
1. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം തുടങ്ങും. ഹെക്ടറൊന്നിന് റബ്ബർ കർഷകർക്ക് 75,000 രൂപയും ഏലം ഹെക്ടറൊന്നിന് 1,00,000 രൂപയും കാപ്പി ഹെക്ടറൊന്നിന് 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർക്കർഷകർക്കാണ് സഹായം ലഭ്യമാകുക. കാപ്പിക്കുള്ള സഹായം വയനാട് ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കുമാകും ലഭിക്കുക. ജൂണിൽ സബ്‌സിഡി ലഭ്യമാകുമെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
റബ്ബറിന്, അഞ്ച് ഹെക്ടർവരെ കൃഷിയുള്ളവർക്കാണ് സഹായധനം. ഏലത്തിന് എട്ട് ഹെക്ടർവരെയും കാപ്പിക്ക് പത്ത് ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക് സഹായം നൽകും. മൂന്ന് വിളകളിലും പത്ത് ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക് പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽനിന്നാണ് സബ്‌സിഡിക്ക് അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് കൃഷി അസിസ്‌റ്റന്റ് ഡയറക്ടർ (കേര പ്രോജക്ട്) ഡോ. എസ്. യമുന പറഞ്ഞു. കേരപദ്ധതിയുടെ ആദ്യഗഡുവായി 139.65 കോടി രൂപ ലോകബാങ്കിൽനിന്ന് ലഭിച്ചു. കൃഷിവകുപ്പാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ് വഴി പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പിന്റെ 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം കിട്ടി. മേയിൽ ഉദ്‌ഘാടനം ചെയ്യും.
2. നെയ്യാറ്റിൻകര, കുളത്തൂർ കൃഷിഭവനു കീഴിൽ രൂപീകരിച്ച ഊരംവിള കൃഷിക്കൂട്ടം സംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റ് & ഫ്ലവർഷോ കൃഷിമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. കൃഷി ആനന്ദത്തിനും ആദായത്തിനും ആരോഗ്യത്തിനും അത്യുത്തമമാണെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. കാർഷിക ടൂറിസം കർഷകർക്ക് ലാഭകരമാകുന്ന തരത്തിൽ നടപ്പിലാക്കിയ ഊരംവിള കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ചെറുധാന്യങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാനും വിവിധ ഇനം ചെറുധാന്യങ്ങൾ പരിചയപ്പെടുത്തുന്നതുമാണ് മില്ലറ്റ് ഫെസ്റ്റിന്റെ ഉദ്ദേശം. കഴിഞ്ഞ ഡിസംബർ മാസത്തിൽ സൂര്യകാന്തി പൂക്കൾക്കൊണ്ട് വർണ്ണ വിസ്മയം തീർത്ത ഊരംവിള കൃഷിക്കൂട്ടം ഇത്തവണ വ്യത്യസ്തതയാർന്ന പൂക്കളുടെ പ്രദർശനവും നടീൽ വസ്തുക്കളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനം വിപണന മേളയും, പെറ്റ് ഷോയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20 ദിവസം നീണ്ട് നിൽക്കുന്ന മില്ലറ്റ് ഫെസ്റ്റ് & ഫ്ലവർഷോ ഏപ്രിൽ 30ന് അവസാനിക്കും. നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
3. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. വിവിധയിടങ്ങളിൽ 18-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലാകും മഴയ്ക്ക് കൂടുതല്‍ സാധ്യത. കന്യാകുമാരി തീരത്ത് 1.3 മുതൽ 1.4 മീറ്റർ വരെയുള്ള ഉയർന്ന തിരമാലകൾ മൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
Share your comments