1. News

കര്‍ഷകര്‍ക്ക് 10 കോടി രൂപ വരെ കെഎഫ്സിയിൽ നിന്ന് വായ്പ: കൂടുതൽ കാർഷിക വാർത്തകൾ

കര്‍ഷകര്‍ക്കായി പുതിയ വായ്പ പദ്ധതിയുമായി കെഎഫ്സി. 10 കോടി രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാകും.

Anju M U
kfc
കര്‍ഷകര്‍ക്കായി പുതിയ വായ്പ പദ്ധതിയുമായി കെഎഫ്സി. 10 കോടി രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാകും.
  1. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 10 കോടി രൂപ വരെയുള്ള വായ്പകള്‍ 5% വാര്‍ഷിക പലിശയിൽ ലഭിക്കുന്നതാണ് പദ്ധതി. കാര്‍ഷികാധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ക്ഷീര-മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം/വിപണനം/വ്യാപാരം എന്നിവയ്ക്ക് വായ്പ ലഭിക്കും. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, ഗോ-ഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കാര്‍ഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. ധനമന്ത്രിയുടെ 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമുള്ള പദ്ധതിയിലൂടെ, വര്‍ഷംതോറും 400 വ്യവസായ സംരംഭങ്ങളെയാണ് ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി - കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് ഖാരിഫ് 2022

  1. ഐസിഎആർ- ഡെയർ സെക്രട്ടറിയായും ഡയറക്ടർ ജനറലായും ചുമതലയേറ്റ്‌ ഹിമാൻഷു പഥക്കിനെ നേരിൽ കണ്ട് ആശംസ അറിയിച്ച് കൃഷി ജാഗരൺ. 730 കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ കൃഷി ജാഗരണുമായി കൈകോർത്ത് വിപുലമാക്കുമെന്ന് ഹിമാൻഷു പഥക് അറിയിച്ചു. കാർഷിക മേഖലകളിലെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കൃഷി ജാഗരണിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കർഷകർക്കായി നിലകൊള്ളുന്ന കൃഷി ജാഗരണിന്റെ പ്രവർത്തനങ്ങളെ ഹിമാൻഷു പഥക് അഭിനന്ദിക്കുകയും ചെയ്തു.
  2. കേരളത്തിന് 22,000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍. ഇന്ത്യയിൽ മണ്ണെണ്ണയുടെ ഉത്പാദനത്തിലും, കേരളത്തിന് ലഭിക്കുന്ന വിഹിതത്തിലും ഗണ്യമായി കുറവ് വന്നിരുന്നു. തുടർന്ന് മത്സ്യബന്ധന മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാരുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് അധികമായി മണ്ണെണ്ണ അനുവദിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതില്‍ കേരളം മാതൃകയാണെന്നും, മറ്റൊരു സംസ്ഥാനത്തും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് സർക്കാർ വിപണിയില്‍ ഇടപെടുന്ന സംവിധാനമില്ലെന്നും മന്ത്രി പറഞ്ഞു.
  1. കൃഷി ഇല്ലാതായപ്പോൾ തൊഴിലുറപ്പിന് പോയി കുടുംബം പുലർത്തുകയായിരുന്നുവെന്ന് ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ. പൂർവ്വികരിൽ നിന്ന് കൈമാറി കിട്ടിയ അട്ടപ്പാടിയിലെ നാലേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്ന് അവർ പറഞ്ഞു. സ്വന്തമായുള്ള ഭൂമിയിൽ കയ്യേറ്റം നടന്നതായും, ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തതായും തൃശൂരിലെ വാർത്താ സമ്മേളനത്തിൽ നഞ്ചിയമ്മ വിശദമാക്കി. കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് കേസ് നടത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കൃഷിയ്ക്ക് വെല്ലുവിളിയാണെന്നും, സർക്കാർ സഹായം ലഭിച്ചാൽ തങ്ങൾ കൃഷി ചെയ്തു കാണിക്കാമെന്നും അവർ പറഞ്ഞു.
  2. ചെറുമീനുകളെ പിടിക്കുന്നതും വിൽപ്പന നടത്തുന്നതും തടയണമെന്നാവശ്യപ്പെട്ട് മന്ത്രി അബ്ദുറഹ്മാന് മൽസ്യതൊഴിലാളി ഐക്യവേദി കത്തയച്ചു. ഇവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തണമെന്നും വിപണികളിലെ വില്പന തടയണമെന്നും ആവശ്യത്തിൽ പറയുന്നു. സംസ്​ഥാനത്തെ തീരക്കടലിൽ മുഴുവൻ, പ്രായപൂർത്തിയാകാത്ത ചാളയും അയലയും വ്യാപകമായിട്ടുണ്ട്. ഇവയ്ക്ക് കിലോയ്ക്ക് 10 രൂപ മാത്രം നൽകി അയൽ സംസ്​ഥാനങ്ങളിലെ മീൻ, കോഴിത്തീറ്റ ഫാമുകളിലേക്ക് കൊണ്ടുപോവുകയാണ്. ഇതു തടയുന്നതിനുള്ള അടിയന്തിര പ്രായോഗിക നടപടികളെടുക്കണമെന്നും മൽസ്യതൊഴിലാളി ഐക്യവേദി സംസ്​ഥാന പ്രസിഡൻറ് ചാൾസ്​ ജോർജ് ആവശ്യപ്പെട്ടു.
  1. പത്തനംതിട്ട ജില്ലയില്‍ ക്ഷീരവികസന വകുപ്പിന് കീഴില്‍ 2022-23 വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം, അസിസ്റ്റന്‍സ് ടു ഡയറി കോ-ഓപ്പറേറ്റീവ്സ്, ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ഡയറി കോ-ഓപ്പറേറ്റീവ്സ്, കാറ്റില്‍ ഫീഡിങ് സബ്‌സിഡി, തീറ്റപ്പുല്‍ കൃഷി വികസനം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ജില്ലയില്‍ കറവപ്പശുക്കളുടെ എണ്ണം കൂട്ടി പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും, ഡയറി ഫാമുകളുടെ നവീകരണത്തിനും, ദാരിദ്ര്യ ലഘൂകരണത്തിനുമുതകുന്ന പ്രത്യേക പദ്ധതികളും ഈ വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീറ്റ പുല്‍കൃഷി വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു അറിയിച്ചു.
  2. എറണാകുളം വള്ളുവള്ളി അമലോത്ഭവ മാതാ ദേവാലയത്തിൽ വിശ്വാസികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. പള്ളി അങ്കണത്തിൽ വർഷങ്ങളായി തരിശുകിടന്ന ഒരേക്കർ സ്ഥലം കിളച്ച് നിലമൊരുക്കി വിവിധങ്ങളായ പച്ചക്കറികൾ കൃഷിയാരംഭിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായുള്ള ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമാണ് കൃഷി ഇറക്കിയത്. നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ബിന്ദു ജോർജ്ജ് നിർവഹിച്ചു. പള്ളി അങ്കണത്തിൽ കൃഷിയാരംഭിക്കുന്നത് വഴി വിശ്വാസികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുകയാണെന്ന് ഫാദർ.ജോളി തപ്പിലോടത്ത് പറഞ്ഞു.
  1. ഓണവിപണി ലക്ഷ്യമിട്ട് എറണാകുളം ജില്ലയിലെ ഞാറക്കൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ഗ്രുപ്പുകളുടെ ചെണ്ടുമല്ലി കൃഷി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. ഓണക്കാലത്ത് ദൂരദേശങ്ങളിൽ നിന്ന് ചെണ്ടുമല്ലി ഇറക്കുമതി ചെയ്യുന്നതിന് പരിഹാരമായാണ്, പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള 35 ഗ്രുപ്പുകൾ ഒരു സെന്റ് ഭൂമിയിൽ കൃഷി ചെയ്യുന്നത്. കർഷകർക്ക് പരിശീലനവുമായി കൃഷിഭവൻ ഉദ്യോഗസ്ഥരുമുണ്ട്. കൂടാതെ, നല്ലയിനം ഹൈബ്രിഡ് തൈകളും സൗജന്യമായി വിതരണം ചെയ്തു.
  2. എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ, കൃഷിഭവൻ്റയും വിവിധ കർഷക സമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി, ചിങ്ങം ഒന്നിന് കർഷകദിനം ആഘോഷിക്കുന്നു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സമ്മിശ്ര കർഷകർ, നെൽ കർഷകർ, പച്ചക്കറി കർഷകർ, ക്ഷീര കർഷകർ, മത്സ്യകർഷകർ, വിദ്യാർത്ഥി കർഷകർ, മുതിർന്ന കർഷകർ,  ജൈവകർഷകർ, SC/ST വിഭാഗത്തിലെ കർഷകർ,  വനിത കർഷക, കർഷകത്തൊഴിലാളി, ജെഎൽ ജി ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽപ്പെട്ട മികച്ച കർഷകരെ പരിപാടിയിൽ ആദരിക്കും. താല്പര്യമുള്ള കർഷകർ ആഗസ്റ്റ് 3ന് മുമ്പായി നെല്ലിക്കുഴി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന്  കൃഷി ഓഫീസർ അറിയിച്ചു.
  1. പന്നികളെ വൻതോതിൽ കൊന്നൊടുക്കുന്നതിനാൽ, വയനാട്ടിലെ കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് രാഹുൽ ഗാന്ധി. ആഫ്രിക്കൻ പന്നിപ്പനി പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പന്നികളെ കൊന്നൊടുക്കുന്നത്. കാലാവസ്ഥയും പ്രകൃതിക്ഷോഭവും മൂലം കാർഷികമേഖല ബാധിക്കപ്പെട്ടതിനാൽ, കർഷകർക്ക് പന്നിവളർത്തൽ ഒരു അധിക വരുമാന സ്രോതസ്സ് ആയിരുന്നുവെന്ന് വയനാട് എംപി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. പന്നിവളർത്തൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, വിപുലീകരിക്കുന്നതിനുമായി നിരവധി കർഷകർ വായ്പ എടുത്തിരുന്നു. അതിനാൽ ആഫ്രിക്കൻ പന്നിപ്പനിയുടെ വ്യാപനം കർഷകരെ കൂടുതൽ കടബാധ്യതരാക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
  2. സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടക്കത്തിൽ മധ്യ, തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക. പിന്നീട് വടക്കൻ ജില്ലകളിലും മഴ കനക്കും.വയനാട്, കാസര്‍കോട് ഒഴികെയുള്ള  മുഴുവന്‍ ജില്ലകളിലും മഴ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വയനാട്, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങള്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് നാലുവരെ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
English Summary: loan up to rs 10 crore for farmers from kerala financial corporation

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds