1. News

കുട്ടനാട് വികസന ഏകോപന കൗൺസിൽ, സുഗന്ധദ്രവ്യ ബിസിനസ്സിലേക്ക് ചുവട് വച്ച് ഇലോൺ മസ്ക്; കൃഷി വാർത്തകൾ അറിയാം

കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായാണ് റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ്, മൃഗസംരക്ഷണം, തദ്ദേശഭരണം, ടൂറിസം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കുന്നത്.

Anju M U

  1. മൃഗസംരക്ഷണ വകുപ്പിന്റെ സാറ്റലൈറ്റ് ആടുവളർത്തൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു യൂണിറ്റിന് 25,000 രൂപയാണ് സഹായം. കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കർഷകർ ഈ മാസം 18ന് മുൻപ് വെറ്ററിനറി പോളിക്ലിനിക്കിൽ അപേക്ഷ സമർപ്പിക്കണം.
  2. കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും, മുഖ്യമന്ത്രി അധ്യക്ഷനായി, കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായാണ്  റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ്, മൃഗസംരക്ഷണം, തദ്ദേശഭരണം, ടൂറിസം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കുന്നത്. നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ, വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടവും പരമാവധി കുറയ്ക്കാനുള്ള പദ്ധതികൾ, കാർഷിക പ്രവർത്തനങ്ങൾ യന്ത്രവൽകൃതമാക്കുക, കാലം തെറ്റിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും അനുയോജ്യമായ, കാർഷിക കലണ്ടറും കൃഷിരീതിയും നടപ്പാക്കുക എന്നിവ ഏകോപന കൗൺസിലൂടെ ലക്ഷ്യമിടുന്നു.
  1. അഗ്രി ബിസിനസ് ഇൻകുബേറ്റർ പരിശീലന പരിപാടിയിൽ സെഞ്ച്വറി നേട്ടവുമായി കേരള കാർഷിക സർവകലാശാല. കഴിഞ്ഞ ദിവസം തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച ക്ലാസിലൂടെയാണ് നൂറാമത്തെ പരിശീലന പരിപാടിയെന്ന നേട്ടം കൈവരിച്ചത്. പരിശീലനത്തിന് പങ്കെടുത്തവർക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തെങ്ങിൽ നിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള പരിശീലനത്തിന് ഡോ. സുധീർ നേതൃത്വം നൽകി. ഒക്ടോബർ 17, 18തീയതികളിൽ കേന്ദ്ര കാർഷിക- കർഷക ക്ഷേമ മന്ത്രാലയം അഗ്രി സ്റ്റാർട്ടപ്പുകളെയും കർഷകരെയും അണിനിരത്തി ഡൽഹിയിൽ നടത്തുന്ന പരിപാടിയിലേക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ച 5 സംരഭകർ ഡോ. സുധീറിന്റെ കീഴിലാണ് പരിശീലനം നേടിയത്. നിരവധി കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാവശ്യമായ സാങ്കേതികവിദ്യ പകർന്നു കൊടുക്കാൻ കാർഷിക സർവകലാശാലയുടെ ഈ ഇൻകുബേഷന്‍ സെന്ററിന് സാധിച്ചിട്ടുണ്ട്.
  2. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കണ്ണൂർ ജില്ലയിലെ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത് 5481 കോടി രൂപ. കാർഷിക മേഖലയിൽ 1898 കോടിയും MSME മേഖലയിൽ 1124 കോടി രൂപയും വിതരണം ചെയ്തു. ചെറുകിട സംരംഭകരുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുദ്ര സ്‌കീമിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7288 ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തത് 94 കോടി രൂപയാണ്. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗം ADMK കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുദ്രാവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
  1. ജലവിനിയോഗം പരമാവധി ക്രമീകരിച്ച് എല്ലാ വിളകള്‍ക്കും കൃത്യമായ അളവില്‍ ജലസേചനം നടത്തുന്നതിനുള്ള ആധുനിക ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. ഡ്രിപ്, സ്പ്രിംഗ്ലര്‍, റെയില്‍ഗണ്‍, മൈക്രോ സ്പ്രിംഗ്ലര്‍ മുതലായ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ജലസേചനത്തോടൊപ്പം വളപ്രയോഗവും കൃത്യമായ രീതിയില്‍ ഇതിലൂടെ നടത്താവുന്നതാണ്. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് PMKSY-PDMC വഴി ആനുകൂല്യങ്ങള്‍ ലഭിക്കും.  ആലപ്പുഴ ജില്ലയിൽ നിന്നും താത്പര്യമുള്ളവര്‍ക്ക് അതത് കൃഷി ഭവനിലോ, കളര്‍കോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസിലോ അപേക്ഷ നല്‍കാം. കൂടുതൽ വിവരങ്ങൾക്ക് 9 0 6 1 8 3 3 8 9 0 അല്ലെങ്കിൽ 8 5 4 75 5 3 3 0 8 എന്ന നമ്പരിൽ ബന്ധപ്പെടുക.
  2. മത്സ്യസമൃദ്ധി ലക്ഷ്യമിട്ട് പൊതുജലാശയങ്ങളിൽ ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന എറണാകുളം ജില്ല‌ാ പഞ്ചായത്തിന്റെ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കാർപ് ഇനത്തിൽപ്പെട്ട 2 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ആരക്കുഴ മൂഴിക്കടവിൽ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ്, മേഖല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

 

  1. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേര രക്ഷാ വാരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കോങ്ങോർപ്പിള്ളി ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ തെങ്ങിൻ തൈകൾ നട്ടു. സ്കൂൾ അങ്കണത്തിൽ നടന്ന കേര രക്ഷാ വാരാചരണം ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് ഉദ്ഘാടനം ചെയ്തു. നാളികേര കൃഷി വീണ്ടെടുക്കാൻ യുവാക്കളേയും വിദ്യാർഥികളേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആലങ്ങാട് കൃഷിഭവൻ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കേര സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ചിന്നു ജോസഫ് പറഞ്ഞു.
  2. പശുക്കളുടെ ഏമ്പക്കത്തിന് നികുതിയേർപ്പെടുത്താനൊരുങ്ങി ന്യൂസിലാൻഡ്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നീക്കം. 2025ഓടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു രാജ്യം ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കുന്നത് ഇതാദ്യം. പശുക്കൾക്ക് ചുമത്തുന്ന നികുതിയിലൂടെ ലഭിക്കുന്ന പണം, പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചും ഗവേഷണങ്ങൾ നടത്തിയും ഇൻസെന്‍റീവ് നൽകിയും കാർഷിക മേഖലയിലേക്ക് തന്നെ തിരിച്ചുനൽകുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. ന്യൂസിലാൻഡിലെ മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ പകുതിയും സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. കൃഷിയിലൂടെയുള്ള മീഥെയ്ൻ പുറന്തള്ളലിന്‍റെ പ്രധാന സ്രോതസ് പശുക്കളുടെ ഏമ്പക്കമാണെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു.
  1. ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം വിപണിയിലെത്തിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. ബേണ്‍ഡ് ഹെയര്‍ എന്ന പേരില്‍ പുറത്തിറക്കിയ പുതിയ പെര്‍ഫ്യൂമിന് 8,400 രൂപയാണ് വില. 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം' എന്നാണ് ഇലോണ്‍ മസ്‌ക് പെര്‍ഫ്യൂമിനെ വിശേഷിപ്പിക്കുന്നത്. ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം 10,000 കുപ്പി പെര്‍ഫ്യൂം ഇതുവരെ വിറ്റുകഴിഞ്ഞു. ടെസ്ല,സ്പേസ് എക്സ് ഇവയ്ക്ക്ബി പുറമേയാണ് സുഗന്ധദ്രവ്യ ബിസിനസ്സിലേക്കും ഇലോൺ മസ്ക് ചുവടുവച്ചിരിക്കുന്നത്.  The Boring Company യുടെ വെബ്‌സൈറ്റ് വഴിയാണ് പെർഫ്യൂം വില്പന.

ബന്ധപ്പെട്ട വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം

 

  1. 16-ാമത് പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് ഇന്ന് സമാപനം. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാർഷികമേഖലയിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയ്ക്ക് ഈ മാസം 10നാണ് ഫിലിപ്പൈൻസിൽ തുടക്കമായത്. സമാപന ദിവസമായ ഇന്ന് കൊറിയ, ജപ്പാൻ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും, കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലെ അനുഭവങ്ങൾ പങ്കുവച്ചു. ഏഷ്യയിലെ കാർഷിക- വ്യവസായ രംഗത്തിന്റെ വികസനത്തിനായി കർഷകർ തമ്മിൽ സംവദിക്കുന്നതിനുള്ള അവസരമാണ് പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ സാധ്യമാക്കുന്നത്.
  2. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റ് പിൻവാങ്ങുന്നതിൻറെ ഫലമായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന അന്തരീക്ഷ മാറ്റത്തിൻറെ ഫലമായി ചക്രവാത ചുഴികൾ രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളും യെല്ലോ അലർട്ടിലാണ്. അതേ സമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വീഡിയോ കാണാൻ: Rs 25000: ആടുവളർത്തൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു|Goatsatelliteunitproject|elonmusk|Pinarayivijayan

English Summary: Kuttanad Development Coordination Council, Elon Musk into perfume business; Know agriculture news

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds