1. Health & Herbs

ചെറിയചെടി, വലിയ വിശേഷങ്ങൾ

നമ്മുടെ പൂർവികർ പ്രകൃതിയിൽ നിന്നു കണ്ടെത്തിയ അതിവിശിഷ്ട ഔഷധികളിൽ ഏറ്റവും മികച്ചതാണ് കീഴാർനെല്ലി. നനവുള്ള ഇടങ്ങളിൽ അല്ലെങ്കിൽ മഴ കഴിഞ്ഞു തൊടികളിൽ ഇത് ധാരാളം വളരും. കാഴ്ചയിൽ ചെറിയ ഒരു ചെടിയാണെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തിൽ കീഴാർനെല്ലി മുൻപന്തിയിലാണ്. മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചിൽ, പനി, മുറിവുണക്കൽ, പ്രതിരോധശേഷി, ദഹനപ്രശ്നങ്ങൾ തുടങ്ങി ജലദോഷം മുതൽ എയിഡ്സ് വൈറസിനെ വരെ ചെറുത്തു തോല്പിക്കാൻ കഴിവുള്ളതാണ് ഈ ചെറിയോൻ. ഇത് പല രോഗങ്ങൾക്കും പല തരത്തിലാണ് ഉപയോഗിക്കുന്നത്.

Suresh Muthukulam
ഔഷധികളിലെ വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന കീഴാർനെല്ലിയ്ക്ക് രസകരമായ ഒരു ഇംഗ്ലീഷ് വിളിപ്പേരുണ്ട് 'സീഡ് അണ്ടർ ലീഫ്'
ഔഷധികളിലെ വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന കീഴാർനെല്ലിയ്ക്ക് രസകരമായ ഒരു ഇംഗ്ലീഷ് വിളിപ്പേരുണ്ട് 'സീഡ് അണ്ടർ ലീഫ്'

ഔഷധികളിലെ വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന കീഴാർനെല്ലിയ്ക്ക് രസകരമായ ഒരു ഇംഗ്ലീഷ് വിളിപ്പേരുണ്ട് 'സീഡ് അണ്ടർ ലീഫ്'. ഇലകളുടെ അടിവശത്താണ് ഈ ചെടിയുടെ വിത്തുകൾ എന്നതാണ് ഇതിനു കാരണം. ഇവ പിന്നീട് ചെറിയ മഞ്ഞ കലർന്ന പച്ചപ്പൂക്കളായി മാറുകയും ചെയ്യും. കായ്കൾ ഇലകൾക്കു കീഴെ എന്ന അർത്ഥമാണ് കീഴാർനെല്ലി എന്ന പേരിന് കാരണം. ഇന്ത്യൻ മണ്ണിലാണ് കീഴാർനെല്ലിയുടെ ജനനം. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം ഒരു കളച്ചെടി പോലെ നിരന്നു വളരുന്നതു കാണാം.'ഫില്ലാന്തസ് നിരൂരി' എന്നു സസ്യനാമം.'ഫില്ലാന്തസ്' എന്നത് ജനിതക പേരാണ്. 'ഇലയും പൂവും' (ലീഫ് ആൻഡ് ഫ്ലവർ) എന്നർത്ഥം. ഈ ജനുസിൽ ഏതാണ്ട് അറുനൂറിലേറെ ഇനങ്ങളുണ്ട്. നെല്ലിയുടെ കുടുംബത്തിലെ അംഗങ്ങളിൽ പ്രമുഖം കീഴാർനെല്ലി തന്നെ. പാതയോരങ്ങളിലെ ഈ അദ്ഭുത സസ്യത്തിൽ ഇലകളും, നെല്ലിക്ക പോലുള്ള ചെറിയ കായ്കളും കാണാം. തണ്ടിനു പച്ചയും ചുവപ്പും നിറമുള്ള ചെടികളുണ്ട്. മൂക്കാത്ത തണ്ടിനും ഇലകൾക്കും ചുവപ്പു കലർന്ന നിറമാണ്. ഇതിന് ചെറുകീഴാർനെല്ലി എന്നും പേരുണ്ട്.

കരളിന് കാവൽ കീഴാർനെല്ലി

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഏറ്റവും കൂടുതൽ കൊഴുപ്പ് ശേഖരിക്കുന്നതും കരളിൽ തന്നെ. ശരീരത്തിലെ ഒട്ടുമിക്ക ജൈവ, രാസപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും കരൾ തന്നെ. ഉപകാരപ്രദമായ സംയുക്തങ്ങളെ വിഷരഹിതമാക്കാനും നിർമിക്കാനും പിത്തരസം പോലുള്ള ദഹനരസങ്ങൾ ഉത്പാദിപ്പിച്ചു ദഹനത്തെ സഹായിക്കാനും ഒക്കെ കരളിനേ കഴിയൂ. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന ക്ഷതമേതും നിസാരമായി കാണാൻ കഴിയില്ല. അമിതമായ മദ്യപാനം, പരിധിവിട്ട അലോപ്പതി മരുന്നുകളുടെ നിരന്തര ഉപയോഗം, അമിത കലോറി അടങ്ങിയ ഭക്ഷ്യപദാർഥങ്ങളുടെ ഉപയോഗം തുടങ്ങിയവയെല്ലാം കരളിനു ഹാനികരമാണ്. ഇവിടെയാണ് കീഴാർനെല്ലി പോലുള്ള ഔഷധച്ചെടികളുടെ പ്രാധാന്യം. കരൾ സംബന്ധമായ രോഗങ്ങൾക്ക് പണ്ടു മുതൽക്കേ ഇതുപയോഗിച്ചു വരുന്നു. 

മഞ്ഞപ്പിത്തത്തിന് ആയുർവേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിക്കുന്നതാണ് കീഴാർനെല്ലി. ഇതിലടങ്ങിയിട്ടുള്ള ഫില്ലാന്തിൻ, ഹൈപ്പോഫില്ലാന്തിൻ എന്നീ രാസഘടങ്ങളാണ് മഞ്ഞപ്പിത്തം കുറയാൻ സഹായിക്കുന്നത്. കീഴാർനെല്ലി ഇടിച്ചുപിഴിഞ്ഞ നീര് പശുവിൻ പാലിൽ ചേർത്തു കഴിച്ചാണ് രോഗം ഭേദമാക്കുന്നത്. (സ്വയംചികിത്സ പാടില്ല; വിദഗ്ധ മേൽനോട്ടത്തിലേ മരുന്നു കഴിക്കാവൂ) കരളിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കീഴാർനെല്ലിയിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങൾ അസ്ഥിരസംയുക്തങ്ങളായ സ്വതന്ത്ര റാഡിക്കലുകൾ വരുത്തുന്ന നാശത്തിൽ നിന്ന് കരളിനെ രക്ഷിക്കുന്നു. വൈറൽബാധ വഴി കരളിനുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്- ബി എന്ന രോഗചികിത്സയിലും ഇത് പ്രയോജനപ്പെടുന്നു. കരൾരോഗങ്ങളുടെ ചികിത്സയിലെ കാതൽ എന്ന നിലയിൽ കീഴാർനെല്ലിയുടെ മേന്മകൾ സംബന്ധിച്ചു പഠനങ്ങൾ ഇനിയും നടന്നുവരുന്നു.

കീഴാർനെല്ലി എന്ന 'സ്റ്റോൺ ബ്രേക്കർ'

കല്ലുപൊടിപ്പൻ എന്നർഥത്തിൽ കീഴാർനെല്ലിയ്ക്ക് 'സ്റ്റോൺ ബ്രേക്കർ' എന്നും വിളിപ്പേരുണ്ട്. 'കല്ലുരുക്കി' എന്നും പറയും. ചെടിയുടെ ക്ഷാരസ്വഭാവമാണ് ഇവിടെ സഹായമാകുന്നത്. അമ്ലസ്വഭാവമുള്ള കല്ലുകളെ ഇതു നീക്കുന്നു. നിശ്ചിത കാലയളവിലുള്ള ഇതിന്റെ ശുപാർശിത ഉപയോഗം കല്ലുകളുടെ വലിപ്പവും എണ്ണവും കുറയ്ക്കാനും സഹായകമാണ്. ഇതിലുള്ള ട്രൈടെർപീനുകൾ ആണ് പരലുകളുടെ രൂപീകരണം തടയാൻ സഹായിക്കുന്നത്. വൃക്കകളിലെയും ഗാൾ ബ്ലാഡറിലെയും കല്ലുരുക്കാൻ ഇതുപകാരപ്പെടുന്നു.

വൈറസ്, ബാക്ടീരിയ പ്രതിരോധി

പ്രതിരോധവ്യവസ്ഥയ്ക്ക് സഹായി. സസ്യജന്യ രാസഘടകങ്ങളാൽ സമൃദ്ധമായതിനാൽ കീഴാർനെല്ലി ആരോഗ്യകരമായ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഉത്തമമാണ്. വൈറസ്, ബാക്ടീരിയ തുടങ്ങിയ അണുജീവികളുടെ ഉപദ്രവത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ഇതുകൊണ്ടുകൂടിയാണ് ഇത് വിവിധ ത്വക്കുരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നത്.

 ശക്തമായ നിരോക്സീകാരകം

ശക്തമായ നിരോക്സീകാരസ്വഭാവമുള്ള ഔഷധിയാണിത്. ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന ഓക്സീകരണ പ്രവർത്തനങ്ങൾ ക്രമീകരിച്ച് സ്വതന്ത്രറാഡിക്കലുകളെ ഒഴിവാക്കുന്നു. ആഹാരത്തിലൂടെ ലഭിക്കുന്ന ജീവകം സി, ഇ പോലുള്ള നിരോക്സീകാരകങ്ങളേക്കാൾ പതിന്മടങ്ങു ശക്തമാണിത്. പ്രതിപ്രവർത്തക ഓക്സിജൻ (റിയാക്റ്റീവ് ഓക്സിജൻ) തടയുന്നതു വഴി വാർധക്യവും തത്സംബന്ധമായ അസുഖങ്ങളും ഒഴിവാക്കുന്നു. കീഴാർനെല്ലിയിലെ ആൽക്കലോയിഡുകൾ, ഫ്ലവനോയിഡുകൾ, പോളിഫീനോളുകൾ, കൗമാരിൻ തുടങ്ങിയ സജീവ ജൈവസംയുക്തങ്ങൾ ഓക്സീകരണ ക്ഷതങ്ങൾ, ശരീരത്തിനുണ്ടാകുന്ന ക്ലേശങ്ങൾ എന്നിവ കുറയ്ക്കും. അലോപ്പിഷ്യ എന്നു പേരായ മുടി കൊഴിയൽ തടയാൻ വരെ ഇതിനു കഴിയും എന്ന് പഠനങ്ങൾ പറയുന്നു. മുടിവളർച്ചയെ സഹായിക്കുന്നു.

പല പേരുകൾ; പരമ്പരാഗത ചികിത്സയുടെ അവിഭാജ്യഭാഗം

അമ്പതു മുതൽ പരമാവധി എഴുപതു സെന്റീമീറ്റർ വരെയാണ് കീഴാർനെല്ലിയുടെ വളർച്ച. വഴിയോരങ്ങളിലും വീട്ടുപറമ്പുകളിലും ഇത് സുലഭമായി വളരുന്നതു കാണാം. വൈവിധ്യമാർന്ന വിവിധ വിളിപ്പേരുകളും ഇതിനുണ്ട്. ഇംഗ്ലീഷിൽ സ്റ്റോൺ ബ്രേക്കർ, ഗെയിൽ ഓഫ് ദി വിൻഡ്, ഹിന്ദിയിൽ ഭൂമി അമ്ല, സംസ്കൃതത്തിൽ ഭു ധാത്രി, ബഹുപത്ര, ഭൂമ്യാ മലക്കി; തമിഴിൽ കിഴകൈനെല്ലി. കീഴാർനെല്ലിയുടെ എല്ലാ ഭാഗവും ഔഷധമികവുള്ളതാണ്. മൂവായിരം വർഷത്തിലേറെയായി ഇത് പരമ്പരാഗത ചികിത്സയുടെ അവിഭാജ്യ ഭാഗവുമാണ്.

English Summary: Small plants with big features

Like this article?

Hey! I am Suresh Muthukulam. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds