News

നന്ദിയോട് ഗ്രാമപ്പഞ്ചായത്തിനെ തേടി നാലാം തവണയും ജൈവഗ്രാമം അവാർഡ്

organic farmng

നന്ദിയോട് ഗ്രാമപ്പഞ്ചായത്തിനെ തേടി നാലാം തവണയും ജൈവഗ്രാമം അവാർഡ് സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ ജൈവഗ്രാമം അവാർഡ് തുടർച്ചയായ നാലാം വർഷവും നന്ദിയോടിന് ലഭിച്ചു. 2015 മുതൽ നന്ദിയോട് തുടക്കം കുറിച്ച ജൈവകൃഷി പ്രവർത്തനങ്ങളുടെ മികവുകൾക്കാണ് ഈ അംഗീകാരം. 2015ൽ വീട്ടമ്മമാരൊരുക്കിയ ജൈവചന്തയിലൂടെയാണ് ജൈവഗ്രാമത്തിന് തുടക്കമിട്ടത്. ജൈവച്ചന്തകളും ജൈവകൃഷിയും ഉൾപ്പെടുന്ന ജൈവ സംസ്കാരം എന്ന ആശയത്തെ നടപ്പിലാക്കിയിരിക്കുകയാണ് നന്ദിയോട് ഗ്രാമ പഞ്ചായത്ത്. ജൈവ ക്ലബ്ബുകൾ രൂപീകരിച്ച് ഊർജിതമായ പ്രചാരണം നടത്തുകയും കുട്ടികൾക്കുൾപ്പെടെ വിവിധ ജൈവസദസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുകയും ജൈവച്ചന്തകൾ എന്ന ഗ്രാമീണ ആശയം വിവിധ സ്ഥലങ്ങളിൽ ഒരുക്കുകയും എല്ലാ വീട്ടുമുറ്റങ്ങളിലും ജൈവ കൃഷിത്തോട്ടങ്ങൾ തീർത്തും വളരെ വലിയൊരു മനോഭാവ മുന്നേറ്റം സാധ്യമാക്കിയാണ് കൃഷിഭവൻ സംഘം ജൈവഗ്രാമം എന്ന നന്മയിലേക്ക് കൈപിടിച്ചുയർത്തിയത്. എല്ലാ ആഴ്ചയിലും ബുധനാഴ്ചയായിരുന്നു ചന്ത. പുരയിടവളപ്പിൽ വിളഞ്ഞ താളും തകരയും കറിവേപ്പിലയും ചുണ്ടയ്ക്കയ.

മധുരച്ചീരയുമൊക്കെയായി വീട്ടമ്മമാരെത്തിയപ്പോൾ ജൈവ ഫചന്തയുടെ പെരുമ ഗ്രാമംകടന്ന് നഗരത്തിലുമെത്തിയിരുന്നു. മുപ്പത് ഹെക്ടറിലേറെ പച്ചക്കറി കൃഷിയും അതിലേറെ വാഴ, കിഴങ്ങ് വിളകളുടെ കൃഷിയും നൂറ് ഹെക്ടറിലേറെ കുരുമുളക്, തെങ്ങ് കൃഷികളുമുള്ള ഗ്രാമപ്പഞ്ചായത്താണ് നന്ദിയോട്. അന്‍പതിലേറെ ചെറുതും വലുതുമായ പൗള്‍ട്രി ഫാമുകള്‍, രണ്ടായിരത്തിലേറെ പശുക്കളും അതിലേറെ ആടുകളും ജൈവ വളത്തിന്റെ ലഭ്യത ഇവിടെ വര്‍ധിപ്പിക്കുന്നു. കൃഷിത്തോട്ടമില്ലാത്ത വീട്ടുമുറ്റങ്ങൾ നന്ദിയോടില്ലെന്ന് തന്നെ പറയാം. കാർഷിക വികസന സമിതിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഒത്തിണക്കത്തോടെയുള്ള പ്രവർത്തനങ്ങളാണ് കാർഷിക മുന്നേറ്റങ്ങൾ നന്ദിയോട് സാധ്യമാക്കിയത്. കൃഷിഭവൻ സംഘടിപ്പിച്ച നൂറു കണക്കിന് ചന്തകൾ ജൈവകൃഷി മേഖലയിൽ നന്ദിയോടിന്റെ മുൻഗണന വർധിപ്പിച്ചിട്ടുണ്ട്. മായമില്ലാത്ത നാടൻ പച്ചക്കറികൾ തേടി നന്ദിയോട് എത്തിയതോടെ കൂടുതൽ പേർ ജൈവ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.ജൈവ കൃഷിയുടെ പ്രചാരണാർഥം പഞ്ചായത്തിൻ്റെ 18 വാർഡുകളിലും ജൈവ ക്ലബുകൾ രൂപവത്കരിച്ച് പരിശീലനങ്ങളും നടത്തിയിരുന്നു.

ഇതിലൂടെ കൃഷിഭവൻ കേന്ദ്രീകരിച്ച് നടപ്പാക്കിയ വിവിധ കാർഷിക പ്രവർത്തനങ്ങളും കൃഷിയറിവും വീട്ടമ്മമാർ പഠിക്കാൻ സഹായകമായി. നന്ദിയോട് കൃഷിഭവൻ പ്രചരിപ്പിച്ച അമ്മക്കൂട്ട് ജൈവ ഭക്ഷണം നഗരത്തിലെ ഭക്ഷണം നഗരത്തിലെ പല പ്രമുഖവേദികളിലും നിയമസഭയിലുമെല്ലാം ജൈവ മാധുര്യം സമ്മാനിച്ചിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തിലെ പ്രഭാതസവാരിക്കാരെ മുന്നിൽ കണ്ടുകൊണ്ട് കേരള ജൈവ വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഭാതച്ചന്ത വലിയ ശ്രദ്ധയാണ് നേടിയത‌്. ദൂരദർശൻ ജീവനക്കാർക്ക് ഇടയിൽ നടത്തിയ ചീരച്ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്ത് വീടുകളെടുത്താൽ ഒരു പശുവും ശരാശരി രണ്ട് ആടുകളും അൻപതിലേറെ കോഴികളും ഒരു വീടിന് പത്ത് ചെടികളും രണ്ട് മരങ്ങളും ഉണ്ടെന്നുള്ളത് നന്ദിയോടിന്റെ ജൈവസാധ്യത ഇരട്ടിയാക്കുന്നു. ഇരുപത്തിയഞ്ച് പൗൾട്രി ഫാമുകളിൽ നിന്ന് ലഭിക്കുന്ന ടൺകണക്കിന് കോഴിക്കാരവും ക്ഷീരസമ്പന്നമായ മേഖലയിലെ ചാണകവും വനിതാ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജൈവവള നിർമാണ യൂണിറ്റുകളും ആഗ്രോസ് വിതരണ സംവിധാനത്തിന്റെ ഇടപെടലുകളും നന്ദിയോടിന്റെ ജൈവമേഖലയെ കൂടുതൽ സമഗ്രവും ആധികാരികവുമാക്കി.


English Summary: Nandiyodu received organic farming village Jaiva Grama Award

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine