1. News

ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും

ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Meera Sandeep
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും

തിരുവനന്തപുരം: ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ വ്യക്തികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങിയതുമായ ഭൂമിയിലാണ് ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് 318 - എ വീട് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.

തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ 318 എ യുടെ 2023 - 24 വൈസ് ഗവർണർ പിഎം ജിഎഫ് ലയൺ എം.എ.വഹാബിനെ പ്രതിനിധീകരിച്ച് പത്മകുമാർ, ബി.പ്രദീപ്, സക്കറിയ ഡി ത്രോസ് ലയൺ, രവികുമാർ,  തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ(റൂറൽ) പ്രേം കുമാർ, ലൈഫ് മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

രണ്ട് ജില്ലകളിലെ 4 കേന്ദ്രങ്ങളിലാണ് 500 ച.അടി വീതം വിസ്തീർണ്ണമുള്ള 100 വീടുകൾ നിർമ്മിച്ച് നല്കുന്നത്. ഒരു വർഷത്തിനകം വീട് നിർമ്മാണം ലയൺസ് ഇന്റർനാഷണൽ പൂർത്തീകരിച്ച് അർഹരായ ലൈഫ് ഗുണഭോക്താക്കൾക്ക് കൈമാറും. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 96 സെന്റ്, കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ ഒരു ഏക്കർ ഭൂമി, കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി സുബ്രഹ്‌മണ്യം അബ്ദുള്ള വാങ്ങി നല്കിയ ഒരു ഏക്കർ ഭൂമി, പരവൂർ മുൻസിപ്പാലിറ്റിയിലെ 73 സെന്റ് സ്ഥലം എന്നിവിടങ്ങളിലായാണ് ലൈഫ് മിഷന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ലയൺസ് ഇന്റർനാഷണൽ 318എ വീടുകൾ നിർമ്മിച്ച് നല്കുന്നത്.

ലൈഫ് മിഷനുമായി കൈകോർക്കാൻ രംഗത്തെത്തിയ ലയൺസ് ഇന്റർനാഷണലിനെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനകം തന്നെ 3,71,934 വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കാനായി. ലയൺസ് ഇന്റർനാഷണലിനെപ്പോലെ കൂടുതൽ സംഘടനകൾ ലൈഫ് മിഷനോടൊപ്പം സഹകരിക്കാൻ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

English Summary: Lions Intl will build 100 houses in partnership with Life Mission

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds