1. News

കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: നൂതന പദ്ധതികളുടെ മധുരം, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം

നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം.

Meera Sandeep
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: നൂതന പദ്ധതികളുടെ മധുരം, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: നൂതന പദ്ധതികളുടെ മധുരം, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം

കണ്ണൂർ: നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റ് 125,12,79,639 വരവും 122,91,85,000 രൂപ ചെലവും 2,20,94,639 മിച്ചവും പ്രതീക്ഷിക്കുന്നു. സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾക്ക് അഞ്ച് കോടിയും വനാതിർത്തികളിൽ സൗരോർജ തൂക്കുവേലിക്ക് ഒരു കോടിയും വകയിരുത്തി.

കാർഷിക മേഖലയിൽ മാംഗോ ഹണി, മാംഗോ മ്യൂസിയം, ഹൈടെക് നഴ്‌സറി, മെഡിസിൻ പ്ലാൻറ് നഴ്‌സറി, പഴവർഗ സംസ്‌കരണ യൂനിറ്റ്, കൂടാതെ വെങ്കലഗ്രാമം, ബാംബൂ ഗ്രാമം, പലഹാര ഗ്രാമം, സ്‌കൂഫെ-കഫെ അറ്റ് സ്‌കൂൾ, ഹെറിറ്റേജ് ബിനാലെ, വിധവാ മാട്രിമോണിയൽ, സർവശാന്തി തുടങ്ങിയ ശ്രദ്ധേയ പദ്ധതികൾ ബജറ്റ് വിഭാവനം ചെയ്യുന്നു. വിൻഡ് മിൽ പദ്ധതിയുടെ സാധ്യതാ പഠനവും മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 27.10 കോടി രൂപ നീക്കിവെച്ച ബജറ്റിൽ കാർഷിക മേഖലയിൽ 6.55 കോടിയും ടൂറിസം രംഗത്ത് 2.15 കോടിയും വനിതാ രംഗത്ത് 1.15 കോടിയും വകയിരുത്തി.

കണ്ണൂരിനെ സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയായി മാറ്റുന്നതിന് നാല് കോടി രൂപ വകയിരുത്തി. എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ടോയ്‌ലെറ്റുകൾ നിർമ്മിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ മികവിന് പ്രധാന പങ്ക് വഹിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ വർഷവും തുടരുന്നതിന്  40 ലക്ഷം രൂപ വകയിരുത്തി.

സ്‌കൂളുകളുടെ വികസനത്തിന് ആകെ 22.70 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുളള വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം ചെയ്യുന്നതിന് 1.80 കോടി രൂപയും അസംബ്ലി ഹാൾ നിർമ്മിക്കാൻ നാല് കോടി രൂപയും ഗ്രൗണ്ടുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചു. ക്ലാസ് മുറികൾ നിർമ്മിക്കാൻ 70 ലക്ഷം രൂപയും ലൈബ്രറി നിർമ്മിക്കാൻ  50 ലക്ഷം രൂപയും, ശാസ്ത്രലാബുകൾ അഭിവൃദ്ധിപ്പെടുത്താൻ 10 ലക്ഷം രൂപയും ഡിജിറ്റൽ ക്ലാസ് റൂം ഒരുക്കുന്നതിന് 25 ലക്ഷം രൂപയും കൗൺസിലിംഗ് സെന്റർ തയ്യാറാക്കാൻ 15 ലക്ഷം രൂപയും, ബാൻഡ് ട്രൂപ്പ് രൂപീകരിക്കാൻ 25 ലക്ഷം രൂപയും കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് നൽകാൻ 50 ലക്ഷം രൂപയും, സിസിടിവി സ്ഥാപിക്കാൻ 20 ലക്ഷം രൂപയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുവാൻ അഞ്ച് ലക്ഷം രൂപയും, ബയോഡൈവേഴ്‌സിറ്റി രജിസ്റ്റർ തയ്യാറാക്കാൻ രണ്ട് ലക്ഷം രൂപയും സ്‌കൂളുകളുടെ മറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനും മെയിന്റനൻസിനുമായി 11 കോടി രൂപയുമടക്കമാണിത്.

മുൻഗണനാപട്ടിക പ്രകാരം വിവിധ പദ്ധതികൾക്ക് വകയിരുത്തിയ തുക.

* ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 10.88 കോടി രൂപ. 

* വന്യമൃഗങ്ങളുടെ അതിക്രമം തടയാൻ വനാതിർത്തികളിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി രൂപ.

* കൃഷിക്കാർക്ക് സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ പറ്റുന്ന ലഘുകാർഷികോപകരണങ്ങൾ രൂപപ്പെടുത്താനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് 5.5 ലക്ഷം രൂപയും കാർഷിക യന്ത്രവൽക്കരണം പ്രോത്സാ ഹിപ്പിക്കാൻ 11 ലക്ഷം രൂപയും.

* ഭൗമസൂചികാ പദവിയിൽ ഇടം പിടിച്ച കുറ്റിയാട്ടൂർ മാങ്ങയിൽ നിന്നും മാംഗോ ഹണി യൂനിറ്റുകൾ  ആരംഭിക്കാൻ മൂന്ന് ലക്ഷം രൂപ.

* ജില്ലാ പഞ്ചായത്തിന് കീഴിലെ കൃഷി ഫാമുകളിൽ തനത് വരുമാനം വർധിപ്പിക്കാൻ തേനീച്ച വളർത്താൻ അഞ്ച് ലക്ഷം രൂപ.

* ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്‌സറി സ്ഥാപിക്കാൻ 10 ലക്ഷം രൂപ.

* ജല സംരക്ഷണം ഉറപ്പു വരുത്താൻ തോടുകളിലും ചെറുപുഴകളിലും തടയണയും വി.സി.ബി.കളും നിർമ്മിക്കാൻ 50 ലക്ഷം രൂപ.

* ചെറുതല്ല ചെറുധാന്യം പദ്ധതിയിൽ ജില്ലയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ.

* നെൽകൃഷി പ്രോത്സാഹനത്തിന് 1.20 കോടിയും, കൈപ്പാട് കൃഷി പ്രോത്സാഹനത്തിന് 25 ലക്ഷം രൂപയും, ജില്ലയിലെ നെൽകൃഷി വികസനത്തിന് സഹായകരമായി പാട ശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 64 ലക്ഷം രൂപയും വകയിരുത്തുന്നു.

* ജില്ലാ പഞ്ചായത്തിന് കീഴിലുളള കരിമ്പത്തെ ജില്ലാ കൃഷി ഫാം അപൂർവവും വൈവിധ്യമാർന്നതുമായ മാവുകളുടെ സംരക്ഷണ കേന്ദ്രമായി മാറ്റാനായി മാംഗോ മ്യൂസിയം സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപ.

* ആയുർവേദ മരുന്ന് ചെടികളുടെ ലഭ്യത ഉറപ്പു വരുത്താനാവശ്യമായ മെഡിസിൻ പ്ലാന്റ് നഴ്‌സറി തയ്യാറാക്കുന്നതിനും വിപണനം ഉറപ്പുവരുത്താനുമായി അഞ്ച് ലക്ഷം രൂപ.

* വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ചെത്തിക്കൊടുവേലി ഉപയോഗിച്ച് ജൈവവേലി നിർമ്മിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹ ചര്യത്തിൽ കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉത്പാദിപ്പിക്കാൻ രണ്ട് ലക്ഷം രൂപ.

* ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ചക്ക, മാങ്ങ, കശുമാങ്ങ, ചാമ്പങ്ങ, പേരക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ സംഭ രിക്കാനും അത് ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം രൂപ.

* കരിമ്പം കൃഷി ഫാമിൽ ഫാം എക്‌സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപ.

* കാർഷിക മേഖലയിലെ യന്ത്രവത്കരണവും ആധുനിക കൃഷി രീതികളും വള പ്രയോഗങ്ങളും കീടനിയന്ത്രണ സംവിധാനങ്ങളും കർഷകരെ പരിചയപ്പെടുത്താനും വിപണനത്തിന്റെയും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകൾ കർഷകർക്ക് മനസ്സിലാക്കാനും സഹായകരമായ 'ഫാർമേഴ്‌സ് കോൺക്ലേവ് സംഘടിപ്പിക്കുന്നതിന് 10 ലക്ഷം രൂപ.

* എല്ലാ സീസണിലും പൂവ് കൃഷി ചെയ്ത് ലഭ്യമാക്കാൻ സംരംഭകർക്ക് പ്രോത്സാഹനമായി 10 ലക്ഷം രൂപയും ഓണത്തിന് ഒരു കൊട്ട പൂവ്'ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം രൂപയും.

* അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയരിക് സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം വിരിക്കാൻ 20 ലക്ഷം രൂപയും വി.സി.ബി നിർമ്മി ക്കാനും പുഴ പുനരുജ്ജീവനത്തിനുമായി 40 ലക്ഷം രൂപയും.

* കല്ലുമ്മക്കായ കൃഷി പ്രോത്സാഹിപ്പിക്കാൻ 15 ലക്ഷം രൂപ വകയിരുത്തുന്നു.

* പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം രൂപ.

* കൈത്തറി സംഘ ങ്ങളുടെ വർക്ക് ഷെഡ് നവീകരണത്തിന് 50 ലക്ഷം രൂപ.

* വെങ്കലത്തിൽ കരവിരുത് പ്രകടമാക്കുന്ന ലോകത്തെ അപൂർവ്വം പ്രദേശങ്ങളിൽ ഒന്നായ കുഞ്ഞിമംഗലത്തെ ശിൽപികൾക്ക് പ്രോത്സാഹനവും, പുതിയ തല മുറയ്ക്ക് പരിശീലനവും പൊതുജനങ്ങൾക്ക് കാണാനും മനസ്സിലാക്കാനും സാധിക്കുന്ന സൗകര്യങ്ങളും മറ്റും ഏർപ്പെടുത്താനും ഉതകുന്ന വെങ്കല ഗ്രാമം പദ്ധതിക്ക് 20 ലക്ഷം രൂപ.

* ജില്ലാ പഞ്ചായത്തിന് കീഴിലുളള കല്ല്യാശ്ശേരി സിവിൽ സർവ്വീസ് അക്കാദമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കാൻ 40 ലക്ഷം രൂപ

* പരമ്പരാഗത മുളയുല്പന്നങ്ങൾ നിർമ്മിക്കുന്ന കുടുംബങ്ങൾ ഉള്ള പായം പഞ്ചായത്തിനെ ബാംബു ഗ്രാമമാ ക്കാൻ 10 ലക്ഷം രൂപ.

* പലഹാര വൈവിധ്യങ്ങൾ കൊണ്ടും രുചികൊണ്ടും ഏറെ പ്രത്യേകതകളുളള കണ്ണപുരം, ന്യൂമാഹി പഞ്ചായത്തുകളെ  പലഹാര ഗ്രാമങ്ങളാക്കി മാറ്റാൻ 20 ലക്ഷം രൂപ.

* വിദ്യാലയങ്ങളിൽ ലഘുഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും ലഭ്യമാക്കിയാൽ കുട്ടികളെ ടൗണുകളിലും പുറത്തുളള വ്യാപാര സ്ഥാപനങ്ങളിലും പോകുന്നത് ഇല്ലാതാക്കാനും ലഹരി മാഫിയകളിൽ നിന്ന് അകറ്റി നിർത്താനും സാധിക്കും. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൊഴിൽ സംരംഭമായി ജില്ലയിലെ സ്‌കൂളുകളിൽ സ്‌കൂഫെ-കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് 40 ലക്ഷം രൂപ.

* വനിതാ ഗ്രൂപ്പുകൾക്ക് ആട് ഫാം യൂനിറ്റുകൾ ആരംഭിക്കുവാൻ 15 ലക്ഷം രൂപ.

* വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച് ലക്ഷം രൂപ.

* ബഡ്‌സ് സ്‌കൂളുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം രൂപ

* വിധവകൾക്ക് തൊഴിൽ സംരംഭങ്ങളും പുനർ വിവാഹത്തിന് വിധവാ മാട്രിമോണിയലും ആരംഭിക്കുവാൻ അഞ്ച് ലക്ഷം രൂപ.

* രാത്രികൾ സ്ത്രീകൾക്കും കൂടി അവകാശപ്പെട്ടതാണെന്നത് പൊതുബോധമായി മാറ്റിയെടുക്കാൻ ഷീനൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ 20 ലക്ഷം രൂപ.

* പട്ടികജാതി യുവതീ യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിന് പ്രീ-റിക്രൂട്ടിംഗ് ട്രെയിനിംഗ് നൽകുന്നതിന് 10 ലക്ഷം രൂപയും, ഹെവി ഡ്രൈവിംഗ് പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തുന്നു.

* പട്ടികജാതി ഗ്രൂപ്പുകൾക്ക് വാദ്യസംഘം ആരംഭിക്കുവാൻ 25 ലക്ഷം രൂപ.

* ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പുനരധിവാസ പദ്ധതിയായ ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന് 40 ലക്ഷം രൂപ.

* പട്ടികവർഗക്കാരായ 12ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ സഹായിക്കാൻ എൻട്രൻസ് പരിശീലനം നൽകാൻ രണ്ട് ലക്ഷം രൂപ.

* പട്ടികവർഗ യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് 25 ലക്ഷം രൂപ.

* പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് അഞ്ച് ലക്ഷം രൂപ.

* പട്ടികവർഗ വിദ്യാർഥിനികൾക്ക് ഹൈജീൻകിറ്റ് വിതരണം ചെയ്യാൻ രണ്ടര ലക്ഷം രൂപ.

* പ്രകൃതി ഭംഗിയാൽ മനോഹരമായ ആലക്കോട് പഞ്ചായത്തിലെ കാപ്പിമലയിൽ ടൂറിസ്റ്റ് വില്ലേജിനായി 50 ലക്ഷം രൂപ.

* ഗ്രാമപഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് 25 ലക്ഷം രൂപ.

* കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്വന്തമായ ടൂറിസ്റ്റ്  കേന്ദ്രമായ ന്യൂമാഹി എം മുകുന്ദൻ പാർക്കിന്റെ വിപുലീകരണത്തിനും നവീകരണത്തിനു മായി 1.15 കോടി രൂപ വകയിരുത്തുന്നു.

* ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, പാലുകാച്ചിമല, ചാൽ ബീച്ച് എന്നിവിടങ്ങളിൽ വിൻഡ് മിൽ സ്ഥാപിച്ച് കാറ്റിൽനിന്ന് വൈദ്യുതി ഉല്പാദനം ആരംഭിക്കാനുളള സാധ്യതാ പഠനത്തിനും പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി 13 ലക്ഷം രൂപ.

* ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഘടകസ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ നാലര കോടി രൂപ.

English Summary: Kannur Zilla Panchayat Budget: innovative schemes, priority for education sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds