News

സര്‍ക്കാര്‍ ലക്ഷ്യം കാര്‍ഷികമേഖലയുടെ സമഗ്ര പുരോഗതി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ


കാര്‍ഷികമേഖലയുടെ സമഗ്രമായ പുരോഗതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള പദ്ധതികളാണു സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍(സിപിസിആര്‍ഐ) കിസാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിപിസിആര്‍ഐ ഉള്‍പ്പെടെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന ഗവേഷണങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുപുതിയ സാങ്കേതികവിദ്യ കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. രാജ്യത്തെ ആഭ്യന്തര ഉദ്പാദത്തിന്റെ 17 ശതമാനം സംഭാവന നല്‍കുന്ന കാര്‍ഷിക മേഖലയുടെ പുരോഗതിയും കര്‍ഷകരുടെ സാമ്പത്തിക ഉന്നമനവുമാണു സര്‍ക്കാര്‍ ലക്ഷ്യം. പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങിയ പദ്ധതികളിലൂടെ വിവിധ കാര്‍ഷിക മേഖലകളുടെ ഉന്നമനമാണു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനു സഹായകരമാകുംവിധത്തില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീമിലൂടെ 9.91 കോടി കര്‍ഷകര്‍ക്കു സോയില്‍ കാര്‍ഡ് വിതരണം ചെയ്തു. അടുത്തുതന്നെ രാജ്യത്തെ 648 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ ആരംഭിക്കും. 

കേരളത്തില്‍ സിപിസിആര്‍ഐ ഉള്‍പ്പെടെ അഞ്ചു ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തെ കാര്‍ഷികമേഖലയുടെ പുരോഗതിക്കു മികച്ച സംഭാവനയാണു നല്‍കുന്നത്. വിപണിയിലെ വിലസ്ഥിരതയില്ലായ്മകാരണം ബുദ്ധിമുട്ടിയിരുന്ന കര്‍ഷകരുടെ വിളകള്‍ക്ക് താങ്ങുവില നല്‍കുന്നതിലൂടെ കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പി.കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിപിസിആര്‍ഐയുടെ നൂറാം വാര്‍ഷികത്തോടെനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും കോഴിക്കോട് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍(നോര്‍ത്ത് റിജിയണ്‍) കേണല്‍:എസ്.എഫ്.എച്ച് റിസ്‌വിയും ചേര്‍ന്നു നിര്‍വഹിച്ചു. അഞ്ച് പുസ്തങ്ങളുടെ പ്രകാശനവും പുതിയതായി വിപണിയില്‍ എത്തിക്കുന്ന രണ്ടു ഉത്പന്നങ്ങളും കേന്ദ്രമന്ത്രി പുറത്തിറക്കി. വിവിധ ധാരണപത്രങ്ങളും കൈമാറി.  മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട സിബി ജോസഫ്, രാമകൃഷ്ണ, വിശ്വനാഥറാവു എന്നിവരെ ആദരിച്ചു.

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, മൊഗ്രാല്‍ പുത്തുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ന്യുഡല്‍ഹി)ഡോ.എ.കെ സിംഗ്, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.ആര്‍ ഉഷാദേവി, ഡോ.മനോജ്കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ.സി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

 


English Summary: Government Aims for an integrated development of agriculture.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine