1. News

ഓണവിപണി ലക്ഷ്യമിട്ട് കെസിസിപിഎൽ കേരവർ കോക്കനട്ട് ഉൽപ്പന്നങ്ങൾ

ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ കണ്ണൂർ പൊലീസ് മൈതാനിയിൽ നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന വിപണന മേളയിൽ ഒരുക്കിയ പ്രത്യേക സ്റ്റാളിൽ കെസിസിപിഎൽ കേരവർ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നുണ്ട്.

Saranya Sasidharan
KCCPL Keravar Coconut Products Targeting Ona Market
KCCPL Keravar Coconut Products Targeting Ona Market

തേങ്ങയിൽനിന്ന് കേരവർ ബ്രാൻഡിലുള്ള ഉത്പന്നങ്ങളുമായി ഓണ വിപണിയിൽ സജീവമാവുകയാണ് കെസിസിപിഎൽ. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെസിസിപിഎൽ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്ന കേരവർ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ എന്നീ ഉൽപ്പന്നങ്ങളാണ് ഓണ വിപണിയിൽ ഇടം പിടിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ കണ്ണൂർ പൊലീസ് മൈതാനിയിൽ നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന വിപണന മേളയിൽ ഒരുക്കിയ പ്രത്യേക സ്റ്റാളിൽ കെസിസിപിഎൽ കേരവർ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ കൺസ്യൂമർഫെഡ്, ത്രിവേണി സൂപ്പർമാർക്കറ്റുകളിലും ഇവ ലഭിക്കും. കൂടാതെ ജില്ലാ സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ ഓണ വിപണന മേളകളിലും ഉൽപ്പന്നങ്ങൾ വിൽപനക്കുണ്ട്. തേങ്ങാപ്പാൽ 200 മി.ലി, 500 മി. ലി, ഒരു ലിറ്റർ പാക്കറ്റുകളിലാണ് വിൽപന. 55 രൂപ മുതൽ 210 രൂപ വരെയാണ് വില. കോക്കനട്ട് പൗഡറിന് 100, 250, 500 ഗ്രാം പാക്കറ്റുകൾക്ക് യഥാക്രമം 55, 110, 190 രൂപ എന്നിങ്ങനെയാണ് വില. വിർജിൻ കോക്കനട്ട് ഓയിലിനും ആവശ്യക്കാരേറെ. 100 മില്ലി ലിറ്ററിന് 95 രൂപ, 200 മില്ലി ലിറ്റർ 195 രൂപ എന്നിങ്ങനെയാണ് വില.

രണ്ടാം ഘട്ടത്തിൽ ഹെയർ ഓയിൽ, ബേബി ഓയിൽ, കോക്കനട്ട് ചിപ്‌സ്, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം എന്നിവയും ഉല്പാദിപ്പിക്കും. ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്‌സ് വിപുലീകരിക്കുന്നതോടെ മാങ്ങ, പൈനാപ്പിൾ, ചക്ക തുടങ്ങിയവയുടെ വിവിധ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കാൻ പദ്ധതിയുണ്ട്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് യൂണിറ്റ്. 10 തൊഴിലാളികളാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.

കേര കർഷകർക്ക് കൂടി പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. 5.70 കോടി രൂപയാണ് പദ്ധതി ചെലവ്. നാളികേര വികസന ബോർഡിന്റെയും സിപിസിആർഐയുടെയും സാങ്കേതിക സഹായത്തോടെയാണ് ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള ലബോറട്ടറി സംവിധാനങ്ങളും ഇവിടെ ഉണ്ട്. പ്രദേശത്തെ മില്ലുകളിൽ നിന്നും ശേഖരിക്കുന്ന തേങ്ങകളാണ് ഉപയോഗിക്കുന്നത്. നൂതന യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചാണ് തേങ്ങാപ്പാലും അനുബന്ധ ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നത്. പ്രിസർവേറ്റീവുകളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടാണ് തേങ്ങാപ്പാൽ ഉൽപ്പാദനം. ആറു മാസം വരെ ഇത് കേടുകൂടാതെ ഇരിക്കും. 300 ലിറ്റർ തേങ്ങാപ്പാലാണ് ഇവിടെ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനി പൂർണ സജ്ജമാകും. പ്രതിദിനം 450 ലിറ്റർ തേങ്ങാപ്പാൽ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് കോംപ്ലക്സ് പൂർണ പ്രവർത്തനത്തിലെത്തിയാൽ ആദ്യവർഷം ഒമ്പത് കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

2015 ൽ കളിമൺ ഖനന പ്രവൃത്തികൾ നിർത്തേണ്ടി വന്നതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഈ പൊതുമേഖലാ സ്ഥാപനം അതിജീവനത്തിനായി വൈവിധ്യവത്കരണ പദ്ധതികൾ ആരംഭിച്ചു. തൊഴിൽ നഷ്ടപെട്ട മുഴുവൻ ജീവനക്കാർക്കും തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുന്നതിനോടൊപ്പം പുത്തൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. നഷ്ടത്തിലായ ഒരു പൊതുമേഖലാ സ്ഥാപനത്തെ സർക്കാരിന്റെ പൂർണ പിന്തുണയോടെ ലാഭത്തിൽ എത്തിച്ചതിന്റെ ഉത്തമ മാതൃകയാണ് കെസിസിപിഎൽ. സ്റ്റാർട്ട് അപ് ഇൻക്യുബേഷൻ സെന്റർ, പെട്രോൾ,ഡീസൽ പമ്പുകൾ, കയർ ഡീഫൈബറിംഗ് യൂണിറ്റ് തുടങ്ങിയവയും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

English Summary: KCCPL Keravar Coconut Products Targeting Ona Market

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds