1. News

U.K Recruitment ധാരണാപത്രം: നഴ്‌സിങ്, ഇതര മേഖലകളിൽ വൻ സാധ്യത തുറക്കും

2022 ജൂലൈ 1 ന് നിലവിൽ വന്ന ICB കളുമായി ഇന്ത്യയിൽ ആദ്യമായി റിക്രൂട്ട്മെന്റ് കരാറിലേർപ്പെടുന്നത് കേരളത്തിന്റെ സ്വന്തം നോർക്കാ റൂട്ട്സ് ആണ്. നഴ്സുമാർക്കു മാത്രമല്ല ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും മറ്റ് തൊഴിൽ മേഖലയിൽ ഉള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്മെന്റ് രീതിയ്ക്കാണ് നോർക്ക റൂട്ട്സ് വഴി ഇതോടെ തുടക്കമാകുന്നത്.

Saranya Sasidharan
Norka roots: Open up huge potential in nursing and other fields
Norka roots: Open up huge potential in nursing and other fields

യു.കെയിലേക്കു തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനു നോർക്ക റൂട്‌സും യു.കെയിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്‌സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും വലിയ സാധ്യത തുറക്കുന്നതാണെന്നു നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയൻസോടെയാണു ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.കെയിൽ എൻ.എച്ച്.എസ്. (നാഷണൽ ഹെൽത്ത് സർവീസ്) സേവനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ട്ണർഷിപ്പുകളിൽ (ഐ.സി.പി) ഒന്നായ ഹംബർ ആൻഡ് നോർത്ത് യോർക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ്, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത് സർവീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണു നോർക്ക റൂട്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.

യു.കെയിൽ 2022ലെ ഹെൽത്ത് ആൻഡ് കെയർ ആക്റ്റ് പ്രകാരം നിലവിൽ വന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് ഇന്റഗ്രറ്റഡ് കെയർ സിസ്റ്റം (ഐ.സി.എസ്). ഈ നിയമ പ്രകാരം യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് സേവനങ്ങൾക്കായി 42 മേഖലകൾ ഐ.സി.എസുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ മേഖലയുടെയും ചുമതല അതാത് ഇന്റഗ്രേറ്റഡ് കെയർ ബോർഡുകൾക്കാണ് (ഐ.സി.ബി). ഓരോ ഐ.സി.ബിയുടെയും നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് സർവീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് 42 മേഖലാ പാർട്ണർഷിപ്പുകളുമുണ്ട്.

ഓരോ ഐ.സി.എസിലേയും ഇന്റഗ്രേറ്റഡ് കെയർ ബോർഡും ആ മേഖലാ പരിധിയിൽ വരുന്ന എല്ലാ ഉയർന്ന തലത്തിലുള്ള പ്രാദേശിക സമിതികളും പ്രാദേശിക ഭരണകൂടവും ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യകേന്ദ്രങ്ങളും തമ്മിൽ സംയുക്തമായി രൂപീകരിച്ച ഒരു നിയമാനുസൃത സമിതിയാണ് ഇന്റഗ്രേറ്റഡ് കെയർ പാർട്ട്ണർഷിപ്പ്.

ഇതിൽ ഹംബർ ആൻഡ് നോർത്ത് യോർക്‌ഷെയർ മേഖലയിലെ പാർട്ട്ണർഷിപ്പ് സംവിധാനമാണ് ഹംബർ ആൻഡ് നോർത്ത് യോർക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ്. അതിനാൽ ഇത് പൂർണമായും ഒരു സർക്കാർ സംവിധാനമാണ്. ലോക കേരള സഭയുടെ യൂറോപ്പ്, യു.കെ. മേഖലാ സമ്മേളനം ഒക്ടോബർ ഒമ്പതിനു ലണ്ടനിൽ ചേരാനിരുന്നതിനാലാണ് ധാരണാപത്രം അതേ വേദിയിൽ കൈമാറാൻ നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

ഈ കരാറിന്റെ പുരോഗതിയ്ക്കനുസരിച്ച് യു.കെയിലെ മറ്റ് 41 കെയർ പാർട്ട്ണർഷിപ്പുകൾ വഴിയും റിക്രൂട്ട്മെന്റിനുളള സാധ്യതയും ഇതു വഴി ഭാവിയിൽ നോർക്ക റൂട്ട്സിന് ലഭിച്ചേക്കാം. മാത്രമല്ല നഴ്‌സിങ് ഇതര റിക്രൂട്‌മെൻറ് സാധ്യതകൾക്കും ആരോഗ്യ രംഗത്തുള്ള പരസ്പര സഹകരണത്തിനും കരാർ വഴിവെയ്ക്കുന്നു. ഇത്രയ്ക്ക് പ്രാധാന്യമുളളതും, സമാനതകളില്ലാത്തതുമായ റിക്രൂട്ട്മെന്റ് സാധ്യതകളാണ് ഈ ധാരാണാപത്രം വഴി യാഥാർത്ഥ്യമായത്.

2022 ജൂലൈ 1 ന് നിലവിൽ വന്ന ICB കളുമായി ഇന്ത്യയിൽ ആദ്യമായി റിക്രൂട്ട്മെന്റ് കരാറിലേർപ്പെടുന്നത് കേരളത്തിന്റെ സ്വന്തം നോർക്കാ റൂട്ട്സ് ആണ്. നഴ്സുമാർക്കു മാത്രമല്ല ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും മറ്റ് തൊഴിൽ മേഖലയിൽ ഉള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്മെന്റ് രീതിയ്ക്കാണ് നോർക്ക റൂട്ട്സ് വഴി ഇതോടെ തുടക്കമാകുന്നത്. നോർക്ക റൂട്ട്സ് വഴി മാത്രമേ യു. കെയിലേയ്ക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ് സാധ്യമാകൂ എന്നതരത്തിൽ ഒരു അവകാശവാദവും നോർക്ക റൂട്ട്സ് ഉന്നയിച്ചിട്ടില്ല. നിലവിൽ യു.കെയിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി അല്ലാതെയും നഴ്സിങ്ങ് റിക്രൂട്ട്മെന്റ് സാധ്യമാണ്.

എന്നാൽ, ഇപ്പോൾ ഒപ്പുവച്ച കരാർ പ്രകാരം നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും ഇതര രംഗത്തുള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാകും. മാത്രമല്ല, ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഒഇടി / ഐഇഎൽടിഎസ് എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെ, ഓഫർ ലെറ്റർ ലഭിക്കുന്നതിനും നോർക്ക റൂട്ട്സ് വഴി അവസരമുണ്ട്.

ഓഫർ ലെറ്റർ ലഭിച്ചശേഷം യോഗ്യത നേടിയാൽ മതിയാകും. ഇതു യാഥാർഥ്യമാക്കാൻ നോർക്ക പൂതുതായി ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാഗ്വേജ് മുൻകൈയെടുക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള ഉദ്യോഗാർത്ഥികൾക്ക് അർഹമായ പരിഗണനയും ലഭ്യമാക്കും. പ്രൊഫഷണൽ ആന്റ് ലിംഗ്വിസ്റ്റിക്ക് അസ്സസ്സ്മെന്റ് ബോർഡ് ടെസ്റ്റ് പാസ്സായ ഡോക്ടർമാർക്കു മാത്രമേ സാധാരണയായി യു.കെ യിലേയ്ക്ക് തൊഴിൽ വീസ ലഭിക്കുകയുളളൂ. എന്നാൽ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് ഇതു പാസാകാതെ തന്നെ സ്പോൺസഷിപ്പിലൂടെ യു.കെയിലേയ്ക്ക് പോകുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും അവസരമുണ്ട്.

സ്പോൺസർഷിപ്പ് യോഗ്യത ചില പ്രത്യേക ആരോഗ്യ സംവിധാനങ്ങൾക്കു മാത്രമാണ് യു.കെയിൽ ഉളളത്. പുതിയ ധാരണാപത്രത്തിന്റെ ഭാഗമായ നാവിഗോ അടക്കമുള്ള ധാരാളം സ്ഥാപനങ്ങൾ ഈ യോഗ്യത ഉളളവരാണ്. ഇതുവഴി സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് അധിക യോഗ്യത നേടാതെ തന്നെ യു.കെ യിലേയ്ക്ക് പോകാൻ കഴിയും.

നവംബർ മാസത്തിൽ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടർന്ന് പ്രതിവർഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാപത്രത്തിന്റെ നേട്ടംതന്നെയാണ്. ആദ്യഘട്ടത്തിൽ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളിൽ നിന്നുള്ള 3000 ത്തോളം ഉദ്യോഗാർത്ഥികൾക്ക് പുതിയ കരാർ പ്രകാരം യു.കെ യിലേയ്ക്ക് തൊഴിൽ സാധ്യത തെളിയും.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും, പുനരധിവാസത്തിനുമായി പ്രവർത്തിച്ചു വരുന്ന കേരള സർക്കാറിന്റെ ഫീൽഡ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. എമിഗ്രേഷൻ ആക്റ്റ് 1983 പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസ് അനുവദിച്ച രാജ്യാന്തര റിക്രൂട്ട്മെന്റ് ലൈസൻസുളള ഏജൻസിയാണ് നോർക്ക റൂട്ട്സ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന് ഇതുവഴി കമ്പനികളുമായോ, സർക്കാർ, സ്വകാര്യ ഏജൻസികളുമായോ നിയമപരമായ റിക്രൂട്ട്‌മെന്റ് കരാറുകളിൽ ഏർപ്പെടാനാകും.

ബന്ധപ്പെട്ട വാർത്തകൾ:അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

English Summary: Norka roots: Open up huge potential in nursing and other fields

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds