News

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാവില്ല: ഭക്ഷ്യമന്ത്രി

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കേരളം ഉത്സവകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന സംസ്ഥാനമാണ്. നിലവില്‍ ഭക്ഷ്യദൗര്‍ലഭ്യമില്ല. ദുരിതം നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കച്ചവടക്കാര്‍ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നതും സാഹചര്യം മുതലാക്കി വില വര്‍ധിപ്പിക്കുന്നതും ഒരുവര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് വിലകൂടുന്ന പ്രശ്നമില്ലെന്നും വില കൂട്ടരുതെന്ന് ചില്ലറവ്യാപാരികളോട് ആവശ്യപ്പെടുമെന്നും വ്യാപാരി സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ വിലയില്‍നിന്ന് ചെറിയ ശതമാനമെങ്കിലും കുറച്ച് അവശ്യവസ്തുക്കള്‍ ലഭ്യമാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന റിലയന്‍സ്, മോര്‍ എന്നീ വന്‍കിട കച്ചവടക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

കയറ്റിറക്കു തൊഴിലാളികളും ഈ സാഹചര്യത്തില്‍ സമര്‍പ്പിത സേവനം നടത്താന്‍ സഹകരിക്കണമെന്നും ഒരു തൊഴില്‍പ്രശ്നവും ഈ സമയത്ത് ഉണ്ടാവാന്‍ അനുവദിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.  

സമാനതകളില്ലാത്ത പ്രളയം മൂലം സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിക്കിടക്കുകയാണ്. ഇത് പുറത്തുനിന്നുള്ള ചരക്കുകളുടെ വരവിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം മറികടക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വരവ് സുഗമമാക്കാന്‍ പെട്രോളിയം കമ്പനികള്‍, ബങ്ക് ഉടമകള്‍, വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ടിംഗ് പ്രശ്നങ്ങളാണ് പെട്രോളിയം കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്. വാഹനഗതാഗതം സുഗമമായാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വരവിന് തടസമുണ്ടാകില്ല എന്നും  അവര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പെട്രോളിയം ഉത്പന്നങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ എത്തിയാല്‍ ഗതാഗത തടസമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ പോലീസ് നടപടി സ്വീകരിക്കുമെന്ന്  സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അരിയും മറ്റ് അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളും സ്റ്റിക്കറൊട്ടിച്ച് കോണ്‍വോയ് അടിസ്ഥാനത്തില്‍ എത്തിയാല്‍ ഗതാഗതം സുഗമമാകും. സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പും ഇല്ലെന്നുറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതി ഉടന്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും.  ഇന്നുമുതല്‍ എന്‍ഫോഴ്മെന്റ് സംവിധാനം ശക്തമായി പ്രവര്‍ത്തിക്കും.  

ദുരിതാശ്വാസ ക്യാമ്പുകളില്‍ പത്തു ലക്ഷം പേരെങ്കിലും ഉണ്ട് എന്ന കണക്കില്‍ ഒരാള്‍ക്ക് രണ്ടാഴ്ചത്തേക്ക് വിതരണം ചെയ്യാന്‍ ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി അവശ്യവസ്തുക്കള്‍ ഇപ്പോള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ചിട്ടുണ്ട്. അതിനാല്‍ ക്യാമ്പുകളില്‍ അവശ്യവസ്തുക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. ദുരന്തം ഏറ്റുവാങ്ങിയവര്‍ മാത്രമല്ല, സംസ്ഥാനത്തും പുറത്തുമുള്ള എല്ലാവരും ദുരിതബാധിതരെ സഹായിക്കാന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. പൊതുജനം മുഴുവന്‍ ഈ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 


English Summary: no scarcity of food supply

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine