News

PSC; പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

PSC പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള അഹോരാത്ര യത്നത്തിലാണ് കേരളം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ജില്ല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊതുസ്ഥലങ്ങളില്‍ പൊലീസ് കർശന പരിശോധനയും നടപ്പിലാക്കുന്നുണ്ട്. വിവാഹാഘോഷം, മരണാനന്തര ചടങ്ങുകൾ, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ- മത-സാമുദായിക പൊതു പരിപാടികൾക്കും നിയന്ത്രണങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഫെബ്രുവരിയിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്നതിലും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കൊവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനം എടുത്തു.

10, 11, 12 ക്ലാസുകളും ഇനിമുതൽ ഓൺലൈനായിരിക്കും. ഞായറാഴ്ചകളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമ്പൂർണ ലോക് ഡൗൺ ഉണ്ടാകില്ലെന്നും യോഗം അറിയിച്ചിരുന്നു.
സംസ്ഥാനം മഹാമാരിക്കെതിരെ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പി.എസ്.സി (PSC) നടത്താനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വച്ചു. ഫെബ്രുവരി 19ന് നടത്താനിരുന്ന പരീക്ഷകളാണ് നീട്ടിവച്ചതായി പി.എസ്.സി അറിയിച്ചത്.
അതേ സമയം, ഫെബ്രുവരി നാലിന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ മാറ്റിവച്ചതായി അറിയിപ്പിലില്ല. ഇത് ഒഴികെയുള്ള അടുത്ത മാസങ്ങളിലെ പരീക്ഷകൾ നിശ്ചയിച്ചിരുന്ന തീയതികളിൽ നടത്തില്ല.

പരീക്ഷകൾ മാറ്റിവച്ചു (Exams Are Postponed)

ഈ മാസം 27 (വ്യാഴാഴ്ച) മുതല്‍ ഫെബ്രുവരി 18 വരെ കേരളത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖങ്ങളും ഇതോടൊപ്പം മാറ്റിവച്ചുവെന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala Public Service Commission) അറിയിച്ചു. ജനുവരി 27ന് എറണാകുളം റീജിയണൽ ഓഫീസിൽ വച്ച് നടത്താനിരുന്ന വാചാപരീക്ഷയും നീട്ടിവച്ചുവെന്ന് പി.എസ്.സി അറിയിപ്പിലുണ്ട്. ഈ പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പി.എസ്.സി വ്യക്തമാക്കി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുകയില്ലെന്ന് പി.എസ്.സി നേരത്തെ അറിയിച്ചിരുന്നു. പകരം, തപാൽ വഴിയോ ഇ-മെയിലിലോ ഇതിനായി അപേക്ഷിക്കുകയാണെങ്കിൽ, ആവശ്യമായ മുൻഗണന പരിഗണിച്ച് തപാൽ വഴി സർട്ടിഫിക്കറ്റ് അയച്ചു കൊടുക്കുന്നതാണ്.
പ്രൊബേഷന്‍- ഡിക്ലറേഷന്‍, പ്രമോഷന്‍ എന്നിവ ഡ്യൂ ആയി ശേഷിക്കുന്നവർ jsde.psc@kerala.gov.in എന്ന വിലാസത്തില്‍ ഓഫീസ് മേലധികാരിയുടെ ശുപാര്‍ശ കത്ത് മെയിൽ ചെയ്ത് അയക്കണം.

അതുമല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം, 695004 എന്ന മേല്‍വിലാസത്തില്‍ കത്ത് ആക്കി അയച്ചാൽ മതിയെന്നും പി.എസ്.സി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ വാരാന്ത്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ ഇക്കഴിഞ്ഞ 23-ാം തീയതിയും വരുന്ന 30-ാം തീയതിയും നടത്താനുള്ള പരീക്ഷകൾ മാറ്റിവച്ചുവെന്നും കേരള സർക്കാർ മുൻപ് ഒരു അറിയിപ്പ് നൽകിയിരുന്നു. ജനുവരി 30ന് മാറ്റിവച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷയാണ് ഫെബ്രുവരി 4ലേക്ക് നീട്ടിയത്. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും പി.എസ്.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


English Summary: PSC Exams and Interviews Postponed; Check Details Inside

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine