News

'നാട്ടറിവ്' കൃഷി കൂട്ടായ്മയ്ക്ക് തുടക്കം

പുളിച്ച കഞ്ഞിവെള്ളം പച്ചക്കറി തൈകളിലെ പുഴുക്കളെ നശിപ്പിക്കുമെന്ന് 'നാട്ടറിവില്‍' മുതിര്‍ന്ന കര്‍ഷകര്‍. കുമരകം കണ്ണാടിച്ചാലില്‍ നടന്ന കൂട്ടായ്മയില്‍ മുതിര്‍ന്ന കര്‍ഷക മോനിയമ്മയാണ് ഈ അറിവ് പങ്കുവച്ചത്. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്ന കൃഷിക്കൂട്ടായ്മയിലാണ് പഴയ അറിവുകളുടെ പുതുമ പങ്കുവെയ്ക്കാന്‍ കര്‍ഷകര്‍ എത്തിയത്. 

ജില്ലയിലെ 11 ബ്ലോക്കുകളില്‍ ഒക്‌ടോബര്‍ 4, 5 തിയതികളിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മ നാട്ടുകാര്‍ക്കും സംഘാടകര്‍ക്കും അറിവിന്റെ പുത്തന്‍ അനുഭവമായി. കൃഷി കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പരിധിയില്‍പ്പെട്ട കുമരകം കണ്ണാടിച്ചാല്‍ പഞ്ചായത്ത് എല്‍.പി. സ്‌കൂള്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പി. സലിമോന്‍, പരമ്പരാഗത നെല്‍കര്‍ഷകനും നെല്‍ കൃഷിപ്രചാരകനുമായ കെ. എം. ഹിലാല്‍, പി. ആര്‍. ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, എഡിസി (ജനറല്‍) പി. എസ്. ഷിനോ, പി.ആര്‍.ഡി അസി. എഡിറ്റര്‍ സിനി കെ. തോമസ്, ഏറ്റുമാനൂര്‍ ബി.ഡി.ഒ. ഷറഫ്, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

മരത്തണലുളള തുറന്ന സ്ഥലങ്ങളിലായി ബുധനാഴ്ച ആറ് ബ്ലോക്കു പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് നടന്നത്. കടുത്തുരുത്തി ബ്ലോക്കിലെ തലയോലപ്പറമ്പ് പഞ്ചായത്തോഫീസിന് സമീപത്തുളള വഴിയമ്പലം ളാലം, കാഞ്ഞിരപ്പള്ളി, പള്ളം ബ്ലോക്ക് പരിസരം, വൈക്കം, മാടപ്പള്ളി ബ്ലോക്ക് പരിസരത്തും കൂട്ടായ്മ നടന്നു. 
ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11- ന് ഉഴവൂര്‍, പാമ്പാടി ബ്ലോക്കു പരിസരത്തും ഉച്ചകഴിഞ്ഞ് രണ്ടിന് ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിലുളള പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പനച്ചിത്തറ കുളക്കടവിലും വാഴൂര്‍ ബ്ലോക്ക് പരിധിയിലെ പുളിക്കല്‍ കവലയിലും കൃഷി കൂട്ടായ്മ നടക്കും.

ജില്ലാതല ഉദ്ഘാടനത്തില്‍ പഞ്ചായത്ത് എല്‍.പി. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സി. പി. ഓമന, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ. എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കൃഷി കൂട്ടായ്മയും കെ. എം. ഹിലാല്‍ ലക്ഷ്മി ഗോപി കാക്കരേയം, ഗോവിന്ദന്‍ അമിച്ചാറ, ഭാരതി മാങ്ങാത്തറ, മോനിയമ്മ, ഷാജി ചേരമന്‍ തുടങ്ങിയവര്‍ കൃഷി അറിവ് പങ്കു വച്ചു. 

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗ്രാമവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൃഷി വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൂട്ടായ്മയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വരും തലമുറയ്ക്ക് കൈമാറുന്നതിനും വിജ്ഞാനശേഖരത്തില്‍ മുതല്‍ക്കൂട്ടുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ നടത്തും. കൂടാതെ കുടുംബശ്രീ ബാലസഭയിലെ തിരഞ്ഞെടുത്ത കുട്ടികളുടെ പങ്കാളിത്തത്തില്‍ കയ്യെഴുത്ത് മാസികയും തയ്യാറാക്കും.

Photo - കൃഷിക്കൂട്ടായ്മ ജില്ലാതല ഉദ്ഘാടനം കുമരകം കണ്ണാടിച്ചാല്‍ പഞ്ചായത്ത് എല്‍. പി. സ്‌കൂള്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി നിര്‍വ്വഹിക്കുന്നു.

CN Remya Kottayam, #KrishiJagran


English Summary: nattarivu group started

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine