News

വിജയ്‌രാജിന്റെ വിജയമന്ത്രം

കാടക്കൃഷിയിലൂടെ വിജയം കൊയ്യുന്ന തിരുവനന്തപുരം ജില്ലയിലെ വെള്ളറട അഞ്ചുമരംകാല നന്ദുഭവനിലെ വിജയരാജ് ശ്രദ്ധേയനാവുന്നത് യുവകര്‍ഷകന്‍ എന്ന നിലയിലല്ല. മറിച്ച് കാടക്കൃഷിക്കായി പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ ചെറുപ്പക്കാരന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇന്‍ക്യുബേറ്ററിലൂടെയാണ്. 

വീട്ടിലേക്കു കടന്നുവരാന്‍ വിശാലമായൊരു വഴി വേണം എന്ന ആഗ്രഹത്തില്‍ രണ്ടുകൊല്ലം മുന്‍പ് വീടിനോടു ചേര്‍ന്ന് ഒരു പഴയ വീടും കൂടി ഉള്‍പ്പെടുന്ന എട്ടു സെന്റ് സ്ഥലം ഒത്തു കിട്ടിയപ്പോള്‍ വാങ്ങി. വഴി വെട്ടുകയും ചെയ്തു. ഒന്നരലക്ഷം രൂപ പലിശയ്ക്ക് എടുത്താണ് സ്ഥലം വാങ്ങിയത്. വഴിക്കുള്ളതു കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം മറിച്ചുവില്‍ക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സ്ഥലത്തിന്റെ വില കുറഞ്ഞതോടെ മറിച്ചു വില്‍പന നഷ്ടത്തിലാകുമെന്ന് ഉറപ്പായി. ഈ സന്ദര്‍ഭത്തിലാണ് വാങ്ങിയ പഴയ വീട്ടില്‍ കാടക്കൃഷി തുടങ്ങാം എന്ന ആശയം വിജയരാജിന്റെ മനസ്സിലേക്ക് എത്തുന്നത്. കാടവളര്‍ത്തലിന് കുറച്ചു സ്ഥലം മതിയെന്നതും സൗകര്യമായി.  കുടപ്പനക്കുന്ന് ഫാമില്‍ നിന്നു കാട വളര്‍ത്തലില്‍ പരിശീലനവും നേടി. 

കാടവളര്‍ത്തല്‍ ലാഭകരമാണെന്നു മനസ്സിലായതോടെ മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനാണ് ചെറിയൊരു ഇന്‍ക്യുബേറ്റര്‍ വാങ്ങിയത്. പക്ഷേ, അതിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. അങ്ങനെയാണ് സ്വന്തമായൊരു ഇന്‍ക്യുബേറ്റര്‍  ഉണ്ടാക്കുന്നതിനെക്കുറിച്ച് വിജയരാജ് ചിന്തിക്കുന്നത്. തന്റെ പക്കലുള്ള ഇന്‍ക്യുബേറ്റര്‍ അഴിച്ച് നിര്‍മാണരീതി മനസ്സിലാക്കി. ഓരോ തവണ ഇന്‍ക്യുബേറ്റര്‍ നിര്‍മ്മിക്കുമ്പോഴും അതിന്റെ കുറവുകള്‍ കണ്ടെത്തി. അടുത്തത് നിര്‍മ്മിക്കുമ്പോള്‍ അത് പരിഹരിച്ചു. അങ്ങനെ നിരവധി തവണയായുള്ള പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കുശേഷമാണ് എല്ലാ കുറവുകളും പരിഹരിച്ച് ഒരു ഇന്‍ക്യുബേറ്റര്‍ വിജയരാജ് നിര്‍മിക്കുന്നത്. 15,000 മുട്ടകള്‍ ഒരേസമയം വിരിയിക്കാം. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നതിന്റെ കുറവുകളൊന്നും ഇല്ലാത്തതുമാണ്.  

മുട്ടയ്ക്കു ചൂടേല്‍ക്കുന്നതിനായി ഇന്‍ക്യുബേറ്ററില്‍ ക്രമീകരിച്ച ബള്‍ബിന്റെ പ്രകാശം മുട്ട വിരിയലിനെ ബാധിക്കുന്നുണ്ടെന്ന് വിജയ്‌രാജിനു ബോധ്യപ്പെട്ടു. മുട്ടയ്ക്കു പ്രകാശം ആവശ്യമില്ല, ചൂടു മാത്രം മതി. അതുകൊണ്ട് പ്രകാശം നേരിട്ടു മുട്ടയില്‍ പതിക്കാതെ ആവശ്യത്തിന് ചൂടു ലഭിക്കുന്ന രീതിയില്‍ ബള്‍ബ് ക്രമീകരിച്ചു. ചൂട് ആവശ്യത്തിനു ലഭ്യമായാല്‍ മിക്കവാറും ഇന്‍ക്യുബേറ്ററുകളിലെ ബള്‍ബ് ഓഫാകും. ഒപ്പം ഫാനും. ബള്‍ബിനൊപ്പം ഫാനും ഓഫ് ആകുന്നതു മുട്ട വിരിയലിനെ ബാധിക്കുമെന്ന് വിജയരാജ് കണ്ടെത്തി. ബള്‍ബ് ഓഫായാലും ഇന്‍ക്യുബേറ്ററിനുള്ളില്‍ എല്ലായിടത്തും ചൂട് എത്തിക്കുന്ന രീതിയില്‍ ഫാന്‍ കറങ്ങിക്കൊണ്ടിരിക്കാനുള്ള സംവിധാനവും സ്വന്തം ഇന്‍ക്യുബേറ്ററിനുള്ളില്‍ വിജയരാജ് ഒരുക്കി. കടയില്‍നിന്നു വാങ്ങുന്ന ഇന്‍ക്യുബേറ്ററിലെ ബള്‍ബ് രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഫ്യൂസായിപ്പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ വിജയരാജ് ബള്‍ബുകള്‍ സീരിയല്‍ രീതിയില്‍ ക്രമീകരിച്ച് പരിഹാരം കണ്ടു. 

ഇന്ന് കാടക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനൊപ്പം സ്വന്തം ഇന്‍ക്യുബേറ്ററുകളും വില്‍ക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. 225 കാടമുട്ട വിരിയിക്കാവുന്ന ഓട്ടോമാറ്റിക് ഇന്‍ക്യുബേറ്ററിന് 12,000 രൂപയും 15,000 കാടമുട്ട വിരിയിക്കാവുന്ന ഇന്‍ക്യുബേറ്ററിന് ഒന്നരലക്ഷം രൂപയുമാണ് വില. കൂടാതെ വാങ്ങുന്നവരുടെ നിദ്ദേശമനുസരിച്ചുള്ള വലിപ്പത്തിലും ഇന്‍ക്യുബേറ്റര്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഒരു മാസം ഒരുലക്ഷം രൂപ വരെ കൃഷിയിനത്തില്‍ ചെലവു വരുന്നുണ്ട്. ഏഴുസെന്റില്‍ ഏഴ് ഷെഡ്ഡുകളിലായി അയ്യായിരത്തിലധികം കാടക്കോഴികളുണ്ട്. കാടക്കൃഷിയിലെ വരുമാനത്തില്‍നിന്ന് കടം മുഴുവന്‍ വീട്ടിയ വിജയരാജ് ഇപ്പോള്‍ കാടക്കൃഷി വിപുലീകരിക്കാനും 50 സെന്റ് സ്ഥലം കൂടി വാങ്ങിക്കഴിഞ്ഞു. ഇതാണ് വിജയ്‌രാജിന്റെ വിജയമന്ത്രം. കണ്ടുപിടുത്തങ്ങള്‍ക്ക് വിദ്യാഭ്യാസം ഒരു പരിമിതിയല്ല എന്നു തെളിയിക്കുന്നു വിജയ്‌രാജ്.
Phone Number: 9946307052

Share your comments