1. News

കിഴങ്ങുകളുടെ കേദാരഭൂമിയായി ഷാജിയുടെ കൃഷിയിടം

കൃഷിയിടത്തിലും വനങ്ങളിലും അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന നൂറിലധികം കിഴങ്ങു വര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കര്‍ഷകനാണ് വയനാട് മാനന്തവാടിയിലുള്ള ആറാട്ട്തറ ഇളപ്പുപാറ എന്‍.എം. ഷാജി. കബനി നദിക്കരയില്‍ സ്വന്തം ഭൂമിയും, പാട്ടത്തിനെടുത്ത ഭൂമിയും ഇന്ന് കിഴങ്ങുകളുടെ കേദാരഭൂമിയായി ഷാജി മാറ്റിയെടുത്തു. പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും കഠിനാദ്ധ്വാനത്തിനും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ബഹുമതിയും ഷാജിയെ തേടിയെത്തി.

KJ Staff
കൃഷിയിടത്തിലും വനങ്ങളിലും അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന നൂറിലധികം കിഴങ്ങു വര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കര്‍ഷകനാണ് വയനാട് മാനന്തവാടിയിലുള്ള ആറാട്ട്തറ ഇളപ്പുപാറ എന്‍.എം. ഷാജി.  കബനി നദിക്കരയില്‍ സ്വന്തം ഭൂമിയും, പാട്ടത്തിനെടുത്ത ഭൂമിയും ഇന്ന് കിഴങ്ങുകളുടെ കേദാരഭൂമിയായി ഷാജി മാറ്റിയെടുത്തു. പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും കഠിനാദ്ധ്വാനത്തിനും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ  ബഹുമതിയും ഷാജിയെ തേടിയെത്തി.

ഒരു സെന്റ് സ്ഥലവും ഒരു മനസ്സും ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷിയില്‍ നിന്ന് നൂറ് മേനി വിളയിക്കാം.  ഇതാണ് ഷാജിയുടെ ആപ്തവാക്യവും വരും തലമുറക്കുള്ള പാഠവും.  വയനാട്ടിലെ ഭൂരിഭാഗം കര്‍ഷകരേയും പോലെ ഷാജിയും ഒരു കുടിയേറ്റ കര്‍ഷകനാണ്.  കാപ്പിയും, കുരുമുളകും നന്നായി വിളയുന്ന ഷാജിയുടെ കൃഷിയിടം ജൈവ സമ്പുഷ്ടമാണ്.  ആട്, കോഴി, പശു എന്നിവയെ വളര്‍ത്തി ആദായവും, വളവും ഒരുപോലെ ഷാജിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു.  രാസവളങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണില്‍ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെ എങ്കിലും ലഭിക്കാതിരിക്കില്ല.  ഈ മണ്ണിരകള്‍ തന്നെയാണ് തന്റെ കാര്‍ഷിക വിളകളുടെ ജീവവായുവും നിലനില്‍പ്പുമെന്ന് ഷാജി പറയുന്നു. 

കപ്പ 8 ഇനം, ചേമ്പ് 24 ഇനം, 6 ഇനം ചേന എന്നിവയും, 30 ല്‍ അധികം വ്യത്യസ്ത കാച്ചില്‍ ഇനങ്ങളുമാണ് കേദാരം”എന്ന് ഷാജി വിളിപ്പേരിട്ടിരിക്കുന്ന കിഴങ്ങുവിള സംരക്ഷണകേന്ദ്രത്തിലുള്ളത്. നീണ്ടിക്കാച്ചില്‍, കിന്റല്‍ കാച്ചില്‍, ഇറച്ചിക്കാച്ചില്‍, നീലക്കാച്ചില്‍, ചോരക്കാച്ചില്‍, കരിക്കാച്ചില്‍, കുറ്റിക്കാച്ചില്‍, തൂങ്ങന്‍ കാച്ചില്‍, ഗന്ധകശാലക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, ഉണ്ടക്കാച്ചില്‍, മൊരട്ട്കാച്ചില്‍, വെള്ളക്കാച്ചില്‍, മാട്ട്കാച്ചില്‍, കടുവാക്കയ്യന്‍, പരിശക്കോടന്‍ തുടങ്ങിയ കാച്ചില്‍ ഇനങ്ങളാണ് കേദാര”ഭൂമിയില്‍ വര്‍ഷങ്ങളായി സംരക്ഷിച്ചു പോരുന്നത്.


ആദിവാസികള്‍ തങ്ങളുടെ പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നതും വനത്തില്‍നിന്ന് ശേഖരിക്കുന്നതുമായി അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവ അപൂര്‍വ്വമായി ലഭിക്കുന്ന ഒരിടമാണ് ഇന്ന് കേദാരം.  പല്ലുകളുടെയും, എല്ലുകളുടെയും ബലത്തിന് ഉത്തമ ഔഷധമായാണ് ആദിവാസികള്‍ അരിക്കിഴങ്ങ് ഉപയോഗിക്കുന്നത്.  പൊതുവേ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നവയാണ് കിഴങ്ങുകള്‍. ശ്വാസം മുട്ടലിന് ചികിത്സക്കായി ആദിവാസികള്‍ ഉപയോഗിക്കുന്ന കോതകിഴങ്ങും, ഇരുള വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ വനത്തില്‍ നിന്നും ശേഖരിച്ചുപയോഗിച്ചിരുന്ന നോപ്പന്‍ കിഴങ്ങും ഇന്ന് ഷാജിയുടെ കൈവശമുണ്ട്.  അടപൊതിയന്‍ കിഴങ്ങും, അപൂര്‍വ്വ ഇനമാണ്.  ച്യവനപ്രാശത്തില്‍ ഉപയോഗിക്കുന്ന ചെങ്ങഴനീര്‍ കിഴങ്ങാണ് മറ്റൊരു അപൂര്‍വ്വ ഇനം. 

നീല കൂവ, കരിമഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഷുഗറിന് ചികിത്സക്കായി ഉപയോഗിക്കുന്ന വീയറ്റ്‌നാം പാവല്‍, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങഇഞ്ചി തുടങ്ങിയവയുടെ വിത്തും, വിളവും പുരയിടത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ഷാജി പരിപാലിച്ചു പോരുന്നു.

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കി കൃത്രിമമായി ഉണ്ടാക്കിയ കുളത്തില്‍ മത്സ്യ കൃഷിയും നടത്തി വരുന്നു. ചെമ്പല്ലി, കട്‌ല, കരിമീന്‍, ഗ്രാസ്‌കാര്‍പ്പ്, ഗ്രോവ് തുടങ്ങിയ മത്സ്യ ഇനങ്ങളെ ജൈവരീതിയില്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ വിഷമയമില്ലാത്ത മത്സ്യം വര്‍ഷം മുഴുവന്‍ ലഭിക്കുന്നു.  മത്സ്യത്തിന്റെ കാഷ്ടമടങ്ങിയ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ തോട്ടം നനക്കുന്നതിനാല്‍ സസ്യങ്ങള്‍ക്കും, ചെടികള്‍ക്കും വളര്‍ച്ചയും, പുഷ്ടിമയും ലഭിക്കുന്നു.

തോട്ടത്തില്‍ തന്നെ തേനീച്ച വളര്‍ത്തലുമുണ്ട്.  ഞൊടിയന്‍ ഇനത്തില്‍പ്പെട്ട തേനീച്ചയും ചെറുതേന്‍ ഈച്ചകളും പെട്ടിയില്‍ തന്നെയാണ് വളരുന്നത്. ആവശ്യത്തിലധികം തേന്‍ ലഭിക്കുകയും, തേനീച്ചകള്‍ തോട്ടത്തില്‍ സജീവമായതിനാല്‍ പരാഗണം സുഗമമായി നടക്കുകയും ചെയ്യുന്നു.  മഴക്കാലത്ത് കൃത്രിമമായി തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനു പകരം അവസാന കാലത്ത് തേന്‍ ശേഖരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്.

ചേമ്പുകളുടെ ഇനത്തില്‍ ചൊറിയന്‍ ചേമ്പ്, വെട്ട് ചേമ്പ്, കുഴിനിറയന്‍ ചേമ്പ്, വെളിയന്‍ ചേമ്പ്, കുടവാഴ ചേമ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. നാടന്‍ കോഴിയും, കരിങ്കോഴിയും കൃഷിയിടം മുഴുവന്‍ നടന്ന് കാഷ്ടിക്കുന്നതിനാല്‍ മണ്ണിന്റെ ജൈവികത എന്നും നിലനില്‍ക്കുന്നു.  സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധി പേരാണ് ഷാജിയുടെ കൃഷിയിടത്തെക്കുറിച്ച് പഠിക്കാന്‍ ദിവസേന എത്തുന്നത്.  അത്തരത്തിലൊരു സംഘം ഷാജിയെക്കുറിച്ച് കേട്ടറിഞ്ഞ് ഡോ: എല്‍സിയുടെ നേതൃത്വത്തില്‍ 2013 ല്‍ മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് എത്തി രണ്ട് ദിവസം മാനന്തവാടിയില്‍ താമസിച്ച് സസൂക്ഷ്മം ഇവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര കൃഷിക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.  പിന്നീട് ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇവിടെ താമസിച്ച് പഠനം നടത്തി.  ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തില്‍ നിന്നും പഠനസംഘം എത്തി.  ഇവരെല്ലാം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2016 ലെ കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് അങ്ങനെ ഷാജിയെ തേടിയെത്തി. ഒന്നരലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

മാതാപിതാക്കളായ ഇളപ്പുപാറ ജോസും, മേരിയും, ഭാര്യ ജിജിയും സദാസമയവും ഷാജിയോടൊപ്പം കൃഷിയിടത്തില്‍ ഉണ്ട്. മക്കളായ ഇമ്മാനുവേലും, ആന്‍മരിയയും എല്ലാം കണ്ടു പഠിക്കുന്നു.
പുതിയ വിത്ത് ശേഖരിക്കുകയും, സംരക്ഷിക്കുകയും, കൃഷി ചെയ്ത് തിരിച്ചേല്‍പ്പിണമെന്ന കരാറോടെ മറ്റ് കര്‍ഷകര്‍ക്ക് വിത്ത് നല്‍കിയും ഷാജി കിഴങ്ങുകളുടെ സംരക്ഷകനും, പാലകനുമായി കഠിനാധ്വാനം ചെയ്യുന്നു. തന്റെ ശ്രമങ്ങള്‍ വരും തലമുറക്ക് വേണ്ടിയുള്ള കരുതലാണെന്നാണ് ഷാജിയുടെ വാദം. അത് അങ്ങനെതന്നെയാണ് താനും. പാലിയേറ്റീവ് കെയറിന്റെയും, മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സന്നദ്ധപ്രവര്‍ത്തകന്‍ കൂടിയാണ് ഷാജി.  ബ്ലഡ് ബാങ്കിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: സി.വി.ഷിബു
English Summary: tuberous root

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds