News

പ്രളയത്തെ അടയാളപ്പെടുത്താന്‍ മൊബൈല്‍ ആപ്

mobile app

പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രളയത്തെ അടയാളപ്പെടുത്താന്‍ അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ്, Kerala Floods 2018, റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.പ്രളയ ജലത്തിന്റെ ഉയരം, ഉരുള്‍പൊട്ടല്‍ എന്നിവ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അടയാളപ്പെടുത്തി ചിത്രം സഹിതം മൊബൈല്‍ ആപില്‍ നല്‍കാനാവും. ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

ഓരോ വ്യക്തിക്കും സമീപത്തെ കെട്ടിടങ്ങളിലും സ്വന്തം വീട്ടിലും ജലം ഉയര്‍ന്ന നിരപ്പ് രേഖപ്പെടുത്തി ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനാവും. ഇതിനായി ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണില്‍ ലൊക്കേഷന്‍ സര്‍വീസ് ഓണ്‍ ആയിരിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുടെ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാം. പ്രളയ ജലം എത്തിയ ഉയരം ഔദ്യോഗികമായി അടയാളപ്പെടുത്തി വിവരം ലഭ്യമാക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എം. ജി സര്‍വകലാശാല, കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക പ്രളയ ഭൂപടം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ജല കമ്മീഷന് ദുരന്ത നിവാരണ അതോറിറ്റി ലഭ്യമാക്കും.

flood in Kerala

ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ കണ്ടെത്തി പഠിക്കാനും ഔദ്യോഗികമായി വേണ്ട ശുപാര്‍ശകള്‍ നല്‍കാനും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയാണ് ദുരന്ത നിവാരണ നിയമം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ഉള്‍പ്പെടാത്ത മേഖലകള്‍ സംബന്ധിച്ച വിവരം പൊതുജനങ്ങള്‍ നല്‍കിയാല്‍ അവ വേര്‍തിരിച്ച് പഠനത്തിനായി ലഭ്യമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി ലക്ഷ്യമിടുന്നത്.


Share your comments