News

പച്ചക്കറി കൃഷിക്ക് പുതുപ്രതീക്ഷയേകി നടുക്കര ഹൈടെക്ക് പ്ലഗ് നഴ്‌സറി

കൊച്ചി: കേരളത്തിലെ ആദ്യത്തെ സംരംഭവും ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തേയും ഹൈടെക് പ്ലഗ് നഴ്‌സറി മുവാറ്റപുഴയിലെ നടുക്കരയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. പച്ചക്കറി കൃഷിക്ക് പുതു പ്രതീക്ഷകള്‍ നല്‍കുന്ന വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഹൈടെക് പ്ലഗ് നഴ്‌സറിയുടെ ഉദ്ഘാടനം ഡിസംബര്‍ 16ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പദ്ധതിയുടെ ധനസഹായത്തോടുകൂടിയാണ് ഹൈടെക് പച്ചക്കറി തൈ ഉല്‍പാദനകേന്ദ്രം വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രതിവര്‍ഷം രണ്ട് കോടി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുളള ഈ യൂണിറ്റില്‍ 1536 സ്‌ക്വയര്‍ മീറ്റര്‍ വീതം വലിപ്പമുള്ള നാല് പോളി ഹൗസുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, വിത്ത് നടീല്‍ യൂണിറ്റ്, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്നു. നടീല്‍ മാധ്യമം നിറയ്ക്കുന്നതു മുതല്‍ വിത്ത് പാകുന്നതും കണ്‍വേയര്‍ വഴി പോളി ഹൗസിലേക്ക് എത്തിക്കുന്നതും തുടര്‍ന്നുളള വളപ്രയോഗവും, ജലസേചനവും ഈ യൂണിറ്റില്‍ പൂര്‍ണമായും യന്ത്രവല്‍കൃതമാണ്.

കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികൃഷിയുണ്ടെങ്കിലും ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ അഭാവം പച്ചക്കറിയുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പ്രധാന തടസമായിരിക്കുന്നു. സമയലാഭവും, വിത്ത് മുളയ്ക്കാതിരുന്നാലുള്ള നഷ്ടവും മറ്റും കണക്കിലെടുത്ത് വിത്തിനേക്കാള്‍ തൈകള്‍ ഉപയോഗിക്കുകയാണ് കര്‍ഷകര്‍. ഒരുവിത്തു പോലും പാഴാക്കാതെ തൈ ഉല്‍പാദിപ്പിക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളായ ഷെയ്ഡ് നെറ്റ്ഹൗസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ഭാരം കര്‍ഷകന് താങ്ങാനാകില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭത്തിന് കൗണ്‍സില്‍ തുടക്കം കുറിക്കുന്നതെന്ന് വിഎഫ്പിസികെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ എസ്.കെ. സുരേഷ് അറിയിച്ചു.

മൂവാറ്റുപുഴ നടുക്കരയില്‍ 4.09 ഏക്കറിലാണ് 11.35 കോടി ധനസഹായത്തോടെ ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം പൂര്‍ത്തിയായത്. പോട്ടിംഗ് മിശ്രിതം യന്ത്രസഹായത്തോടെ നന്നായി സംയോജിപ്പിച്ച് യന്ത്രവല്‍കൃതമായി തന്നെ പ്ലാസ്റ്റിക്ക് പ്രോട്രേകളില്‍ നിറയ്ക്കുന്നു. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ യന്ത്രസഹായത്തോടെ നടുകയും അതു കണ്‍വേയര്‍ വഴി പോളിഹൗസുകളില്‍ എത്തിക്കുകയും ചെയ്യുന്നു. ഇവിടെ തൈ വളരുന്നതിനു വേണ്ട സൂര്യപ്രകാശം, താപം, ഈര്‍പ്പം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. താപനില നിയന്ത്രിക്കുന്നതിനായി യന്ത്രവല്‍കൃത ഷേയ്ഡ് നെറ്റുകള്‍ ഉപയോഗപ്പെടുത്തുന്നു. കമ്പ്യൂട്ടര്‍ നിയന്ത്രിത ഫെര്‍ട്ടഗേഷനിലൂടെ പോളിഹൗസില്‍ ഘടിപ്പിച്ചിരിക്കുന്ന ബൂമറുകളുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ വളപ്രയോഗം സാധ്യമാക്കുന്നു. ആവശ്യാനുസരണം ജലസേചനം നടത്തുന്നതിനും ഇതുവഴി സാധിക്കും. രോഗകീടബാധ നിയന്ത്രണത്തിനു വേണ്ട സസ്യസംരക്ഷണ മുറകളും ഇവിടെ അനുവര്‍ത്തിക്കുന്നു.

ഈ പോളിഹൗസുകളില്‍ വിളകള്‍ മുളയ്ക്കുന്നതിനുള്ള കാലദൈര്‍ഘ്യം അനുസരിച്ച് ഏകദേശം 25 മുതല്‍ 40 ദിവസത്തിനുള്ളില്‍ ഹാര്‍ഡനിംഗ് ചെയ്ത തൈകള്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് സജ്ജമാകുന്നു. പ്ലഗ് നേഴ്‌സറികളില്‍ തയ്യാറാവുന്ന തൈകളുടെ വേരുപടലം നടീല്‍ മാധ്യമമായ കൊക്കോപീറ്റില്‍ ചുറ്റിയിരിക്കുന്നതിനാല്‍ കൃഷിയിടങ്ങളിലേക്ക് കേടുപാടുകള്‍ കൂടാതെ കൊണ്ടുപോകുവാന്‍ കഴിയും. അതുപോലെതന്നെ കൃഷിയിടങ്ങളില്‍ വേരുപൊട്ടാതെ പറിച്ചു നടുന്നതിനും സാധ്യമാണ്. പൂര്‍ണ്ണമായും യന്ത്രവല്‍കൃതമായ നേഴ്‌സറിയില്‍ ശാസ്ത്രീയ പരിചരണങ്ങളാണ് പച്ചക്കറി തൈ ഉത്പാദനത്തിനു സ്വീകരിക്കുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ക്ക് കൃഷിയിടങ്ങളില്‍ നല്ല വളര്‍ച്ചയും, ആരോഗ്യവും, രോഗപ്രതിരോധശേഷിയും ഉണ്ടാകും.


English Summary: high tech plug nursery

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine