News

മെത്രാന്‍ കായൽ നെല്‍കൃഷിക്ക് മാത്രം: വി.എസ് സുനില്‍ കുമാര്‍

മെത്രാന്‍ കായലില്‍ നെല്‍കൃഷി മാത്രമേ അനുവദിക്കുകയുള്ളുവെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. മെത്രാന്‍ കായല്‍ നെല്‍കൃഷി രണ്ടാം വര്‍ഷത്തെ വിത ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം മുതല്‍ നെല്‍കൃഷി ചെയ്യുന്ന പാടശേഖരത്തിന്റെ ഉടമകള്‍ക്ക് 1000 രൂപ റോയല്‍റ്റി നല്‍കും. സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായാണ് തരിശു കിടന്ന മെത്രാന്‍ കായല്‍ കൃഷി യാഥാര്‍ത്ഥ്യമായത്. ഇതുപോലെ എല്ലാ തരിശുനിലങ്ങളും സ്ഥലങ്ങളും കൃഷി യോഗ്യമാക്കി കേരളത്തെ തരിശു രഹിത സംസ്ഥാനമാക്കി മാറ്റും.

ഗുണകരമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. നെല്ല് സംഭരണത്തിന്റെ തുക കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. നെല്ലു സംഭരിച്ചതിന്റെ പി.ആര്‍.എസ്. അക്കൗണ്ടില്‍ രേഖപ്പെടുത്തി മൂന്നു ദിവസത്തിനകം ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കണമെന്ന ബാങ്കുകളുടെ കണ്‍സോര്‍ഷിയവുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്ന എസ്.ബി.ഐയുമായി കൃഷി വകുപ്പിനുള്ള സാമ്പത്തിക ഇടപാടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബാങ്കുകളെ ഒഴിവാക്കുകയാണ് വേണ്ടത്. കരാറില്‍ ഒപ്പുവച്ച ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ എടുക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കും. 


കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. നെല്‍ക്കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 4000 രൂപയുടെ ആനുകൂല്യം എടുത്തു കളഞ്ഞപ്പോള്‍ കേരള സര്‍ക്കാര്‍ ആനുകൂല്യം കൂട്ടുകയാണ് ചെയ്തത്. നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന 1000 രൂപയുടെ ആനുകൂല്യം ഇപ്പോള്‍ 6000 ആയി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ കൃഷി ചെയ്യാന്‍ വിസമ്മതിച്ച കമ്പനി ഇപ്പോള്‍ കൃഷിക്ക് സമ്മതം അറിയിച്ചിട്ടുണ്ട്. കൃഷി ചെയ്യാന്‍ കമ്പനിക്ക് തടസ്സങ്ങളില്ല. മെത്രാന്‍ കായല്‍ നിലം ഉടമസ്ഥതയുമായി ബന്ധപ്പെട്ട മറ്റ് തര്‍ക്കങ്ങളിലേയ്ക്ക് ഇതിനെ വലിച്ചിഴയ്‌ക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തതിന്റെ മൂന്നിരട്ടി തരിശുനിലം കണ്ടെത്തി കൃഷി ചെയ്യാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെല്ലു സംഭരണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും 47 മില്ലുകള്‍ ഇതുവരെ നെല്ലു സംഭരിക്കാന്‍ കരാര്‍ ഒപ്പിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡോ.ടിക്കാറാം മീണ ആമുഖ വിശദീകരണം നടത്തി. കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്. ജനാര്‍ദ്ദനന്‍ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുനില്‍ കുമാര്‍ എ.എം. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി അസി. ഡയറക്ടര്‍മാരായ ജോര്‍ജ്ജ് കെ മത്തായി, മാഗി മെറീന, മോളി റ്റി. ജോസ്, കൃഷി ഓഫീസര്‍മാരായ അമ്പിളി സി, ഹാപ്പി മാത്യു, റീനാ കുര്യന്‍, കൃഷി അസിസ്റ്റന്റുമാരായ കെ. ആര്‍. രാജേഷ്, എന്‍. കെ. സജി കുമാര്‍, എസ്. ഹരിക്കുട്ടന്‍ തുടങ്ങിയവര്‍ക്ക് മികച്ച സേവനത്തിനുളള അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

CN Remya Chittettu Kottayam, #KrishiJagran


English Summary: minister sunil kumar declared Maitran backwaters only for paddy farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine