News

ഇന്ന് ലോക കാലാവസ്ഥാ ദിനം.

world meteorological day

എല്ലാ വര്‍ഷവും മാര്‍ച്ച് 23-നാണ് ലോക കാലാവസ്ഥാദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാസംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈദിനം ആചരിക്കുന്നത്.

ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ലോകം കടന്നു പോകുന്നത്.അതിവേഗത്തിൽ അന്റാര്‍ട്ടിക്കയിൽ  മഞ്ഞുരുകുന്നതും, ആഗോളതാപനവും ലോകത്തു ആശങ്കയ്ക്ക് ഇടയായിട്ടുണ്ട്.മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്ക് തന്നെയും ദോഷകരമാകുന്ന തരത്തിലാണ് കാലാവസ്ഥയില്‍ പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം.  

മനുഷ്യൻ്റെ പ്രവർത്തികൾ തന്നെയാണ് ഭൂമിയുടെ താപനില കൂട്ടുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഹരിതഗൃഹ പ്രഭാവത്തിന്റെയും എല്‍ നിനോ പ്രതിഭാസത്തിന്റെയും ഫലമായാണ് ആഗോള താപനം വര്‍ദ്ധിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്‌ 2001-2010 കാലമാണ് മുൻപ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ ദശകം.കഴിഞ്ഞ നാല് നൂറ്റാണ്ടുകളേക്കാള്‍ താപനില കൂടുതല്‍ ഈ നൂറ്റാണ്ടിൻ്റെ ആദ്യപാദങ്ങള്‍ തന്നെ രേഖപ്പെടുത്തുമ്പോൾ വരും വര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് ശാസ്ത്രലോകത്തിൻ്റെ ആശങ്ക.തെക്കെ അമേരിക്ക, യൂറോപ്പ്, മധ്യപൂർവേഷ്യ, വടക്കുകിഴക്കൻ യൂറേഷ്യ, വടക്കെ അമേരിക്കയുടെ പടിഞ്ഞാറു ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ചൂടു കൂടി. തീവ്രതയേറിയ താപതരംഗങ്ങളുടെ (heat waves) സാന്നിധ്യം ജീവനു തന്നെ ഭീഷണിയാണ്.


ഉഷ്ണക്കാറ്റ് മൂലം 2002-2003 വര്‍ഷത്തില്‍ ഇന്ത്യയില്‍ ആയിരത്തിലധികം ആളുകള്‍ക്കാണ് ജീവഹാനി ഉണ്ടായതെങ്കില്‍ യൂറോപ്പില്‍ അത് 66,000 ത്തിലധികമായിരുന്നു. തണുപ്പു രാജ്യങ്ങള്‍ പോലും കടുത്ത ചൂടിലേക്ക് വഴിമാറുമ്പോൾ തണുത്തുറഞ്ഞ ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകലും അതുവഴി ലോകത്തെ നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ള വെള്ളപ്പൊക്ക സാധ്യതയുമാണ് കാലാവസ്ഥാ വ്യതിയാനം നല്‍കുന്ന ഏറ്റവും വലിയ ആശങ്ക.കാലാവസ്ഥാവ്യതിയാനം ലോകത്തിൻ്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്ക്കുക. കാട്ടുതീയായും പേമാരിയും ചുഴലിക്കൊടുങ്കാറ്റുമായും വരള്‍ച്ചയും വിളനാശവും ഒക്കെയായി അത് പ്രത്യക്ഷപ്പെടുന്നു

സമ്മിശ്ര കാലാവസ്ഥ കൊണ്ട് സുരക്ഷിതമായിരുന്ന കേരളത്തില്‍ പോലും ജീവനും കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ കാലാവസ്ഥ മാറിക്കഴിഞ്ഞു. വേനല്‍ മഴ കുറഞ്ഞു. ചൂട് സൂര്യാഘാതമായി മാറുകയാണ്.. വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും വികസനത്തിനായി കുന്നുകള്‍ ഇടിച്ച് നിരത്തുമ്പോഴും, വര്‍ദ്ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും നാം അറിഞ്ഞോ അറിയാതെയോ ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കുന്നതിന് കാരണക്കാരാകുന്നു.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും കാലത്തിന്റെ കണക്കു തെറ്റിക്കുമ്പോൾ ഒരു പാട് ഓർമപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായാണ് ഓരോ കാലാവസ്ഥാ ദിനവും കടന്നുപോകുന്നത്.


English Summary: world meterological day

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine