News

കേരള സഹകരണ ബാങ്കിന്റെ രൂപീകരണം പുത്തന്‍ അദ്ധ്യായം കുറിക്കും : കടകംപള്ളി സുരേന്ദ്രന്‍

സഹകരണ ബാങ്കുകളുടെ ഡിജിറ്റലൈസേഷന് 25 കോടിയുടെ പദ്ധതി നടപ്പാക്കി വരികയാണെന്ന് സഹകരണ-ദേവസ്വം-ടൂറിസം-വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ. 64-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ജില്ലാ സഹകരണ ബാങ്കുകളെയും ബന്ധിപ്പിക്കുന്ന കേരള സഹകരണ ബാങ്കിന്റെ രൂപീകരണം നമ്മുടെ പ്രാഥമിക ബാങ്കുകളായ സഹകരണ ബാങ്കുകളെ വലിയ തോതില്‍ ശക്തിപ്പെടുത്തും. സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നവരില്‍ അധികവും 40 വയസ്സിനു മുകളില്‍ ഉളളവരാണ്. ചെറുപ്പക്കാര്‍ അധികവും സര്‍വ്വീസ് ചാര്‍ജ്ജ് അധികമായാല്‍ പോലും സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കുന്ന ബാങ്കുകളുടെ ഉപഭോക്താക്കളാണ്. ചെറുപ്പക്കാരെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ ആധുനികവത്ക്കരണം കൂടിയേ തീരൂ. 

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ ഡിജിറ്റലൈസേഷനും പൂര്‍ത്തിയായി വരുന്നു. ഡിജിറ്റലൈസേഷനിലൂടെയും ആധുനികവത്കരണത്തിലൂടെയും സഹകരണ ബാങ്കുകളിലും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിന്ന് അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയും. സഹകരണ പ്രസ്ഥാനം ഇന്ന് കടന്നെത്താത്ത മേഖലകളില്ല. എല്ലാ മേഖലകളിലും ഇതുവഴി സാധാരണക്കാരന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കഴിയുന്നു. വായ്പകള്‍ ആരെടുത്താലും തിരിച്ചടയ്ക്കണം. എന്നാല്‍ പാവപ്പെട്ടവരില്‍ നിന്ന് ഏതുവിധേനയും വായ്പത്തുക തിരിച്ചുപിടിക്കുന്നത് ആശാസ്യകരമല്ല. ചെറിയ വായ്പാ തിരിച്ചടവിന്റെ പേരില്‍ ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഇത് സര്‍ക്കാരിന്റെ നയമല്ല. രാജ്യത്ത് തന്നെ സഹകരണ മേഖലയുടെ വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്. 

ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് കേരളത്തിനുള്ളത്. നോട്ടു നിരോധനം ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞത് ഇതിന്റെ ജനകീയ അടിത്തറ കൊണ്ടും ഈ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടുമാണ്. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും കാര്യത്തില്‍ കേരളം മത്സരിക്കുന്നത് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടല്ല ലോകത്തെ വികസിത രാജ്യങ്ങളോടു തന്നെയാണ്. - അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണമേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. മികച്ച ഫ്‌ളോട്ട്, മികച്ച ഘോഷയാത്ര എന്നീ ഇനങ്ങളില്‍ വിജയിച്ചസംഘങ്ങള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. 

ജോസ് കെ. മാണി എം.പി. അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ചാള്‍സ് ആന്റണി, പി.ജെ. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, അഡിഷണല്‍ രജിസ്ട്രാര്‍ സി. വിജയന്‍, ജോയിന്റ് രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വാരാഘോഷത്തിന്റെ ഭാഗമായി 'സഹകരണ മേഖലയിലെ ആധുനികവത്കരണം' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേഷ് വിഷയാവതരണം നടത്തി. 
CN Remya Chittettu Kottayam, #KrishiJagran


English Summary: New Episode in the formation of Kerala COoperative Bank

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine