നിപ്പ ഭീതിയെത്തുടർന്നു കേരളത്തിൽനിന്നുള്ള പച്ചക്കറി സംഭരണത്തിനും കയറ്റുമതിക്കും ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതോടെ കർഷകർക്കും കയറ്റുമതിക്കാർക്കും വൻ നഷ്ടം കേരളത്തിലെ പഴം,പച്ചക്കറി കയറ്റുമതി വിപണിയിൽ ഇതുവരെ 40 കോടിയിലേറെ രൂപയുടെ നഷ്ടം. യുഎഇ വിലക്കു പിൻവലിച്ചെങ്കിലും ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം തുടരുകയാണ് .ഒരു മാസത്തിലേറെയായി തുടരുന്ന വിലക്കുമൂലം ആയിരക്കണക്കിനു കർഷകരും കയറ്റുമതി മേഖലയിലെ നൂറുകണക്കിനു തൊഴിലാളികളും ദുരിതത്തിലാണ്. എന്നാൽ കയറ്റുമതിക്ക് ഓർഡർ എടുത്തിള്ളവർ തമിഴ്നാട്ടിൽനിന്നും മറ്റും പച്ചക്കറിയും പഴങ്ങളും സംഭരിച്ച് ചെന്നൈ, ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുകയാണ്
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ്പ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു കഴിഞ്ഞ മാസം രണ്ടു മുതലാണു ഗൾഫ് രാജ്യങ്ങൾ കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഉൽപന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയത്.വിലക്കു പൂർണമായി നീക്കിയാലും കയറ്റുമതി പഴയ തോതിലാകാൻ ഒട്ടേറെ കടമ്പകളുണ്ടെന്നു കയറ്റുമതി ഏജൻസികൾ പറയുന്നു .ദിവസം 150 ടൺ പഴം–പച്ചക്കറി കയറ്റുമതിയാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു നടന്നിരുന്നത്. പ്രതിദിനം ശരാശരി 1.25 കോടി രൂപയുടെ വരുമാനമാണു കേരളത്തിനു ലഭിച്ചിരുന്നത്. തിരുവനന്തപുരത്തു നിന്ന് 60 ടൺ, കൊച്ചി– 50 ടൺ, കോഴിക്കോട്– 15 ടൺ വീതമാണു ശരാശരി കയറ്റുമതി.സീസൺ അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. കയറ്റി അയയ്ക്കുന്നതിൽ 80 ശതമാനത്തോളം വാഴപ്പഴമാണ്.ബാക്കി പച്ചക്കറിയും. തമിഴ്നാട്ടിൽ നിന്നുള്ള കർഷകരിൽ നിന്നു സംഭരിക്കുന്നവയാണ് ഇതിൽ വലിയ പങ്കും.
കേരളത്തിലെ ജൈവ കൃഷിയിടങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും വിലക്കു ബാധിച്ചു. വിലക്ക് 35 ദിവസം പിന്നിട്ടു. നികുതിയിനത്തിൽ ലഭിക്കേണ്ട വൻതുക സംസ്ഥാന സർക്കാരിനും നഷ്ടമായി.നിപ്പ ഭീതി പൂർണമായും മാറിയെന്നു സംസ്ഥാന, കേന്ദ്രസർക്കാരുകൾ പ്രഖ്യാപിച്ചതോടെ വിലക്കു നീക്കാൻ മൂന്നു ദിവസം മുൻപാണു യുഎഇ സർക്കാർ തീരുമാനിച്ചത്.ഏറ്റവും കൂടുതൽ കയറ്റുമതി യുഎഇയിലേക്കാണ്. എന്നാൽ, കയറ്റുമതിക്കുള്ള പഴങ്ങളും പച്ചക്കറികളും പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്ര കൃഷിവകുപ്പിനു കീഴിലുള്ള പ്ലാന്റ് ക്വാറന്റൈൻ വിഭാഗം ഇന്നലെയാണു നടപടികൾക്ക് അനുമതി നൽകിയത്.
Share your comments