News

പയ്യാവൂര്‍ മാതൃക പ്രശംസനീയം

ജൈവകൃഷിയിലൂടെ സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കി മാതൃകയാകുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും. പരിമിതമായ സ്ഥലത്ത് പ്രായോഗികമായ രീതിയില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികൃഷി നടത്തി നൂറ് മേനി വിളവ് കൊയ്യുന്നത് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ ഗവര്‍മെന്റ് യു.പി സ്‌കൂളിലെ മിടുക്കരായ കുട്ടികളാണ്. 

ഇരുന്നൂറിലധികം ഗ്രോബാഗുകളില്‍ ഇരുപതിലധികം ഇനം പച്ചക്കറികളാണ് ഇവര്‍ വിളയിച്ചത്. തക്കാളി, ചീര, വെണ്ട, ഉരുളക്കഴിങ്ങ്, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ വലിയ തോതില്‍ത്തന്നെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ത്തന്നെ കേരളത്തില്‍ അടുത്ത കാലത്തായി കൃഷി ചെയ്യാനാരംഭിച്ച ക്യാബേജ്, കോളീഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, മുള്ളങ്കി തുടങ്ങിയ പച്ചക്കറികളുമുണ്ട്. കുട്ടികളുടെ പഠനാവശ്യത്തിനായി   ഉഴുന്ന്, നിലക്കടല എന്നിവയും വളര്‍ത്തുന്നു. പച്ചക്കറിത്തോട്ടത്തിന് നടുവലായി ഒരു ചെറിയ നെല്‍പ്പാടവും ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് നെല്‍കൃഷി പഠിക്കാനും മനസിലാക്കാനുമായി  ഉമ ഇനം നെല്ലാണ് കൃഷി ചെയ്യുന്നത്. സാധാരണ വയലിലാണ് കൃഷി നടത്താറുള്ളതെങ്കിലും ഇവിടെ തരിശ് നിലമായതിനാല്‍ നൂതന രീതിയിലാണ് നെല്‍പ്പാടമൊരുക്കിയത്. ആദ്യമായി മുറ്റത്ത് ചെറിയ കുഴിയുണ്ടാക്കി അതില്‍ ഫ്‌ളക്‌സ് ഷീറ്റ് വിരിച്ച് മണ്ണും വെള്ളവും നിറച്ച് ഞാറ് നട്ടു. പിന്നീട് വളര്‍ച്ചക്കനുസരിച്ചാണ് നനയും വളപ്രയോഗവും. ഇപ്പോള്‍ തഴച്ചു വളര്‍ന്ന നെല്‍ച്ചെടികള്‍ പാടങ്ങളെ വെല്ലുന്ന രീതിയില്‍ വിളഞ്ഞു നില്‍ക്കുന്നു. 

പൂര്‍ണ്ണമായും ജൈവവളം മാത്രമാണ് ഈ കൃഷിയില്‍ ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, പച്ചച്ചാണകം എന്നിവയടങ്ങിയ മിശ്രിതമാണ് പ്രധാന വളം. എല്ലാ ആഴ്ചയും വളപ്രയോഗം നടത്തും. പുറമെ കീടനാശിനിയായി ഗോമൂത്രവും കാന്താരി അരച്ചതും ചേര്‍ന്ന മിശ്രതം ജലത്തില്‍ നേര്‍പ്പിച്ച് പച്ചക്കറികള്‍ക്ക് തളിച്ച് കൊടുക്കും. കീടങ്ങളെ പ്രതിരോധിക്കാനായി പച്ചക്കറികള്‍ക്കിടയില്‍ ചെണ്ടുമല്ലി തൈകളും വളര്‍ത്തുണ്ട്. പരമ്പരാഗത രീതീയും നൂതന ശാസ്ത്രീയ രീതീയും സംയോജിപ്പിച്ച കൃഷി സമ്പ്രദായമാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ കൂണ്‍ കൃഷിയും സ്‌കൂളില്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളറില്‍ വ്യാപകമായി കൂണ്‍ കൃഷി ചെയ്യാനാണ് തീരുമാനം. ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ മാത്രം ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുന്നത്.  ജില്ലയില്‍ കര്‍ഷക മേഖലയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് നല്കുന്ന കര്‍ഷക അവാര്‍ഡ് തുടര്‍ച്ചയായ രണ്ട് വര്‍ഷം നേടിയ കെ രാഘവന്‍ മാഷിന്റെ നേതൃത്വത്തിലുള്ള കാര്‍ഷിക ക്ലബ്ബാണ് സ്‌കൂളില്‍ ഈ പച്ചക്കറിത്തോട്ടമൊരുക്കിയത്.

50 കുട്ടികളടങ്ങുന്ന ഈ കൂട്ടായ്മയ്ക്ക് എല്ലാവിധ സഹായവും പിന്തുണയുമായി പ്രധാനാധ്യാപകന്‍ ടോമി കുരുവിളയും മറ്റ് അധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികളോടൊപ്പം തന്നെയുണ്ട്. ഇവര്‍ക്ക് വേണ്ട വിത്തുകളും ആവശ്യമായ നിര്‍ദേശങ്ങളും നല്കുന്നതിന് പയ്യാവൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. വിദ്യാസമ്പന്നരായ കുട്ടികളെ വാര്‍ത്തെടുക്കുക മാത്രമല്ല ആരോഗ്യ സമ്പന്നരായ വിദ്യാര്‍ഥകളെ സൃഷ്ടിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഈ കൃഷി മാതൃക പിന്‍തുടരുകയാണെങ്കില്‍ രോഗ വിമുക്തമായ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അരിക്കും പച്ചക്കറിക്കും വേണ്ടി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിന് സ്വയം പര്യാപതമാകാം.  

കൃഷിജാഗരണ്‍ കണ്ണൂര്‍ 
ലിറ്റി ജോസ്

Share your comments