News

ഹരിത കേരളത്തിന് ഒരു വർഷം : ജനപങ്കാളിത്തം ഉറപ്പാക്കിയ കർമ്മപദ്ധതി

കേരളത്തിൻ്റെ കാര്‍ഷിക വികസനരംഗത്ത് പുതുകാഴ്ച്ചപ്പാട് മുന്നോട്ടുവെച്ച ഹരിതകേരള മിഷന് ഒരു വയസ്സ്. ശുചിത്വ - മാലിന്യ സംസ്‌കരണം, മണ്ണ് - ജല സംരക്ഷണം, ജൈവകൃഷിരീതി എന്നിവ മുന്‍നിര്‍ത്തിയുള്ള കൃഷിവികസനത്തിന് ഊന്നല്‍ നല്‍കി കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷനു തുടക്കുകുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്നുള്ളതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്ന കാര്യം. കൃഷി ലാഭകരമല്ലെന്ന ന്യായം ഉയര്‍ത്തി പിന്‍വാങ്ങിയ സ്വകാര്യസംരംഭകരെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിക്ക് കഴിഞ്ഞതായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ആദ്യഘട്ടത്തില്‍ 3000 ഏക്കര്‍ ഭൂമിയില്‍ പുതുതായി നെല്‍ക്കൃഷി ആരംഭിച്ചു. 15,000 ഏക്കറിലാണ് ജൈവപച്ചക്കറിക്കൃഷി നടപ്പിലാക്കിയത്.

ജലമാണ് ജീവന്‍

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി പരമാവധി ജലം സംരക്ഷിച്ച് പ്രാദേശിക ജലസേചന-കുടിവെള്ള സ്രോതസ്സുകളായി ഉപയോഗിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ആദ്യഘട്ടത്തില്‍ കുളങ്ങള്‍, കനാലുകള്‍, തോടുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 15000ലധികം കിണറുകള്‍ നിര്‍മ്മിക്കുകയും 5000ത്തിലധികം പൊതുകിണറുകള്‍ പുനരുജ്ജീവിപ്പിക്കുകയും 10000ത്തോളം കുളങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. പള്ളിക്കനാര്‍, കൂട്ടമ്പേരൂറാര്‍, ആദിപമ്പ, വരട്ടാര്‍, കോലറയാര്‍, കോട്ടൂര്‍, മീനന്തലയാര്‍, പെരുംതോട്, കാനാമ്പുഴ തുടങ്ങിയ പല ഉപനദികളും തദ്ദേശവാസികളുടെ സഹായത്തോടെ ഉപയോഗപ്രദമാക്കുവാന്‍ കഴിഞ്ഞു.

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്യം

മാലിന്യം പരമാവധി കുറയ്ക്കുന്നതിനും പുനരുപയോഗിക്കുന്നതിനും പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട്, പരിഹാരം കാണുന്നതിനുള്ള രീതിയാണ് ഹരിത കേരളം മിഷന്റേത്. ശുചിത്വ മിഷന്‍, ക്‌ളീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പുപദ്ധതി, സാങ്കേതികസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ 300ലധികം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമഗ്രമായ മാലിന്യസംസ്‌കരണ സംവിധാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കി. 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്യ്രം' എന്ന ക്യാമ്പയിനിലൂടെയാണ് 300 തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

ജൈവം ജീവനം

ജൈവകൃഷിക്ക് പ്രാധാന്യംകൊടുത്തുള്ള കൃഷി വികസനം സാധ്യമാക്കി സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ഹരിതകേരളം പദ്ധതിയിലൂടെ ലക്ഷ്യംവെച്ചത്. കേരളത്തില്‍ നെല്‍ക്കൃഷിയുടെ വിസ്തൃതി 2 ലക്ഷം ഹെക്ടറിനുതാഴെയാണ്. നെല്‍കൃഷി കുറഞ്ഞത് 3 ലക്ഷം ഹെക്ടറിലേക്കെങ്കിലും വ്യാപിപ്പിക്കുന്നതിനും പഴവര്‍ഗക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് കൃഷി ഉപമിഷന്റെ ആഭിമുഖ്യത്തില്‍ തുടക്കംകുറിച്ചു. തരിശുനിലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും ഗാര്‍ഹികതലത്തില്‍ പച്ചക്കറി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന ക്യാമ്പയിന്‍ തുടങ്ങിയവയിലൂടെ നടപ്പിലാക്കാനായി.

മിഷൻ്റെ ഒന്നാം വാര്‍ഷികം മുന്‍നിര്‍ത്തി വിപുലമായ പരിപാടികളാണ് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൻ്റെ കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് ഒന്നാംവാര്‍ഷികത്തിന്റെ ഭാഗമായ ഹരിതസംഗമം 2017 ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുതലമുറയിലടക്കം പുതിയ കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കാനാകണം. ഒരുവര്‍ഷത്തെ നേട്ടങ്ങളുടെ ശരിയായ വിലയിരുത്തലുകളിലൂടെ പ്രാദേശികമായ കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക എന്നും അദ്ദേഹം പറഞ്ഞു.


English Summary: Haritha kerala Mission

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine