News

കര്‍ഷകര്‍ക്കായുള്ള ദേശീയ നയത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണം: എം എസ് സ്വാമിനാഥന്‍

കര്‍ഷകര്‍ക്കുള്ള ദേശീയ നയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ ആവശ്യപ്പെട്ടു. കൃഷിയില്‍ തെറ്റായ നയങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ഒന്നും തന്നെ ശരിയാകില്ല എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 6 ന് മധ്യപ്രദേശിലെ മാന്‍സൗറില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ നടന്ന പോലീസ് വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ഒന്നാംവാര്‍ഷികത്തിലാണ് സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 
 
പത്ത് വര്‍ഷമായിട്ടും കര്‍ഷകരുടെ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടികളും ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് കാര്‍ഷിക സാമ്പത്തിക നയത്തില്‍. കര്‍ഷകരുടെ ക്ഷേമത്തെ നിര്‍ണയിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളായ കാലവര്‍ഷവും വിപണിയും കര്‍ഷകരെ കടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. കാര്‍ഷിക വായ്പ ഇളവുകള്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയും മിനിമം താങ്ങുവിലയും നല്‍കണമെന്ന് സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ദേശീയ നയത്തില്‍ കാലോചിതമായ മാറ്റം വരുത്തി നടപ്പിലാക്കേണ്ടതിന്റെ സമയം അതിക്രമിച്ചുവെന്ന് കമ്മീഷന്‍ ചെയര്‍മാനായിരുന്ന സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. 
 
മാന്‍സൗര്‍ സംഭവത്തിന്റെ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് നാഷണല്‍ കമ്മീഷന്‍ ഓഫ് കര്‍ഷകര്‍ (എന്‍സിഎഫ്) ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് വിശദീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കേന്ദ്രം നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു. ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിംഗ് പറഞ്ഞു. കഴിഞ്ഞ 48 മാസക്കാലയളവില്‍ കാര്‍ഷിക ഉല്‍പാദനവും ഉയര്‍ന്ന താങ്ങുവിലയും നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 
എന്നാല്‍ സ്വാമിനാഥന്‍ മന്ത്രിയുടെ പ്രസ്താവനയോട് വിയോജിക്കുകയാണ് ചെയതത്. പാലും പച്ചക്കറി വിതരണ ബഹിഷ്‌കരണവും കര്‍ഷകരോട് ഉപേക്ഷ കാണിക്കുന്നതിന്റെ ഫലമാണെന്ന് തന്റെ ട്വീറ്റുകളില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക വായ്പ ഇളവ്, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം മിനിമം താങ്ങുവില തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പല സംസ്ഥാനങ്ങളിലുമായി കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ നടക്കുന്നത്. 
 
2004 ലാണ് കര്‍ഷകര്‍ക്കായി ദേശീയ കമ്മീഷന്‍ (എന്‍സിഎഫ്) രൂപീകരിച്ചത്. കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്രവികസനം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചകൊണ്ട് 2006 ഒക്ടോബര്‍ വരെ അഞ്ച് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.  കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി 'കര്‍ഷകര്‍ക്കുള്ള ദേശീയ നയ'വും കര്‍ഷക ഉത്പാദനത്തിനായി നിശ്ചിതതാങ്ങുവില നിശ്ചയിക്കാനും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നു. ഉല്പാദന ചെലവിനേക്കാള്‍ കുറഞ്ഞത് 50% എങ്കിലും ഉയര്‍ന്നതായിരിക്കണം താങ്ങുവില എന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. 
 
റാബി, ഖാരിഫ് വിളകള്‍ക്കു വേണ്ടി 50% ഉയര്‍ന്ന താങ്ങുവില നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും, ഇതിനായി വ്യത്യസ്തമായ മാര്‍ഗ്ഗമാണ് സ്വാകരിച്ചത്. എന്നാല്‍, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുന്നത്. 

Share your comments