പരാതി വിചിത്രമാണെന്നും ലൈഫ് മിഷനിൽ ഇതുവരെ നാല് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സ് വൻ ജനാവലിയെ സാക്ഷിയാക്കി മുളങ്കുന്നത്തുകാവ് കേരള ആരോഗ്യ സർവകലാശാല ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Meera Sandeep
ലൈഫ് മിഷനിൽ പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്ന പരാതി വിചിത്രം: മുഖ്യമന്ത്രി
ലൈഫ് മിഷനിൽ പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്ന പരാതി വിചിത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്റെ ഭാഗമായി പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന പരാതി വിചിത്രമാണെന്നും ലൈഫ് മിഷനിൽ ഇതുവരെ നാല് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സ് വൻ ജനാവലിയെ സാക്ഷിയാക്കി മുളങ്കുന്നത്തുകാവ് കേരള ആരോഗ്യ സർവകലാശാല ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് മിഷൻ നല്ല നിലയ്ക്ക് എല്ലാവരും സ്വാഗതം ചെയ്യുന്ന പരിപാടിയാണ്. വീട് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള പദ്ധതിയെ വിവാദത്തിലാക്കി, ഇന്ത്യ ഗവൺമെന്റിന്റെ അടക്കം സഹായത്തോടെ ബിജെപിയുടെ ഇടപെടലിലൂടെ കേസിൽപ്പെടുത്തി സിബിഐയെ അടക്കം ഇടപെടീക്കാനുള്ള നീക്കം നടത്തുന്നതിന് അന്നത്തെ കോൺഗ്രസ് എംഎൽഎ തന്നെ നേതൃത്വം നൽകി. അതിന്റെ ഭാഗമായി സ്മാരകം പോലെയുള്ള അസ്ഥിപഞ്ജരം ഇവിടെ കിടക്കുന്നുണ്ട്. ആ ഫ്ലാറ്റ് നിർമ്മാണം പകുതിക്ക് വെച്ച് നിലച്ചുപോയി. അത് പൂർത്തിയാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിന് പണം തന്ന് സഹായിച്ചവരും അത് പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, നിയമക്കുരുക്കിന്റെ ഭാഗമായി അത് അങ്ങനെ കിടക്കുകയാണ്. ആ സ്ഥിതിവിശേഷം ഉണ്ടാക്കിയവരാണ് ലൈഫ് മിഷനിൽ വീട് വച്ച് നൽകുന്നില്ലെന്ന് പ്രചാരണം നടത്തുന്നത്.

ലൈഫ് മിഷനിൽ കുറച്ച് വീടുകൾക്ക് കേന്ദ്രസഹായം ലഭിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിൽ 72000 രൂപയും അർബൻ മേഖലയിൽ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുമാണ് കേന്ദ്രം നൽകുന്ന സഹായം. പക്ഷേ നാല് ലക്ഷം രൂപയാണ് ഓരോ വീടും പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിക്കുന്നത്. വിവിധ മേഖലകളിലെ ഭവന നിർമ്മാണ പദ്ധതികൾ കൂട്ടി യോജിപ്പിച്ചാണ് ലൈഫ് മിഷൻ ആരംഭിച്ചത്. അതിൽ കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയും കൂടി ഉൾപ്പെടുന്നുണ്ട്. അവരുടെ തുകയ്ക്ക് പുറമേയുള്ള തുക സംസ്ഥാന സർക്കാരാണ് കൊടുക്കുന്നത്. കേന്ദ്രസർക്കാർ പണം നൽകുന്ന വീടുകൾക്ക് അവർ നൽകുന്ന ബോർഡ് വെക്കണം എന്നാണ് നിർദ്ദേശം. ലൈഫ്മിഷന്റെ ഭാഗമായി വെച്ച നാലുലക്ഷത്തോളം വീടുകളിൽ ഒരു പരസ്യവും സംസ്ഥാന സർക്കാർ വെക്കുന്നില്ല. അത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. അവർ അവരുടെ സ്വന്തം വീട്ടിലാണ് കിടന്നുറങ്ങുന്നത്. സൗജന്യമാണെന്ന ബോർഡ് വെക്കുന്നത് വീട് തന്റേതല്ലെന്ന എന്ന രീതിയിൽ അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ചെയ്തില്ലെങ്കിൽ കേന്ദ്രം തരുന്ന പണം തരില്ലെന്ന് പറഞ്ഞിരിക്കുകയാണ്. അതു ചോദ്യംചെയ്യുന്ന നിലപാട് യുഡിഎഫ് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, ആൻറണി രാജു, വീണ ജോർജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി മീര സ്വാഗതവും വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി വി സുനിൽകുമാർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ പി എസ് വിനയൻ, ലിനി ഷാജി, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ തങ്കമണി ശങ്കുണ്ണി (അവണൂർ ), സിമി അജിത്ത് കുമാർ (അടാട്ട് ), ലക്ഷ്മി വിശ്വംബരൻ (കോലഴി ), കെ ഉഷാദേവി (കൈപ്പറമ്പ് ), ടി വി സുനിൽകുമാർ (തെക്കുംകര ), കെ ജെ ബൈജു (മുളംകുന്നത്തുകാവ് ), തോളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ 20 കൗണ്ടറുകളിലൂടെ പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. തേക്കിൻകാട് ബാൻഡും ആട്ടം കലാസമിതിയും അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ, പാഴ്‌വസ്തുക്കളിൽനിന്നുള്ള സംഗീതവിരുന്ന് ഡബ്ബ ബീറ്റ് എന്നിവ കാണികളുടെ മനം കവർന്നു.

English Summary: The complaint of non-implementation of projects in Life Mission is strange: CM

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds