News

ജോസഫിന്റെ സ്വന്തം തിരുതാളി

joseph's idukki

ഹൈറേഞ്ചിലെ ഏലക്കാടുകള്‍ ഉല്പാദനത്തകര്‍ച്ചയും രോഗ-കീടബാധയും നേരിടുമ്പോള്‍ കര്‍ഷകര്‍ക്കു പുത്തന്‍ പ്രതക്ഷ നല്‍കുകയാണ് ഇടുക്കി ശാന്തമ്പാറ പേത്തൊട്ടി തിരുതാളിയില്‍ ടി.പി. ജോസഫ് വികസിപ്പിച്ചെടുത്ത തിരുതാളി ഏലം.

പാലായ്ക്കടുത്ത് നീലൂരില്‍നിന്ന് ജോസഫ് പേത്തൊട്ടിയില്‍ എത്തിയിട്ട് 20 കൊല്ലമായി. പേത്തൊട്ടിയില്‍ പതിനഞ്ചേക്കര്‍ ഏലക്കാട് വാങ്ങി താമസം തുടങ്ങി. പന്ത്രണ്ട് ഏക്കറില്‍ ഏലവും മൂന്നേക്കറില്‍ കുരുമുളകും കൃഷിചെയ്തു. വഴുക്ക ഇനം ഏലമാണ് നട്ടത്. ഈ ഇനത്തിന് രോഗബാധ കൂടുകയും വിളവ് കുറയുകയും ഉല്പാദനച്ചെലവ് കൂടുകയും ചെയ്തപ്പോള്‍ ഇതിനെ മറികടക്കുന്ന പുതിയൊരു ഇനം കണ്ടെത്തണമെന്ന് ആഗ്രഹിച്ചു. പുതിയ ഏലച്ചെടി ഉരുത്തിരിച്ചെടുക്കാന്‍ മരിയാപുരം തിരഞ്ഞെടുത്തു. പത്തേക്കര്‍ ചുറ്റളവില്‍ ആരും ഏലം കൃഷിചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് പരീക്ഷണക്കൃഷിക്കായി മരിയാപുരം തിരഞ്ഞെടുത്തത്. ഞള്ളാനി, വഴുക്ക, നാടന്‍ ഇനങ്ങളുടെ ഓരോ തൈ വീതം ഒരു കുഴിയില്‍ നട്ടു. മൂന്നുകൊല്ലം കഴിഞ്ഞ് പൂവിട്ട ഏലച്ചെടികളില്‍ സ്വാഭാവിക പരാഗണം വഴിയുണ്ടായ കായ്കളില്‍നിന്ന് ഏറ്റവും വലിപ്പമേറിയവ എടുത്ത് വീണ്ടും പാകി. അതില്‍നിന്ന് 300 തൈകള്‍ പ്രത്യേകം നട്ടുപരിപാലിച്ചു. മൂന്നുവര്‍ഷത്തിനുശേഷം കായ്ച്ച ചെടികളില്‍ ഒന്നില്‍ മാത്രം ശരത്തിനു നീളവും കായ്ക്ക് വലിപ്പം കൂടുതലും കണ്ടു. ആ ഏലച്ചെടിയില്‍നിന്നാണ് തിരുതാളി ഏലത്തിന്റെ പിറവി. പുതിയ ഇനത്തിന് ജോസഫ് സ്വന്തം വീട്ടുപേരു തന്നെ നല്‍കുകയും ചെയ്തു.

മാതൃസസ്യമായ ഏലച്ചെടിയില്‍നിന്ന് ആദ്യവര്‍ഷം ആറുകിലോ ഉണക്ക കായ് ലഭിച്ചു. അതിന്റെ വിത്തില്‍നിന്നാണ് വന്‍തോതില്‍ തൈകളുണ്ടാക്കിയത്. സ്വാഭാവിക പരാഗണം വഴി ഉരുത്തിരിച്ചെടുത്ത അത്യുല്പാദശേഷിയുള്ള പുതിയ ഇനത്തിന് 2008 ല്‍ കണ്ണൂരില്‍ നടന്ന കര്‍ഷകശാസ്ത്ര കോണ്‍ഗ്രസ്സിന്റെ അംഗീകാരം ലഭിച്ചു. ശാന്തമ്പാറ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ. അനീന സൂസന്‍ സക്കറിയയാണ് ഈ കണ്ടുപിടിത്തം സാക്ഷ്യപ്പെടുത്തിയത്.

തിരുതാളിയുടെ കൃഷിച്ചെലവ് കുറവാണെന്ന് ജോസഫ് പറയുന്നു. രണ്ടടി വിസ്തൃതിയുള്ള കുഴിയിലാണ് ചെടി നടുന്നത്. ചെടികള്‍ തമ്മില്‍ ഒന്‍പതടി അകലം വേണം. ഒരേക്കറില്‍ 500 ചെടികള്‍ നടാം. ചാണകപ്പൊടി, എല്ലുപൊടി എന്നിവ ചേര്‍ത്ത് ചെടിയൊന്നിന് നാലുകിലോ ഇട്ടുകൊടുക്കണം. രണ്ടോ മൂന്നോ തവണ കുറേശ്ശെ രാസവളവും ചേര്‍ത്തുകൊടുക്കണം. ഒരുവര്‍ഷത്തെ ചെടിവളര്‍ച്ചയ്ക്ക് ഇത്രയും വളം മതി. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് തൈകള്‍ നടുന്നത്. നാല്‍പ്പതു ശതമാനത്തില്‍ താഴെ തണല്‍ മതിയാകുമെന്നതിനാല്‍ ഇടവിളയായും ഈ ഇനം കൃഷിചെയ്യാം. നട്ട് ഒന്നരക്കൊല്ലം കഴിഞ്ഞ് ആദ്യ വിളവെടുപ്പ് നടത്താം. ആദ്യവിളവെടുപ്പില്‍ ഒരു ചെടിയില്‍ നിന്ന് പത്ത് കിലോ പച്ചക്കായ് ലഭിക്കുമെന്ന് ജോസഫ് പറയുന്നു. വര്‍ഷത്തില്‍ എട്ടുതവണ വിളവെടുപ്പ് നടത്താനുമാകും.

തിരുതാളിക്ക് രോഗശല്യം കുറവാണെന്നും വേരുപുഴുവിന്റെ ആക്രമണത്തില്‍ നിന്ന് മുക്തമാണെന്നും ജോസഫ് പറയുന്നു. സാധാരണ ഏലത്തിന് 22 ദിവസം കൂടുമ്പോള്‍ മരുന്നടിക്കണം. തിരുതാളിക്ക് 45 ദിവസം കൂടുമ്പോള്‍ മാത്രം മരുന്നടിച്ചാല്‍ മതി. ഉടുമ്പന്‍ചോല താലൂക്കിലെ മിക്ക ഏലം കര്‍ഷകരും ഇപ്പോള്‍ തിരുതാളി ഇനമാണ് കൃഷി ചെയ്യുന്നത്. ജോസഫിന്റെ പന്ത്രണ്ട് ഏക്കറിലും ഇന്ന് തിരുതാളി ഇടംപിടിച്ചു കഴിഞ്ഞു. തിരുതാളിക്കൃഷിക്കായി എത്തുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായവും നല്‍കാനും ഇദ്ദേഹം തയ്യാറാണ്. (ഫോണ്‍: 99 46 56 68 20)


Share your comments